മണപ്പുറം ഫിനാൻസിന്റെ 143 കോടിയുടെ ആസ്തികൾ ഇഡി മരവിപ്പിച്ചത് അന്യായമായി; തന്റെ വ്യക്തിഗത ആസ്തികൾ മരവിപ്പിച്ചത് നിലവിലില്ലാത്ത മണപ്പുറം ആഗ്രോ ഫാംസിന്റെ പേരിൽ; കേസ് കൊടുത്തത് തന്നോടും കുടുംബത്തോടും വൈരാഗ്യം പുലർത്തുന്ന വ്യക്തി; ഹൈക്കോടതിയെ സമീപിച്ചെന്ന് മണപ്പുറം ഫിനാൻസ് മേധാവി വി പി നന്ദകുമാർ
- Share
- Tweet
- Telegram
- LinkedIniiiii
കൊച്ചി: മണപ്പുറം ഫിനാൻസിന്റെ 143 കോടി രൂപയുടെ സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചിരിക്കുകയാണ്. 143 കോടി രൂപയുടെ ബാങ്ക് ഡെപ്പോസിറ്റ്, ഷെയറുകൾ എന്നിവയാണ് മരവിപ്പിച്ചത്. സാമ്പത്തിക ഇടപാട് രേഖകളും ഇ ഡി പിടിച്ചെടുത്തു. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് തൃശ്ശൂരിൽ മണപ്പുറം ഫിനാൻസിന്റെ പ്രധാന ബ്രാഞ്ച് ഉൾപ്പെടെ ആറ് ഇടങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞ ദിവസം റെയ്ഡ് നടത്തിയിരുന്നു. മണപ്പുറം ഫിനാൻസിന്റെ ഓഹരികൾ ഉൾപ്പെടെ മൊത്തം 143 കോടി രൂപയുടെ ആസ്തിയാണ് മരവിപ്പിച്ചത്. ഇതിൽ എട്ട് ബാങ്ക് അക്കൗണ്ടുകളിലെ നിക്ഷേപങ്ങളും ലിസ്റ്റ് ചെയ്ത ഷെയറുകളിലെ നിക്ഷേപവും ഓഹരികളും ഉൾപ്പെടുന്നു. തൃൂരിൽ വലപ്പാട് കേന്ദ്രീകരിച്ചാണ് മണപ്പുറം ഫിനാൻസ് പ്രവർത്തിക്കുന്നത്. എന്നാൽ മണപ്പുറം ഫിനാൻസ് കമ്പനിയുമായി ബന്ധപ്പെട്ടല്ല ഇഡി നടപടിയെന്ന് കമ്പനി മേധാവി വി പി നന്ദകുമാർ പ്രതികരിച്ചു.
തന്റെ ഉടമസ്ഥതയിൽ ഉണ്ടായിരുന്നതും ഇപ്പോൾ നിലവിൽ ഇല്ലാത്തതുമായ മണപ്പുറം ആഗ്രോഫാംസുമായി( മാഗ്രോ) ബന്ധപ്പെട്ട 10 വർഷം പഴക്കമുള്ള പ്രശ്നത്തിന്റെ പേരിലാണ് അക്കൗണ്ട് മരവിപ്പിച്ചത്. തന്റെ വ്യക്തിപരമായ ആസ്തികളാണ് മരവിപ്പിച്ചത്. മെയ് 3നും 4 നും മണപ്പുറത്തെ ഓഫീസിൽ നടത്തിയ റെയ്ഡിന് പിന്നാലെ തന്റെ ആസ്തികൾ മരവിപ്പിച്ചുകൊണ്ട് ഇഡി ഉത്തരവ് വന്നു. ഇതിൽ മണപ്പുറം ഫിനാൻസിലെ തന്റെ 19,29,01,990 ഇകിറ്റി ഷെയറുകളും ഉൾപ്പെടുന്നു. ഈ ഉത്തരവ് സ്വേച്ഛാപരവും, ഏകപക്ഷീയവും, പലകാരണങ്ങളാൽ നീതീകരിക്കാനാവാത്തതുമാണ്. എസ്ക്രോ അക്കൗണ്ടിലുള്ള 10 ലക്ഷത്തിൽ താഴെയുള്ള നിക്ഷേപ തുക മടക്കി നൽകുന്നതുമായി ബന്ധപ്പെട്ട കേസിന്റെ പേരിലാണ് വിഷയം. രണ്ടാമതായി, ഇഡി മരവിപ്പിച്ച ഓഹരികളുടെ മൂല്യം 2000 കോടിയാണ്. എന്നാൽ, അവയുടെ മൂല്യമായി ഇഡി കണക്കാക്കിയിരിക്കുന്നത് ഏകദേശം 140 കോടിയും. ഇക്കാര്യത്തിൽ താൻ നിയമോദേശം തേടിയിട്ടുണ്ടെന്നും നന്ദകുമാർ പറഞ്ഞു.
