റോയ് ദമ്പതികളുടെ കൈയിൽ നിന്ന് വളഞ്ഞ വഴിക്ക് കമ്പനി പിടിച്ചെങ്കിലും ലാഭത്തിലും വരുമാനത്തിലും കുത്തനെ ഇടിവ്; ഹിൻഡൻബർഗ് റിപ്പോർട്ട് വന്ന ശേഷം എൻഡി ടിവി ഓഹരി വിലകൾ ഇടിഞ്ഞത് 39 ശതമാനം; ബിസിനസ് കൂട്ടാൻ മലയാളത്തിൽ അടക്കം 9 പ്രാദേശിക ചാനലുകൾ തുടങ്ങാൻ അദാനിയുടെ ചാനൽ
- Share
- Tweet
- Telegram
- LinkedIniiiii
ന്യൂഡൽഹി: ഗൗതം അദാനിയുടെ നിയന്ത്രണത്തിലുള്ള ന്യൂഡൽഹി ടെലിവിഷൻ ലിമിറ്റഡ് 9 പ്രാദേശിക ചാനലുകൾ തുടങ്ങുന്നു. വിവിധ ഭാഷകളിലാണ് ചാനലുകൾ. മെയ് 17 ന് ചേർന്ന എൻഡി ടിവി ബോർഡ് ഓഫ് ഡയറക്ടേഴ്സ് യോഗത്തിലാണ് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിൽ നിന്ന് അനുമതി തേടാൻ അംഗീകാരം നൽകിയത്.
പ്രണോയ് റോയിയും രാധിക റോയിയും നിയന്ത്രിച്ചിരുന്ന ചാനലിന്റെ ഭൂരിപക്ഷ ഓഹരികൾ നേരത്തെ അദാനി സ്വന്തമാക്കിയിരുന്നു. മന്ത്രാലയം അനുമതി നൽകുന്നതോടെ, ലോഞ്ച് തീയതി സ്റ്റോക്ക് എക്സചേഞ്ചുകളെ അറിയിക്കും. ഇംഗ്ലീഷ് വാർത്താ ചാനലായ എൻഡിടിവി 24ഃ7, ഹിന്ദി വാർത്താ ചാനലായ എൻഡിടിവി ഇന്ത്യ, ബിസിനസ് വാർത്താ ചാനലായ എൻഡിടിവി പ്രോഫിറ്റ് എന്നിവയാണ് നിലവിലുള്ളത്. പ്രാദേശിക ഭാഷകളിൽ മറാഠി, ബംഗാളി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ തുടങ്ങിയ ഇന്ത്യൻ ഭാഷകളിൽ ചാനൽ ആരംഭിക്കാനാണ് തീരുമാനം. ഉത്തർപ്രദേശ്, ബിഹാർ, രാജസ്ഥാൻ, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങൾക്കായി പ്രത്യേക ഹിന്ദി ചാനലുകൾ ആരംഭിക്കുന്നതും ആലോചനയിലുണ്ട്. ലോകോത്തര അടിസ്ഥാന സൗകര്യങ്ങളുപയോഗിച്ച് എൻഡിടിവിയെ കൂടുതൽ ശക്തിപ്പെടുത്താനും ഒരു മൾട്ടി-പ്ലാറ്റ്ഫോം ആഗോള മാധ്യമ സ്ഥാപനമാക്കി മാറ്റാനുമാണ് അദാനി ഗ്രൂപ്പിന്റെ തീരുമാനമെന്ന് കമ്പനി ചെയർമാൻ ഗൗതം അദാനി പ്രസ്താവനയിൽ അറിയിച്ചു.
എൻഡിടിവി ഉൾപ്പെടെയുള്ള അദാനി ഗ്രൂപ്പിന്റെ ഓഹരികൾ നഷ്ടവ്യാപാരം തുടരുന്ന സാഹചര്യത്തിലാണ് പുതിയ ബിസിനസ് നീക്കം. 2022-23 സാമ്പത്തിക വർഷത്തിൽ മൊത്തലാഭം 97.5% ഇടിഞ്ഞ് 59 ലക്ഷം രൂപയിലെത്തിയെന്നാണ് കമ്പനി രേഖപ്പെടുത്തുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം സ്ഥാപനത്തിന്റെ മൊത്തലാഭം 24.16 കോടിയായിരുന്നു. 2021-22 സാമ്പത്തിക വർഷത്തിലെ വരുമാനമായ 103.8 കോടി രൂപയിൽ നിന്ന് 2022-23ൽ 35.5 ശതമാനം ഇടിവാണ് വരുമാനത്തിൽ രേഖപ്പെടുത്തിയത്. 66.96 കോടി രൂപയായിരുന്നു 2022-23ലെ വരുമാനം. ബാഹ്യവായ്പകൾ കഴിഞ്ഞ വർഷത്തെ 9 കോടി രൂപയിൽ നിന്ന് 3 കോടി രൂപയായി കുറയ്ക്കാനായെന്ന് കമ്പനി പ്രസ്താവനയിൽ അറിയിച്ചു.
