കാറിന്റെ കാര്യത്തിലും കൊച്ചുകേരളം വേറെ ലെവലാണ്; രാജ്യത്തെ കാറുള്ള വീടുകളുടെ പട്ടികയിൽ കേരളത്തിന് രണ്ടാം സ്ഥാനം; വാഹന ഉടമകളുടെ കണക്കുകൾ പുറത്തുവിട്ട് മഹീന്ദ്ര ഗ്രൂപ്പ്
- Share
- Tweet
- Telegram
- LinkedIniiiii
മുംബൈ:ലോകരാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ വാഹന വിപണിയിൽ ലോകത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ശക്തിയാണ് ഇന്ത്യ.ഈ വസ്തുത തെളിയിക്കുന്നതാണ് കഴിഞ്ഞ ഏതാനും വർഷങ്ങൾക്കുള്ളിൽ രാജ്യത്ത് പ്രവർത്തനം ആരംഭിച്ചിട്ടുള്ള വൻകിട വാഹന നിർമ്മാതാക്കളുടെ കണക്കുകൾ.ഒരു വർഷത്തിൽ തന്നെ പല ശ്രേണികളിലായി ഒന്നിലധികം മോഡലുകളാണ് ഓരോ വാഹന നിർമ്മാതാക്കളും ഇന്ത്യയിൽ അവതരിപ്പിക്കുന്നത്.ഇതിന്റെ പ്രതിഫലനമെന്നോണം ഇന്ത്യയിലെ വാഹന ഉടമകളുടെയും എണ്ണത്തിൽ ഗണ്യമായ വർദ്ധനവാണ് ഓരോ വർഷവും ഉണ്ടാവുന്നത്.
ഇപ്പോഴിതാ മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര കഴിഞ്ഞ ദിവസം പുറത്തുവിട്ട ചാർട്ട് അനുസരിച്ച് ഇന്ത്യയിലെ 7.5 ശതമാനം വീടുകളിലാണ് കാറുകൾ ഉള്ളത്.അതായത് 12 പേരെ എടുത്താൻ അതിൽ ഒരാൾക്ക് കാർ ഉണ്ടാകുമെന്നാണ് വിലയിരുത്തലുകൾ. 2019 മുതൽ 2021 വരെയുള്ള കാലഘട്ടത്തിലെ നാഷണൽ ഫാമിലി ഹെൽത്ത് സർവേയുടെ ഫലത്തിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം ഇക്കാര്യം സാമൂഹിക മാധ്യമങ്ങളിൽ പ്രസിദ്ധികരിച്ചിരിക്കുന്നത്.
ഇന്ത്യയിൽ ഏറ്റവുമധികം കാർ ഉടമകളുള്ളത് ഗോവയിലാണെന്നാണ് ഈ സർവേയിൽ പറയുന്നത്. ഇവിടെയുള്ള 45.2 ശതമാനം വീടുകളിലും കാറുകൾ ഉണ്ടെന്നാണ് റിപ്പോർട്ട്. വാഹനങ്ങളുള്ള വീടുകളുടെ പട്ടികയിൽ രണ്ടാം സ്ഥാനം കേരളത്തിനാണ്. 24.2 ശതമാനം വീടുകളിലും കാറുകൾ ഉണ്ടെന്നാണ് സർവേയിൽ പറയുന്നത്. ജമ്മു-കാശ്മീർ, ഹിമാചൽ പ്രദേശ്, പഞ്ചാബ്, അരുണാചൽ പ്രദേശ്, സിക്കിം, നാഗലാൻഡ് തുടങ്ങിയ സംസ്ഥാനങ്ങളിലും 20 ശതമാനത്തിൽ അധികം ആളുകൾ കാറുടമകളാണ്.
അഞ്ച് സംസ്ഥാനങ്ങളിൽ 10 ശതമാനത്തിനും 20 ശതമാനത്തിനും ഇടയിലാണ് കാറുടമകളുടെ എണ്ണം. മിസോറാമിൽ 15.5 ശതമാനവും, ഹരിയാനയിൽ 15.3 ശതമാനവും മേഘാലയ 12.9, ഉത്താരാഘണ്ഡ് 12.7 ശതമാനവും ഗുജറാത്തിൽ 10.9 ശതമാവും വീടുകളിലാണ് കാറുള്ളതെന്നാണ് ഈ സർവേയിൽ പറയുന്നത്. രാജസ്ഥാൻ, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ അഞ്ച് ശതമാനത്തിലും പത്ത് ശതമാനത്തിലും ഇടയിലാണ് കാറുടമകളുടെ എണ്ണം.
കാറുകളുടെ എണ്ണത്തിൽ ഏറ്റവും പിന്നിൽ നിൽക്കുന്നത് നാല് സംസ്ഥാനങ്ങളാണ്. ആന്ധ്രാപ്രദേശ്, പശ്ചിമബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ 2.8 ശതമാനം വീടുകളിൽ മാത്രമാണ് കാറുകളുള്ളതെങ്കിൽ ഒഡീഷയിൽ ഇത 2.7 ശതമാനവും ബീഹാറിൽ രണ്ട് ശതമാനവുമാണ്. ഈ ഗ്രാഫ് എന്നിൽ ഏറെ ആകാഷ ഉണ്ടാക്കിയെന്നും, നിങ്ങളുടെ നിഗമനമെന്താണെന്നുമുള്ള കുറിപ്പോടെയാണ് ആനന്ദ് മഹീന്ദ്ര നാഷണൽ ഫാമിലി ഹെൽത്ത് സർവേയുടെ ഗ്രാഫ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്.
മറുനാടന് മലയാളി ബ്യൂറോ