ന്യൂഡൽഹി: ഇന്ത്യയിലെ മൂന്നു ഓഫീസുകളിൽ രണ്ടെണ്ണത്തിന് ട്വിറ്റർ താഴിട്ടു. ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാൻ നിർദ്ദേശിച്ചു. ചെലവുകൾ കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ശതകോടീശ്വരൻ ഇലോൺ മസ്‌കിന്റെ നടപടി.

കഴിഞ്ഞ വർഷം ഇന്ത്യയിലെ ഏകദേശം 200 ഓളം വരുന്ന ജീവനക്കാരിൽ 90 ശതമാനം പേരെയും പറഞ്ഞുവിട്ടിരുന്നു. ഇപ്പോൾ ഡൽഹിയിലെയും മുംബൈയിലെയും ഓഫീസുകളാണ് അടച്ചത്. അതേസമയം, ബെംഗളൂരുവിലെ ഓഫീസ് തുടർന്നും പ്രവർത്തിക്കും. അവിടെയാണ് എഞ്ചിനീയർമാരും മറ്റും കൂടുതലായുള്ളത്.

ഇന്ത്യയിൽ മാത്രമല്ല ലോകത്തെമ്പാടും ട്വിറ്ററിന്റെ ഓഫീസുകൾ പൂട്ടുകയും ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തിരുന്നു. യുഎസ് ടെക് ഭീമന്മാരായ മെറ്റ പ്ലാറ്റ്‌ഫോംസ് മുതൽ ആൽഫബറ്റ് ഇൻകിന്റെ ഗൂഗിൾ വരെ ഇന്ത്യയെ സുപ്രധാന വിപണിയായാണ് കണക്കാക്കുന്നത്. എന്നാൽ, മസ്‌ക് ഇപ്പോൾ വിപണിക്ക് വലിയ പ്രാധാന്യം നൽകുന്നില്ലെന്ന് വേണം പുതിയ തീരുമാനത്തിൽ നിന്ന് മനസ്സിലാക്കാൻ.

ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട സോഷ്യൽ മീഡിയ ഫോറങ്ങളിലൊന്നാണ് ട്വിറ്റർ. സുപ്രധാന രാഷ്ട്രീയ സംവാദങ്ങളെല്ലാം നടക്കുന്ന വേദി. ട്വിറ്ററിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 86.5 ദശലക്ഷം ഫോളേവേഴ്‌സ് ഉണ്ട്. 44 ബില്യൺ ഡോളർ കരാറിൽ ഇലോൺ മസ്‌ക് ട്വിറ്ററിനെ വാങ്ങിയത് മുതലാണ് പരിഷകരണങ്ങൾ വരുന്നത്. കനത്ത നഷ്ടം നേരിട്ട മസ്‌കിന് ചെലവ് കുറയ്ക്കാൻ പഠിച്ച പണി പതിനെട്ടും നോക്കുകയാണ്.