ടെക്‌സസ്: ഇന്ത്യൻ വംശജനായ വൈഭവ് തനേജ ഇലോൺ മസ്‌കിന്റെ ടെസ്ലയുടെ പുതിയ ചീഫ് ഫിനാൻഷ്യൽ ഓഫീസറായി നിയമിതനായി. മുൻ സിഎഫ്ഒ സഖരി കിർഖോൺ സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ് വൈഭവിന്റെ നിയമനമെന്ന് കമ്പനി അറിയിച്ചു.

അമേരിക്ക കേന്ദ്രമായ ഇലട്രിക് കാർ കമ്പനിയിൽ, നിലവിൽ ചീഫ് അക്കൗണ്ടിങ് ഓഫീസറാണ് വൈഭവ് തനേജ(45).സഖരി കിർഖോണായിരുന്നു കഴിഞ്ഞ നാലുവർഷമായി ടെസ്ലയുടെ സിഎഫ്ഒ. 13 വർഷം തങ്ങൾക്കൊപ്പം ജോലി ചെയ്ത് കിർഖോണിന്റെ കാലഘട്ടം വികസനത്തിന്റെയും വളർച്ചയുടേതും ആയിരുന്നുവെന്ന് കമ്പനി പറഞ്ഞു. നേരത്തെ ചീഫ് ഫിനാൻഷ്യൽ ഓഫീസറായിരുന്ന സഖരി കിർഖോൺ ഓഗസ്റ്റ് നാലാം തീയ്യതി സ്ഥാനമൊഴിഞ്ഞിരുന്നു.

തനേജയ്ക്ക് നിലവിലുള്ള ചുമതലയ്ക്ക് ഒപ്പം സിഎഫ്ഒയുടെ അധിക ചുമതല കൂടി അദ്ദേഹത്തിന് നൽകുകയായണെന്ന് കഴിഞ്ഞ ദിവസം സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് കമ്മീഷന് കമ്പനി നൽകിയ പ്രസ്താവനയിൽ പറയുന്നു.അക്കൗണ്ടിങ് രംഗത്ത് രണ്ടുപതിറ്റാണ്ടിലേറെ കാലത്തെ പരിചയമുള്ള തനേജ ടെക്‌നോളജി, ഫിനാൻസ്, റീടെയിൽ, ടെലികമ്യൂണിക്കേഷൻസ്, രംഗത്തെ വിവിധ ബഹുരാഷ്ട്ര കമ്പനികളിൽ ജോലി ചെയ്തിട്ടുണ്ട്.

2019 മാർച്ച് മുതൽ ടെസ്ലയുടെ ചീഫ് അക്കൗണ്ടിങ് ഓഫീസറാണ് വൈഭവ് തനേജ. 2018 മെയ് മുതൽ കോർപറേറ്റ് കൺട്രോളറും. 2017 ഫെബ്രുവരിക്കും, 2018 മെയ് മാസത്തിനും ഇടയിൽ അസിസ്റ്റന്റ് കോർപറേറ്റ് കൺട്രോളറായും ജോലി ചെയ്തു. അതിന് മുമ്പ് സോളാർ സിറ്റി കോർപറേഷൻ, പ്രൈസ്‌വാട്ടർകൂപ്പേഴ്‌സ് തുടങ്ങിയ കമ്പനികളിൽ വിവിധ ഫിനാൻസ് - അക്കൗണ്ടിങ് പദവികൾ വഹിച്ചിട്ടുണ്ട്. 2000 ബാച്ചിലെ ചാർട്ടേഡ് അക്കൗണ്ടന്റാണ്.

ഡൽഹി സർവകലാശാലയിൽ നിന്നാണ് തനേജ തന്റെ ബിരുദം നേടിയത്. 2000 ത്തിൽ ചാർട്ടേഡ് അക്കൗണ്ടന്റായി. 2006 ൽ സർട്ടിഫൈജ് പബ്ലിക് അക്കൗണ്ടന്റായി.

ടെസ്ല ഇന്ത്യയിലേക്ക്

ടെസ്ലയുടെ ഇന്ത്യയിലേക്കുള്ള വരവ് ഉടനുണ്ടാകുമെന്ന സൂചന വരുന്നതിനിടെയാണ് വൈഭവ് തനേജയുടെ നിയമനം. പൂണെയിലെ പഞ്ച്ശീൽ ബിസിനസ് പാർക്കിൽ ടെസ്ല ഓഫീസ് സ്പെയ്സ് വാടകയ്ക്കെടുത്തു. ടെസ്ലയുടെ ഇന്ത്യൻ സബ്സിഡിയറിയായ ടെസ്ല ഇന്ത്യ മോട്ടോർ ആൻഡ് എനർജി പ്രൈവറ്റ് ലിമിറ്റഡ് ടേബിൾസ്പേസ് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡുമായി അഞ്ച് വർഷത്തെ വാടക കരാർ ഒപ്പുവച്ചു. ഓഫീസ് കെട്ടിടം ഒക്ടോബർ ഒന്നിന് പ്രവർത്തമാരംഭിക്കും.

ഇന്ത്യയിൽ ഇലക്ട്രിക് ബാറ്ററി പ്ലാന്റുകൾ സ്ഥാപിക്കാൻ ആഭ്യന്തര, അന്താരാഷ്ട്ര നിർമ്മാതാക്കളെ പ്രോത്സാഹിപ്പിക്കുക എന്നതാണ് കേന്ദ്രസർക്കാരിന്റെ പുതിയ നയം. ഇന്ത്യൻ വാഹന വിപണിക്ക് യോജിച്ച വിധം ഏകദേശം 20 ലക്ഷം രൂപ വില വരുന്ന കാർ ഇന്ത്യയിൽ നിർമ്മിക്കാനാണ് ടെസ്ല ലക്ഷ്യമിടുന്നത്. ഇന്ത്യയിൽ കാർ നിർമ്മാണ ഫാക്ടറി തുടങ്ങുന്നതിനു മുന്നോടിയായി കേന്ദ്ര വ്യവസായ മന്ത്രി പീയൂഷ് ഗോയലുമായി ടെസ്ല അധികൃതർ കഴിഞ്ഞയാഴ്ച ചർച്ച നടത്തിയിരുന്നു. കഴിഞ്ഞ ജൂണിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ടെസ്ല മേധാവി ഇലോൺ മസ്‌കും കൂടിക്കാഴ്ച നടത്തിയിരുന്നു. ലാഭത്തേക്കാളേറെ വിൽപ്പനയ്ക്ക് ടെസ്ല ഊന്നൽ നൽകുന്ന സമയത്താണ് സിഎഫ്ഒ ആയി തനേജയുടെ വരവ്. ഈ വർഷം ഇറക്കിയ നിരവധി കാർ മോഡലുകൾക്ക് ടെസ്ല വില കുറച്ചുകഴിഞ്ഞു.