ന്യൂഡൽഹി: പഴയത് പോലെയല്ല കാര്യങ്ങൾ. എല്ലാവരും അറിയട്ടെ നമ്മളും നന്നായെന്ന്. കുറച്ചുവർഷം മുമ്പ് വരെ ഇന്ത്യയിൽ ബിസിനസ് ചെയ്യുക എന്നുപറഞ്ഞാൽ പലർക്കും ആലോചിക്കാനേ വയ്യായിരുന്നു. എന്തൊക്കെ നൂലാമാലകൾ. കുരുക്കുകൾ ഓരോന്നായി അഴിക്കാൻ മോദി സർക്കാർ കൊണ്ടുവന്ന പരിഷ്‌കാരങ്ങളും എത്രയോ. എക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റിന്റെ പുതിയ റിപ്പോർട്ട് പുറത്തുവന്നപ്പോൾ ഇന്ത്യാക്കാർക്ക് അഭിമാനിക്കാൻ വകയുണ്ട്. ഇന്ത്യയിൽ ബിസിനസ് ചെയ്യാൻ കൂടുതൽ എളുപ്പമായിരിക്കുന്നു. ബിസിനസ് സൗഹൃദ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ആറ് പടി മുകളിലോട്ട് കയറിയിരിക്കുന്നു. 2018-22 ൽ ഇന്ത്യക്ക് 14 ാം റാങ്ക് ആയിരുന്നെങ്കിൽ, 2022-23 ൽ 10ാം റാങ്കിലേക്ക് കയറ്റം കിട്ടിയിരിക്കുന്നു.

എന്താണ് ഈ പുരോഗതിക്ക് പിന്നിൽ?

സാങ്കേതിക മേഖലയിലെ മിടുക്ക്, അടിസ്ഥാന സൗകര്യ വികസനം, വിദേശ വാണിജ്യത്തിലെ മുന്നേറ്റം എന്നിവയാണ് ഇന്ത്യയുടെ സ്‌കോർ മെച്ചപ്പെടുത്തിയത്. രാജ്യത്തെ വിപുലമായ ആഭ്യന്തര വിപണിയുടെ വളർച്ച സൃഷ്ടിച്ച അവസരങ്ങളാണ് ഇന്ത്യയുടെ സ്‌കോർ കൂട്ടുന്നതിൽ ഏറ്റവും നിർണായകമായത്. യുഎസും, ചൈനയും തമ്മിലുള്ള രാഷ്ട്രീയ സംഘർഷത്തെ തുടർന്നുള്ള ആഗോള സംഭവ വികാസങ്ങളും ഇന്ത്യക്ക് നേട്ടമായി.

സ്വാധീനിച്ച ഘടകങ്ങൾ

റിപ്പോർട്ട് പ്രകാരം, കഴിഞ്ഞ ഒരു പതിറ്റാണ്ടായി ആഗോള നിർമ്മാണ വിതരണ ശൃംഖലകൾക്ക് ചാഞ്ചാട്ടത്തിന്റെ കാലഘട്ടമായിരുന്നു. വിശേഷിച്ചും, യുഎസ്-ചൈന സംഘർഷം, കോവിഡ് മഹാമാരി, റഷ്യ-യുക്രെയിൻ യുദ്ധം ഇതെല്ലാം നിർമ്മാണ വിതരണ രംഗത്ത് കാതലായ മാറ്റങ്ങൾ വരുത്തി. ലോകത്തിന്റെ ഫാക്ടറി എന്നറിയപ്പെടുന്ന ചൈനയുടെ മേലുള്ള ആശ്രിതത്വം കുറയ്ക്കാൻ പല കമ്പനികളും തീരുമാനിച്ചു. ബഹുവിധ വിപണികളെ ആശ്രയിച്ചുള്ള ഉത്പാദന-വിതരണ ശൃംഖലയ്ക്കായി പരിഗണനകൾ വന്നു.

