- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റെക്കോർഡുകൾ ഭേദിച്ച് സ്വർണവില കുതിക്കുന്നു; പവന് 45,000 രൂപ; ബുധനാഴ്ച മാത്രം പവന് കൂടിയത് 760 രൂപ: വില ഇനിയും ഉയർന്നേക്കും
കൊച്ചി: റെക്കോഡുകൾ ഭേദിച്ച് സ്വർണവില കുതിക്കുന്നു. വിവാഹ സീസണിൽ സാധാരണക്കാരുടെ നെഞ്ചിടിപ്പു കൂടി സ്വർണവില ഉയരുകയാണ്. ബുധനാഴ്ച പവന് 760 രൂപ കൂടി സ്വർണവില 45,000 രൂപയിലെത്തി. ഗ്രാമിന് 95 രൂപ കൂടി 5,625 രൂപയായി. രണ്ട് ദിവസംകൊണ്ട് 1,240 രൂപയാണ് കൂടിയത്. പവന് ചൊവ്വാഴ്ച 44,240 രൂപയും തിങ്കളാഴ്ച 43,760 രൂപയുമായിരുന്നു വില. ആദ്യമായാണ് പവൻവില 45,000 രൂപയിലെത്തുന്നത്. ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏറ്റവും കുറഞ്ഞ പണിക്കൂലിയും ജിഎസ്ടിയും ഉൾപ്പെടെ 48,600 രൂപയിലധികം കൊടുക്കണം.
യുഎസിലെ ബാങ്ക് തകർച്ചകൾ സൃഷ്ടിച്ച ആഘാതത്തിൽ മാർച്ച് 18 ന് രേഖപ്പെടുത്തിയ 44,240 രൂപയാണ് ഇതിനുമുമ്പുള്ള ഏറ്റവും ഉയർന്ന വില. അതിന് ശേഷം ചാഞ്ചാട്ടത്തിനിടയിൽ വില 43,600 നിലവാരത്തിലേക്ക് താഴ്ന്നെങ്കിലും ചൊവ്വാഴ്ച പവന് 480 രൂപ വർധിച്ച് വീണ്ടും മാർച്ച് 18 ലെ റെക്കോർഡ് ഉയരത്തിലെത്തിയിരുന്നു. രണ്ട് ദിവസംകൊണ്ട് പവന് 1240 രൂപയാണ് വർധിച്ചത്. അന്താരാഷ്ട്ര വിപണിയിൽ സ്വർണവില ട്രോയ് ഔൺസിന് 2022 ഡോളറിലേക്ക് കുതിച്ചുയർന്നതാണ് സംസ്ഥാനത്തും വില ഉയരുന്നതിന് കാരണമായത്.
മാർച്ച് 18 ലെ റെക്കോർഡ് കുതിപ്പിന് ശേഷം വില താഴ്ന്നപ്പോൾ വിവിധ രാജ്യങ്ങളുടെ കേന്ദ്ര ബാങ്കുകളും വൻകിട നിക്ഷേപകരും കൂടുതൽ സുരക്ഷിത നിക്ഷേപം എന്ന നിലയ്ക്ക് വൻതോതിൽ സ്വർണം വാങ്ങികൂട്ടിയതാണ് വില വീണ്ടും ഉയർത്തിയത്.