ഇഡി നടപടി മാഗ്രോയുടെ പേരിലെന്ന് നന്ദകുമാർ
2015-16 വരെ തന്റെ ഉടമസ്ഥതയിൽ ഉണ്ടായിരുന്ന സ്ഥാപനമാണ് മണപ്പുറം ആഗ്രോ ഫാംസ്. തൃശൂരിൽ, എക്കോ ഫാമിങ് അടക്കം കാർഷിക ബിസിനസാണ് കമ്പനി നടത്തി വന്നത്. വലപ്പാടെയും സമീപപ്രദേശങ്ങളിലെയും ആളുകളുടെ പക്കൽ നിന്ന് മാഗ്രോ പലിശയ്ക്ക് നിക്ഷേപങ്ങൾ സ്വീകരിച്ചിരുന്നു. കാർഷിക ബിസിനസിലാണ് ഈ തുക നിക്ഷേപിച്ചത്. 2012 ഫെബ്രുവരി ഒന്നിലെ കണക്കുപ്രകാരം, 143.85 കോടി രൂപയുടെ നിക്ഷേപം മാഗ്രോയ്ക്ക് ഉണ്ടായിരുന്നു.
എന്നാൽ, 2012 ൽ റിസർവ് ബാങ്ക് നിർദ്ദേശപ്രകാരം മാഗ്രോ നിക്ഷേപം സ്വീകരിക്കുന്നതും പുതുക്കുന്നതും അടക്കം എല്ലാ പ്രവർത്തനങ്ങൾ നിർത്തി വച്ചു. നിക്ഷേപങ്ങളെല്ലാം തിരികെ കൊടുക്കാൻ തീരുമാനിക്കുകയും, പ്രമുഖ പത്രങ്ങളിൽ അറിയിപ്പുനൽകുകയും ചെയ്തു. 2012 മാർച്ച് 16 ഓടെ 34,56,35,131 രൂപ നിക്ഷേപകർക്ക് തിരികെ നൽകി. അവകാശികളില്ലാത്ത നിക്ഷേപവും പലിശയും ചേർത്ത് 119,18.33,132 രൂപ തൃശൂരിൽ പഞ്ചാബ് നാഷണൽ ബാങ്കിന്റെ പാറമേക്കാവ് ദേവസ്വം ബ്രാഞ്ചിൽ നിക്ഷേപിച്ചു. തുടർന്നുള്ള നിക്ഷേപകർക്കുള്ള തിരിച്ചടവുകൾ ഈ എസ്ക്രോ അക്കൗണ്ടിൽ നിന്നായിരുന്നു. 2022 സെപ്റ്റംബർ 30 ലെ ആർബിഐ പരിശോധനാ റിപ്പോർട്ട് പ്രകാരം 9.29 ലക്ഷം മാത്രമാണ് നിക്ഷേപകർക്ക് തിരിച്ചുകൊടുക്കാനുള്ളത്. മാഗ്രോ അതിന്റെ നിക്ഷേപകർക്ക് തുക മടക്കി കൊടുക്കാതിരിക്കുയോ, വൈകിക്കുകയോ ചെയ്തിട്ടില്ല. 2022 ഡിസംബർ 31 വരെയുള്ള കണക്കുപ്രകാരം 143.76 കോടി നിക്ഷേപ തുക തിരികെ നൽകി കഴിഞ്ഞു. അവകാശികൾ സമീപിക്കാത്തത് മൂലം അവശേഷിക്കുന്നത് 9.24 ലക്ഷവും.