ചൈനയോട് നിക്ഷേപകർക്ക് അകൽച്ച

സാമ്പത്തിക നയത്തിൽ ചൈന കൊണ്ടുവന്ന നിയന്ത്രണങ്ങളും, പ്രാദേശിക നിർമ്മാണ ചെലവുകൾ കൂടിയതും അന്താരാഷ്ട്ര നിക്ഷപകരെ അകറ്റി. എക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റിന്റെ സർവേ പ്രകാരം ചൈനയ്ക്കാണ് ഏറ്റവും വലിയ നഷ്ടം. ഒരുവർഷം മുമ്പത്തെ അപേക്ഷിച്ച് 11 റാങ്ക് താഴോട്ടിടിഞ്ഞു.

ഇന്ത്യക്ക് നേട്ടമായത്

കരുത്തുറ്റ, സ്ഥിരതയ്യാർന്ന സമ്പദ് വ്യവസ്ഥയും, വിപുലമായ തൊഴിൽ ശക്തിയും നിക്ഷപകരെ ഇന്ത്യയിലേക്ക് ആകർഷിക്കുന്നു. മാത്രമല്ല, മോദി സർക്കാരിന്റെ നയപരിഷ്‌കരണങ്ങൾ ഇന്ത്യയിൽ ബിസിനസ് ചെയ്യുക കൂടുതൽ എളുപ്പമാക്കി. അടിസ്ഥാന സൗകര്യവികസനം, നികുതി സമ്പ്രദായം, വാണിജ്യ നിയന്ത്രണം ഇതിലെല്ലാം കാര്യമായ പുരോഗതി ഉണ്ടാകുമെന്നും, അത് നിക്ഷേപത്തിന്റെ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുമെന്നും റിപ്പോർട്ടിൽ പ്രതീക്ഷ പ്രകടിപ്പിക്കുന്നു. ഇന്ത്യക്ക് അനുകൂലമായ മറ്റൊരു സംഗതി യുവ തൊഴിൽ ശക്തിയുടെ സാന്നിധ്യമാണ്.

എക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റ് 82 രാജ്യങ്ങളിലെ ബിസിനസ് സാഹചര്യങ്ങളെ കുറിച്ച് ത്രൈമാസ കണക്കെടുപ്പ് നടത്തിവരുന്നു. റിപ്പോർട്ട് പ്രകാരം, മികച്ച ബിസനസ് സൗഹൃദ രാജ്യങ്ങളിൽ ഒന്നാം റാങ്ക് സിംഗപ്പൂരിനാണ്. 15 വർഷമായി ഒന്നാം സ്ഥാനത്താണ് ആ രാജ്യം. കാനഡ, ഡെന്മാർക്ക് എന്നീ രാജ്യങ്ങൾക്ക് സംയുക്ത രണ്ടാം സഥാനം. യുഎസ്, സ്വിറ്റ്‌സർലണ്ട് എന്നിവ നാലും അഞ്ചും സ്ഥാനങ്ങളിൽ. ഇന്ത്യ, വിയറ്റ്‌നാം, തായ്‌ലൻഡ്, ബെൽജിയം, സ്വീഡൻ, കോസ്റ്ററിക്ക എന്നീ രാജ്യങ്ങൾ ബിസിനസ് സാഹചര്യങ്ങളിൽ വലിയ മെച്ചം കൈവരിച്ചപ്പോൾ, ചൈന, ബഹ്‌റിൻ, ചിലി, സ്ലോവാക്യ എന്നിവ തീർത്തു മോശമായെന്നും റിപ്പോർട്ടിൽ പറയുന്നു.

എന്നാൽ, നേട്ടം പറയുമ്പോൾ കോട്ടവും പറയണമല്ലോ. ചൈനയെ അപേക്ഷിച്ച് ഇന്ത്യയുടെ തൊഴിൽ ശക്തി ഇപ്പോഴും ചെറുതാണ്. ജോലി ചെയ്യാൻ ശേഷിയുള്ള പ്രായക്കാരുടെ എണ്ണത്തിൽ മുന്നിലാണെങ്കിലും, കുറഞ്ഞ പങ്കാളിത്തം പ്രശ്‌നമായി തുടരുന്നു. സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം കുറവായത് റിപ്പോർട്ടിൽ എടുത്തുപറയുകയും ചെയ്യുന്നു.