കർണാടകയിൽ 300 ഏക്കറിൽ ഐ ഫോണിന്റെ പുതിയ ഫാക്ടറി; തയ്വാൻ കമ്പനിയായ ഫാക്സ്കോൺ നിക്ഷേപിക്കുക 700 മില്യൻ ഡോളർ; ഇലക്ട്രിക് വാഹനങ്ങളുടെ ഭാഗങ്ങളും നിർമ്മിക്കും; ഒരു ലക്ഷം പേർക്ക് തൊഴിൽ ലഭിക്കുമെന്ന് കർണാടക സർക്കാർ
- Share
- Tweet
- Telegram
- LinkedIniiiii
ബെംഗളൂരു: കർണാടകയിൽ മുന്നൂറ് ഏക്കറിൽ ഫോക്സ്കോൺ ഐഫോൺ നിർമ്മാണ കമ്പനി ആരംഭിക്കും. ബംഗളൂരു വിമാനത്താവളത്തിന് സമീപമാണ് ഭൂമി അനുവദിച്ചിരിക്കുന്നത്. കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ, കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ എന്നിവരാണ് ഇക്കാര്യം അറിയിച്ചത്. ഒരു ലക്ഷം പേർക്ക് തൊഴിൽ നൽകാനാകുമെന്നും അവർ വ്യക്തമാക്കി.
ആപ്പിൾ ഐ ഫോണിന്റെ പ്രധാന നിർമ്മാതാക്കളായ ഫാക്സ്കോൺ ആണ് ബെംഗളൂരുവിന് സമീപത്തായി ആപ്പിൾ ഫോൺ നിർമ്മാണ യൂണിറ്റ് സ്ഥാപിക്കുന്നത്. തയ്വാൻ കമ്പനിയായ ഫാക്സ്കോൺ 700 മില്യൻ ഡോളറാണ് ബെംഗളൂരുവിൽ നിക്ഷേപിക്കാൻ ഒരുങ്ങുന്നത്. ഫാക്സ്കോൺ പുതുതായി ആരംഭിക്കാൻ പോകുന്ന ഇലക്ട്രിക് വാഹനങ്ങളുടെ ഭാഗങ്ങളും ഇവിടെ നിർമ്മിക്കും.
ഫാക്സ്കോൺ ചെയർമാൻ യങ് ലിയുവും 17 പേരടങ്ങുന്ന സംഘവും ബെംഗളൂരു വിമാനത്താവളത്തിനു സമീപമുള്ള സ്ഥലം സന്ദർശിച്ചു. രാജ്യാന്തര കമ്പനികളെ നിക്ഷേപം നടത്താൻ ബെംഗളൂരു ആകർഷിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും സംഘം ഡൽഹിയിൽ കൂടിക്കാഴ്ച നടത്തും.
ഫാക്സ്കോൺ ഇന്ത്യയിൽ നടത്തുന്ന രണ്ടാമത്തെ ഏറ്റവും വലിയ നിക്ഷേപമാണിത്. തമിഴ്നാട്ടിലാണ് കമ്പനി വലിയ നിക്ഷേപം നടത്തുന്നത്. ചൈനയും യുഎസും തമ്മിൽ പ്രശ്നം രൂക്ഷമായതോടെയാണ് പല കമ്പനികളും ഇന്ത്യയിൽ നിക്ഷേപം നടത്താൻ താൽപര്യപ്പെടുന്നത്. ചൈനയിലെ സെൻസുവിലെ ഫാക്സ്കോൺ ഫാക്ടറിയിൽ മാത്രം 2 ലക്ഷം ജീവനക്കാരാണുള്ളത്. ഇലക്ട്രോണിക് വസ്തുക്കളുടെ ലോകത്തിലെ ഏറ്റവും വലിയ നിർമ്മാതാക്കളാണ് ഫാക്സ്കോൺ.
മറുനാടന് മലയാളി ബ്യൂറോ