ടെക് ഭീമന്മാർ മാന്ദ്യത്തിന്റെ ക്ഷീണത്തിൽ; ജീവനക്കാരുടെ ചങ്കിടിപ്പ് കൂട്ടി കൂട്ടപ്പിരിച്ചുവിടൽ തുടരുന്നു; 12,000 പേരെ പിരിച്ചുവിടുമെന്ന് പ്രഖ്യാപിച്ച് ഗൂഗിളിന്റെ മാതൃകമ്പനിയായ ആൽഫബറ്റ്; സുന്ദർ പിച്ചൈയുടെ അറിയിപ്പ് വന്നത് ഗൂഗിളിന്റെ എതിരാളിയായ മൈക്രോസോഫ്റ്റ് 10,000 പേരെ പിരിച്ചുവിടുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ
- Share
- Tweet
- Telegram
- LinkedIniiiii
വാഷിങ്ടൺ: ടെക് മേഖലയ്ക്ക് വീണ്ടും തിരിച്ചടിയായി കൂട്ടപ്പിരിച്ചുവിടൽ. ഗൂഗിളിന്റെ മാതൃകമ്പനിയായ ആൽഫബറ്റ് 12,000 പേരെ പിരിച്ചുവിടുന്നു. കമ്പനിയുടെ ജീവനക്കാരിൽ ആറ് ശതമാനത്തെയാണ് വെട്ടിക്കുറയ്ക്കുന്നത്. ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സുന്ദർ പിച്ചൈ പുറത്തിറക്കിയ സ്റ്റാഫ് മെമോയെ കുറിച്ച് റോയിട്ടേഴ്സ് ആണ് റിപ്പോർട്ട് ചെയ്തത്.
10,000 പേരെ പിരിച്ചുവിടുമെന്ന് എതിരാളിയായ മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ച് ദിവസങ്ങൾക്കുള്ളിലാണ് ഗൂഗിളിന്റെ പ്രഖ്യാപനം. ആഗോള ടെക്ഭീമന്മാരായ ആമസോണും, മെറ്റായും കഴിഞ്ഞ ഏതാനും മാസങ്ങളിൽ കൂട്ടപ്പിരിച്ചുവിടൽ പ്രഖ്യാപിച്ചിരുന്നു.
2023, സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിന്റെ അവസാനത്തോടെ 10,000 ജീവനക്കാരെ പിരിച്ചുവിടുമെന്ന് മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചിരുന്നു. സാമ്പത്തിക പ്രതിസന്ധി മുൻനിറുത്തിയാണ് ആകെ ജീവനക്കാരിൽ 5 ശതമാനത്തോളം പേരെ പിരിച്ചുവിടാൻ തീരുമാനം. നിലവിൽ 2,21,000 ജീവനക്കാരാണ് കമ്പനിയിലുള്ളത്. പിരിച്ചുവിടൽ സംബന്ധിച്ച് ഒരു വിഭാഗം ജീവനക്കാർക്ക് അറിയിപ്പ് ലഭിച്ചുകഴിഞ്ഞു. പിരിച്ചുവിടുന്ന ജീവനക്കാർക്ക് ആനുകൂല്യങ്ങൾ ഉറപ്പാക്കുമെന്ന് സിഇഒ സത്യനാദല്ല അറിയിച്ചിരുന്നു. മൈക്രോസോഫ്റ്റ്് നിലവിൽ പേഴ്സണൽ കമ്പ്യൂട്ടർ വിപണിയിലെ മാന്ദ്യത്തെ നേരിടുകയാണ്. കോവിഡിന് ശേഷം വിൻഡോസിനും അനുബന്ധ സോഫ്റ്റ് വെയറുകൾക്കും ഉള്ള ഡിമാൻഡ് കുറഞ്ഞിരിക്കുകയാണ്.
പിരിച്ചുവിട്ടവരുടെ കണക്കുകൾ
ആമസോൺ: 18,000
ആൽഫബറ്റ്-12,000
മെറ്റ-11,000
മൈക്രോസോഫ്റ്റ്-10,000
സെയിൽസ്ഫോഴ്സ്-8000
എച്ച്പി-6000
ട്വിറ്റർ-3700
സീഗേറ്റ്-3000
ആഗോള തലത്തിലാണ് പിരിച്ചുവിടലെങ്കിലും, പെട്ടെന്ന് ബാധിക്കുക, അമേരിക്കയിലെ ഗൂഗിൾ ജീവനക്കാരെയായിരിക്കും. നിയമന-കോർപറേറ്റ് കാര്യങ്ങൾ നോക്കുന്ന ടീമുകളെയും, ചില എഞ്ചിനീയറിങ്, ഉൽപ്പന്ന വിഭാഗങ്ങളിൽ പെട്ട ടീമുകളെയും തൊഴിൽ നഷ്ടം ബാധിക്കും. ഒക്ടോബറിൽ കമ്പനിയുടെ വരവും വരുമാനവും പ്രതീക്ഷിച്ചതിനേക്കാൾ കുറഞ്ഞിരുന്നു. ലാഭം മുൻവർഷത്തെ അപേക്ഷിച്ച് 27 ശതമാനം താഴോട്ടുപോയി 13.9 ബില്യണായി ഇടിഞ്ഞിരുന്നു.
ചെലവുകൾ ചുരുക്കുക എന്ന നയം പിന്തുടരുമെന്നാണ് സുന്ദർ പിച്ചൈയുടെ പ്രഖ്യാപനം. പുതിയ തൊഴിലവസരങ്ങൾ പകുതിയിലേറെ കുറയും.2022 ൽ ഏറ്റവും അധികം തൊഴിൽ നഷ്ടം റിപ്പോർട്ട് ചെയ്തത് ടെക് മേഖലയിൽ ആയിരുന്നു-97,171.
സാമ്പത്തിക മാന്ദ്യത്തിന്റെ അനിശ്ചിതാവസ്ഥ ഉണ്ടെങ്കിലും, ഗൂഗിളും മൈക്രോസോഫ്റ്റും ജെനറേറ്റീവ്് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്് എന്ന ഭാവി വാഗ്ദാനമായ സോഫ്റ്റ് വെയർ വികസന മേഖലയിൽ കൂടുതൽ നിക്ഷേപം ഇറക്കിയിരിക്കുകയാണ്. അതുകൊണ്ട് തന്നെ സുന്ദർ പിച്ചൈ തന്റെ കുറിപ്പിൽ ഇങ്ങനെ എഴുതി: ' നമ്മുടെ ദൗത്യത്തിന്റെ കരുത്തുകൊണ്ട് തന്നെ നമുക്ക് മുന്നിലുള്ള വമ്പൻ അവസരത്തെ കുറിച്ച് എനിക്ക് ആത്മവിശ്വാസം ഉണ്ട്. നമ്മുടെ ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും മൂല്യത്തിലും, ആർട്ടിഫിഷ്യൽ ഇന്റലിജൻസിലെ മുൻകാല നിക്ഷേപത്തിലും ആത്മവിശ്വാസം ഉണ്ട്:.
മറുനാടന് മലയാളി ബ്യൂറോ