ഈ വിവരങ്ങളെല്ലാം ആർബിഐക്കും, സെബിക്കും, രജിസ്ട്രാർ ഓഫ് കമ്പനീസിനും അറിയാവുന്നതാണ്. മാഗ്രോയ്ക്ക് എതിരെ ഇവരാരും ക്രമക്കേടുകൾ ആരോപിച്ചിട്ടില്ല. എന്നാൽ, മാഗ്രോ നിർത്തലാക്കി 10 വർഷത്തിന് ശേഷം ഒരു വ്യക്തി വലപ്പാട് സ്റ്റേഷനിൽ നൽകിയ പരാതി പ്രകാരം എഫ്ഐആർ എടുത്തിരുന്നു. ഈ എഫ്ഐആറിന്റെ തുടർച്ചയായാണ് മണപ്പുറം ഫിനാൻസിലെ ഇഡി റെയ്ഡ്. ഈ എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുകയും കോടതി കടുത്ത നടപടികൾ പാടില്ലെന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തിട്ടുള്ളതാണ്.
തനിക്കും തന്റെ കുടുംബത്തിനും, എതിരെ ദീർഘനാളായി വിദ്വേഷം പുലർത്തുന്ന വ്യക്തിയാണ് കേസ് കൊടുത്തത്. കോടതിക്ക് മുമ്പാകെ സത്യം തെളിയിക്കുമെന്നും വി പി നന്ദകുമാർ പറഞ്ഞു. മാഗ്രോയോ താനോ ക്രമക്കേടുകൾ നടത്തിയിട്ടില്ലെന്ന് വ്യക്തമായി അറിയാവുന്നതുകൊണ്ട് തന്നെ ഇഡി യുമായി പൂർണമായി സഹകരിക്കുമെന്നും നന്ദകുമാർ പറഞ്ഞു.
നിയമവിരുദ്ധമായി നിക്ഷേപം സ്വീകരിച്ചെന്ന് ഇഡി
അതേസമയം, മണപ്പുറം ഫിനാൻസ് നിയമവിരുദ്ധമായി പൊതുജനങ്ങളിൽ നിന്നും നിക്ഷേപം സ്വീകരിച്ചെന്നും ഇഡി പറഞ്ഞു. റെയ്ഡിന് ശേഷമാണ് ആസ്തിവകകൾ മരവിപ്പിക്കുന്ന നടപടിയിലേക്ക് കടന്നതെന്ന് അധികൃതർ അറിയിച്ചു. മണപ്പുറം ഫിനാൻസിനെതിരെ നേരത്തെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം കേസെടുത്തിരുന്നു. ഈ കേസിലാണ് തുടർ നടപടി. കഴിഞ്ഞദിവസം തൃശ്ശൂരിലെ സ്ഥാപനത്തിന്റെ പ്രധാന ശാഖയിലും മാനേജിങ് ഡയറക്ടറും സിഇഒയുമായ വി പി നന്ദകുമാറിന്റെ വീട്ടിലും ഇ ഡി പരിശോധന നടത്തിയിരുന്നു. പൊതുജനങ്ങളിൽ നിന്ന് നിക്ഷേപം ശേഖരിച്ച് കള്ളപ്പണം വെളുപ്പിക്കുന്നതിനായി തുക ഉപയോഗിച്ചെന്നും വരുമാനം നന്ദകുമാർ തന്റെ പേരിലും ഭാര്യയുടെയും കുട്ടികളുടെയും പേരിലും സ്ഥാവര സ്വത്തുക്കളിലേക്കും മണപ്പുറം ഫിനാൻസ് ലിമിറ്റഡിന്റെ ഓഹരികളിലേക്കും വകമാറ്റി നിക്ഷേപിച്ചെന്നുമാണ് ആരോപണം.
മണപ്പുറം ഫിനാൻസ് ഇന്ത്യയിലും വിദേശത്തും നിയമവിരുദ്ധ ഇടപാടുകൾ നടത്തിയതായാണ് ഇഡിക്ക് പരാതി ലഭിച്ചത്. സ്വർണ പണയത്തിലൂടെ ലഭിക്കുന്ന തുക നിയമങ്ങൾ പാലിക്കാതെ വിനിയോഗിച്ചതായും കണ്ടെത്തിയെന്നാണ് റിപ്പോർട്ട്. റിസർവ് ബാങ്കിന്റെ അനുമതിയില്ലാതെ 150 കോടിയോളം രൂപ സമാഹരിച്ചുവെന്ന ആരോപണവും പരിശോധിക്കുന്നുണ്ട്. കൊച്ചിയിൽ നിന്നെത്തിയ ഇ ഡി ഉദ്യോഗസ്ഥരാണ് മണപ്പുറം ഗ്രൂപ്പിന്റെ ഹെഡ് ഓഫീസിൽ റെയ്ഡ് നടത്തിയത്.