വളഞ്ഞ വഴിക്ക് കമ്പനി പിടിച്ചു
റോയ് ദമ്പതികളുടെ നിയന്ത്രണത്തിലുള്ള, ആർആർപിആർ ഹോൾഡിങ്ങ് പ്രൈവറ്റ് ലിമിറ്റഡ് എൻഡിടിവിയുടെ 29.18 ശതമാനം ഓഹരികൾ കൈയിലുള്ള പ്രമോട്ടർ കമ്പനിയായിരുന്നു. ഇവരെയാണ് പതുക്കെ പതുക്കെ അദാനി വിഴുങ്ങിയത്. 2009ൽ എൻഡിടിവി വല്ലാതെ സാമ്പത്തിക ബുദ്ധിമുട്ടിലേക്ക് പോയപ്പോൾ, ആർആർപിആർ വഴി വായ്പ്പക്ക് പോയതാണ് പ്രണോയ് റോയ്ക്ക് തിരിച്ചടിയായത്. വിസിപിഎൽ എന്ന വിശ്വപ്രധാൻ കൊമേഴ്സ്യൽ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിൽനിന്നാണ് ആർആർപിആർ 403.85 കോടി രൂപ വായ്പ്പയെടുത്തത്.
ഈ വിസിപിഎൽ എന്നത് അദാനിയുടെ കമ്പനിയാണെന്നത് എൻഡിടിവി ഉടമകൾ അറിഞ്ഞിരുന്നില്ല. അദാനിയുടെ എഎംജി നെറ്റ് വർക്ക് എന്ന മീഡിയാ ഗ്രൂപ്പ്, തങ്ങളുടെ അനുബന്ധ സ്ഥാപനമായ വിസിപിഎല്ലിൽനിന്ന് എൻഡിടിവിയുടെ ഓഹരികൾ വാങ്ങിയെന്ന് അറിയിച്ചതോടെയാണ് ലോകവും ഇക്കാര്യം അറിഞ്ഞത്. അങ്ങനെ ആളറിയാതെ വായ്പ്പകൊടുത്ത് അദാനി എൻഡിടിവിയിൽ കയറിപ്പറ്റിയെന്ന് ചുരുക്കം.
വിശ്വപ്രധാൻ കൊമേഴ്സ്യൽ പ്രൈവറ്റ് ലിമിറ്റഡ് എന്നത് കഴിഞ്ഞ 14 വർഷമായി പറയത്തക്ക ആക്റ്റിവിറ്റികൾ ഒന്നുമില്ലാത്തത ഒരു കമ്പനിയാണ്. ഒരു ടിപ്പിക്കൽ ഷെൽ കമ്പനി എന്നു പറയാം. ഇതിന്റെ പിറകിൽ അദാനിയാണെന്ന് റോയ് ദമ്പതികൾ ഒരിക്കലും അറിഞ്ഞിരുന്നില്ല. അവർ റിലയൻസാണ് വിസിപിഎല്ലിന് ഫണ്ട് നൽകുന്നത് എന്നാണ് കരുതിയിരുന്നത്. ആർആർപിആറിന് വിസിപിഎൽ നൽകിയ പണം റിലയൻസിന്റെ പൂർണ ഉടമസ്ഥതയിലുള്ള ഷിനാനോ റീട്ടെയിൽ വഴിയാണ്. പിന്നെ അത് എങ്ങനെ കറങ്ങിത്തിരിഞ്ഞ് അദാനിയുടെ കൈയിൽ എത്തി എന്നത് ദുരൂഹമാണ്
ഇപ്പോൾ വിസിപിഎല്ലിനെ, എഎംജി മീഡിയ നെറ്റ്വർക്ക്സ് ലിമിറ്റഡിന്റെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമാക്കി മാറ്റിയിരിക്കയാണ്. 113,74,61,990 രൂപയുടെ ഓൾ-ക്യാഷ് ഡീലിൽ വിസിപിഎൽ വാങ്ങിയതായി അദാനി എന്റർപ്രൈസസ് പ്രഖ്യാപിച്ചു. ഇത് സറ്റോക്ക് മാർക്കറ്റ് ഫയലിങ്ങുകളിലും സൂചിപ്പിക്കുന്നുണ്ട്. ആർആർപിആർ ഹോൾഡിങ് പ്രൈവറ്റ് ലിമിറ്റഡിന്റെ നിയന്ത്രണം തങ്ങൾ ഏറ്റെടുത്തതെന്ന് കാണിച്ച് വിശ്വപ്രധാൻ കൊമേഴ്സ്യൽ പ്രൈവറ്റ് ലിമിറ്റഡ് നോട്ടീസ് അയച്ചിട്ടുണ്ട്. അപ്പോഴാണ് പ്രണോയിയും രാധികയും വിവരം അറിഞ്ഞത്. റോയ് ദമ്പതികൾക്ക് ഇപ്പോൾ 2.5 ശതമാനം ഓഹരി വീതമാണ് എൻഡി ടിവിയിൽ ഉള്ളത്.
അദാനി ഗ്രൂപ്പിന് എതിരായ ഹിൻഡൻബർഗ് റിപ്പോർട്ട് പ്രസിദ്ധീകരിച്ച ശേഷം എൻഡിടിവിയുടെ ഓഹരി വിലകൾ 39 ശതമാനമാണ് ഇടിഞ്ഞത്.
മറുനാടന് മലയാളി ബ്യൂറോ