- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുവർണ്ണ ജൂബിലിയുടെ നിറവിൽ കോവളം ലീല റാവിസ്; വിദ്യാർത്ഥികൾക്ക് ഒരു കോടി രൂപയുടെ സ്‌കോളർഷിപ്പ് പ്രഖ്യാപിച്ച് ആർ.പി.ഗ്രൂപ്പ് ചെയർമാൻ ഡോക്ടർ രവി പിള്ള
തിരുവനന്തപുരം: കേരളത്തെയും കോവളത്തെയും ലോക ടൂറിസം ഭൂപടത്തിൽ അടയാളപ്പെടുത്തിയ കോവളത്തെ ലീലാ റാവിസ് ഹോട്ടൽ അൻപതിന്റെ നിറവിൽ. 1972 ൽ കേന്ദ്ര ടൂറിസം വകുപ്പിന് കീഴിൽ പ്രവർത്തനമാരംഭിച്ച ഹോട്ടൽ അശോകയാണ് ഇന്ന് ലീല റാവിസ് കോവളമായി തല ഉയർത്തി നിൽക്കുന്നത്. കോവളത്തെ ലോകത്തിലെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുന്നതിൽ തലസ്ഥാനത്തെ ആദ്യ സമുദ്രതീര പഞ്ചനക്ഷത്ര ഹോട്ടൽ വഹിച്ച പങ്ക് വലുതാണ്. ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾ ആണ് സുവർണ്ണ ജൂബിലിയോട് അനുബന്ധിച്ച് നിലവിൽ ഹോട്ടലിന്റെ ഉടമസ്ഥരായ ആർ പി ഗ്രൂപ്പ് ചെയർമാൻ രവി പിള്ള പ്രഖ്യാപിച്ചത്.
സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വിദ്യാർത്ഥികൾക്കായി ഒരു കോടി രൂപയുടെ ഉപരിപഠന സ്‌കോളർഷിപ്പ് നൽകും. കോവളത്ത് നിന്നുള്ള വിദ്യാർത്ഥികൾക്കാകും പ്രഥമ പരിഗണന. 1000 വ്യാർത്ഥികൾക്ക് 10000 രൂപ വീതമാണ് സ്‌കോളർഷിപ്പ്. ഇതിൽ 70 ശതമാനം പെൺകുട്ടികൾക്കായിരിക്കും.
കോവിഡിനു ശേഷം തിരിച്ചുവരവിന് ഒരുങ്ങുന്ന കേരളത്തിന്റെ ടൂറിസം വ്യവസായത്തിന് പുതിയ മാനം നൽകുന്ന പദ്ധതികൾ കോവളത്ത് നടപ്പിലാക്കുമെന്ന് ഡോക്ടർ രവി പിള്ള പറഞ്ഞു. അന്തർദേശീയ ദേശീയ പ്രാദേശിക തലത്തിൽ കോവളത്തിന്റെ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തുന്ന വിധത്തിലാകും ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികൾ. 2023ൽ സന്ദർശിക്കേണ്ട 50 സ്ഥലങ്ങളിൽ ന്യൂയോർക്ക് ടൈംസിന്റെ പട്ടികയിൽ കേരളവും ഇടം പിടിച്ചിട്ടുണ്ടെന്നും ഇത് സംസ്ഥാനത്തിന്റെ ടൂറിസം സാധ്യതകൾ പതിന്മടങ്ങ് വർധിപ്പിച്ചതായും അദ്ദേഹം ചൂണ്ടികാട്ടി. സംസ്ഥാനത്തും രാജ്യത്തും ഇന്ന് ഏറ്റവും അധികം തൊഴിൽ നൽകുന്ന മേഖലയായി ടൂറിസവും ഹോസ്പിറ്റാലിറ്റി ഗ്രൂപ്പും മാറി കഴിഞ്ഞു. ഇത് പ്രയോജനപ്പെടുത്താനുള്ള പദ്ധതികൾക്ക് സംസ്ഥാനം തുടക്കം കുറിച്ചിട്ടുമുണ്ടെന്നും അതിനെ സ്വാഗതം ചെയ്യുന്നുവെന്നും രവി പിള്ള പറഞ്ഞു.
സംസ്ഥാനത്തേക്ക് എത്തിപ്പെടാൻ വ്യോമ - റെയിൽ കണക്ടിവിറ്റിയും, സംസ്ഥാനത്തെത്തിയാൽ സഞ്ചരിക്കാൻ മികച്ച റോഡുകളുമുണ്ടെങ്കിൽ ആഭ്യന്തര വിദേശ ടൂറിസ്റ്റുകൾ കേരളത്തിലേക്ക് ഒഴുകും. രാജ്യത്തിനകത്തും പുറത്തും നമ്മൾ നല്ല രീതിയിൽ ടൂറിസം പ്രമോഷൻ നടത്തുന്നുണ്ട്. നമ്മുടെ നാടിനെ കുറിച്ച് ഇവർക്കൊക്കെ അറിയാം. എന്നാൽ എത്തിപെടാനുള്ള ബുദ്ധിമുട്ടാണ് പലരേയും അകറ്റി നിറുത്തുന്നത്. സംസ്ഥാനത്ത് റോഡ് വികസനം അതിവേഗം പുരോഗമിക്കുകയാണ്. ഒരു വർഷത്തിനുള്ളിൽ ഇത് പൂർണമാകും. ഇത് കേരളത്തിന്റെ ടൂറിസം മേഖലയ്ക്ക് വലിയ ഉണർവേകുമെന്നും അദ്ദേഹം പറഞ്ഞു. പരിസര ശുചിത്വത്തിലും മാലിന്യ സംസ്‌കരണത്തിലുമാണ് ഇനി ശ്രദ്ധ വേണ്ടത്. ഭരണകൂടവും ജനങ്ങളും കൈകോർത്താൽ മാത്രമേ ഇത് സാധ്യമാകൂ എന്ന് ആർ.പി.ഗ്രൂപ്പ് ചെയർമാൻ അറിയിച്ചു.