കെവൈസി ഇല്ലാതെ കോടിക്കണക്കിന് രൂപയുടെ വിനിമയം നടത്തിയെന്നും ഇ ഡി സംശയിക്കുന്നു. നാല് സ്ഥലങ്ങളിൽ ഒരേ സമയമായിരുന്നു റെയ്ഡ്. രേഖകളെല്ലാം ഇ ഡി സംഘം ശേഖരിച്ചു കഴിഞ്ഞു. ദക്ഷിണേന്ത്യയിൽ കഴിഞ്ഞ മൂന്ന് ദശകത്തിലേറെ പ്രവർത്തിക്കുന്ന മണപ്പുറം സ്വർണ്ണവായ്പ, മൈക്രോ ഫിനാൻസ്, ഭവന വായ്പ എന്നിങ്ങനെയുള്ള മേഖലകളിലാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
അതനിടെ മണപ്പുറം ഫിനാൻസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഇന്നലെ നടത്തിയ റെയ്ഡിൽ നിക്ഷേപകർക്ക് കനത്ത ആശങ്ക വേണ്ടെന്ന് ഓഹരി വിദഗ്ദ്ധർ പറയുന്നതായി മനോരമ റിപ്പോർട്ട് ചെയ്തിരുന്നു. ഇഡി റെയ്ഡുമായി ബന്ധപ്പെട്ട് പിഴ ഈടാക്കിയേക്കുമെന്നല്ലാതെ കടുത്ത നടപടികൾക്ക് സാധ്യത കുറവാണെന്നാണ് ഓഹരി വിദഗ്ധരുടെ വിലയിരുത്തൽ എന്നാണ് മനോരമയുടെ നിലപാട്. എന്നാൽ ഈ നീക്കം കമ്പനിയുടെ കോർപ്പറേറ്റ് ഗവർണൻസിനെയും അതു വഴി ഭാവിയിലെ ഫണ്ട് സമാഹരണത്തിനെയും ബാധിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. ഇതിനൊപ്പമാണ് സ്വത്ത് കണ്ടു കെട്ടുന്നത്.
ഇഡി ആവശ്യപ്പെട്ട വിവരങ്ങൾ എല്ലാം നൽകിയിട്ടുണ്ടെന്നും പരിശോധനയോട് സഹകരിക്കുകയാണെന്നും മണപ്പുറം ഫിനാൻസ് ബിഎസ്ഇയിൽ നൽകിയ വിശദീകരണത്തിൽ വ്യക്തമാക്കി. അന്വേഷണം പൂർത്തിയാവുന്ന മുറയ്ക്ക് കൂടുതൽ വിവരങ്ങൾ നൽകുമെന്നും കമ്പനി അറിയിച്ചുണ്ട്. റെയ്ഡ് സംബന്ധിച്ച വാർത്തകൾക്ക് പിന്നാലെ ഇന്നലെ മണപ്പുറം ഫിനാൻസിന്റെ ഓഹരികളും കുത്തനെ ഇടിഞ്ഞിരുന്നു. 12.22 ശതമാനത്തോളം ഇടിഞ്ഞ ഓഹരികൾ 113.85 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. എന്നാൽ ഇന്നും ഓഹരി വില 113 രൂപയായി തുടരുകയാണ്.
കമ്പനിയുടെ പേരിൽ വൻതോതിൽ കള്ളപ്പണം ഇടപാടുകൾ നടന്നതായാണ് സംശയിക്കുന്നതെന്നും എക്സിക്യൂട്ടീവുകളുടെ രേഖകൾ ശേഖരിച്ച് മൊഴിയെടുക്കാനുമാണ് ഇഡി ഉദ്യോഗസ്ഥരുടെ നീക്കമെന്നും റിപോർട്ടുകളുണ്ട്. ഇതിന് മുന്നോടിയായാണ് സ്വത്ത് കണ്ടു കെട്ടൽ. ദിവസങ്ങൾക്കു മുമ്പ് കേരളത്തിലെ പ്രമുഖ ജൂവലറി ധനകാര്യസ്ഥാപനങ്ങളിൽ ഒന്നായ ജോയ് ആലൂക്കാസിൽ ഇഡി റെയ്ഡ് നടത്തുകയും കോടിക്കണക്കിനു രൂപയുടെ ആസ്തികൾ കണ്ടുകെട്ടുകയും ചെയ്തിരുന്നു.
മറുനാടന് മലയാളി ബ്യൂറോ