ലീല റാവിസിന്റെ ചരിത്രം
1959ൽ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ശ്രീ ജവഹർലാൽ നെഹ്‌റുവാണ് തീരദേശ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്ത്യയ്ക്ക് മികച്ച ഹോട്ടൽ വേണമെന്ന് നിർദ്ദേശം മുന്നോട്ടുവയ്ക്കുന്നത്. തുടർന്ന് ക്ലബ് മെഡിറ്ററേനിയൻ എന്ന കൺസൾട്ടൻസി ഗ്രൂപ്പാണ് കോവളത്തിന്റെ സാധ്യതകൾ തിരിച്ചറിഞ്ഞതും സർക്കാർ ഉടമസ്ഥതയിൽ ഇവിടെ ഹോട്ടൽ സ്ഥാപിക്കാൻ നിർദ്ദേശിച്ചതും. 1969ൽ ഇന്ത്യൻ ടൂറിസം ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ നേതൃത്വത്തിൽ വിഖ്യാത ആർക്കിടെക്റ്റ് ചാൾസ് കൊറിയയാണ് ഹോട്ടലിന്റെ നിർമ്മാണം ആരംഭിച്ചത്. ഒരു തെങ്ങിനേക്കാൾ ഉയരത്തിൽ ഹോട്ടൽ കെട്ടിടം ഉയരാൻ പാടില്ലെന്നായിരുന്നു ചാൾസ് കൊറിയയുടെ നിലപാട്. അങ്ങനെ ലോകത്തെ തന്നെ അപൂർവ്വമായ കെട്ടിട സമുച്ചയം കോവളത്ത് ഉയർന്നു. 1972 ഡിസംബർ 17ന് അന്ന് മുഖ്യമന്ത്രിയായിരുന്ന സി അച്യുതമേനോൻ കോവളത്തെ അശോക ഹോട്ടൽ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ചുരുങ്ങിയ നാളുകൾ കൊണ്ട് തന്നെ കോവളത്തെ സമുദ്രതീരത്തിന്റെ സൗന്ദര്യം ലോകം തിരിച്ചറിഞ്ഞു.
ജാക്വലിൻ കെന്നഡി, വിന്നി മണ്ഡേല, സർ പോൾ മകാർട്ടിനി, ജോൺ കെന്നത്, ഗാൾബരേത്, പ്രൊഫസർ വാഡ്‌സൺ, ഡോ, അമർത്യ സെൻ, ജെ.ആർ.ഡി ടാറ്റ, ദലൈലാമ, സ്വാമി വിഷ്ണു ദേവാനന്ദ് ( പറക്കും സ്വാമി) തുടങ്ങി അന്താരാഷ്ട്ര പ്രശസ്തി നേടിയ വ്യക്തിത്വങ്ങൾ ഈ മനോഹര തീരത്ത് താമസിക്കുന്നതിനായി കേരളം സന്ദർശിച്ചു.
2002 ൽ അന്നത്തെ കേന്ദ്രസർക്കാർ കോവളം അശോക ഹോട്ടൽ സ്വകാര്യവൽക്കരിച്ചു. ആദ്യം എം ഫോർ ഗ്രൂപ്പും പിന്നീട് ലീലാ ഗ്രൂപ്പും ഹോട്ടലിന്റെ ഉടമസ്ഥാവകാശം സ്വന്തമാക്കി. 2011 ൽ ഡോക്ടർ ബി രവി പിള്ളയുടെ ഉടമസ്ഥതയിലുള്ള ആർ പി ഗ്രൂപ്പ് ഹോട്ടൽ വാങ്ങി. എന്നാൽ ഹോട്ടലിന്റെ നടത്തിപ്പ് ചുമതല ലീലാ ഗ്രൂപ്പിന് തന്നെ നൽകിയതോടെ ലീല റാവിസ് കോവളം ഹോട്ടൽ എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു.
2018ൽ നാല് റോയൽ സ്യൂട്ട് കൂടി പണിതതോടെ ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഹോട്ടൽ സൗകര്യങ്ങൾ കേരളത്തിന് സ്വന്തമായി ലീല റാവിസ് കോവളം, ലീല റാവിസ് അഷ്ടമുടി ഹോട്ടലുകളുടെ ക്‌ളസ്റ്റർ ജനറൽ മാനേജർ ബിസ്വജിത് ചക്രബർത്തി, ലീല് റാവിസ് ഹോട്ടൽ മുൻജനറൽ മാനേജരും സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ രക്ഷാധികാരിയുമായ ദിലീപ് കുമാറും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
മറുനാടന്‍ മലയാളി ബ്യൂറോ