കഴിഞ്ഞ സാമ്പത്തിക വർഷം ആപ്പിൾ ഇന്ത്യയിൽ വിറ്റത് 61,384 കോടിയുടെ ഐഫോണുകളും ഐപാഡുകളും; കയറ്റുമതി ചെയ്തത് 85,000 കോടി രൂപയുടെ ഫോണുകൾ
- Share
- Tweet
- Telegram
- LinkedIniiiii
കഴിഞ്ഞ സാമ്പത്തിക വർഷം ആപ്പിൾ ഇന്ത്യയിൽ വിറ്റഴിച്ചത് 750 കോടി ഡോളറിന്റെ (ഏകദേശം 61,384.13 കോടി രൂപ) ഐഫോണുകളും ഐപാഡുകളും. വിപണിയിൽ നിരീക്ഷണം നടത്തുന്ന സ്ഥാപനമായ സിഎംആർ നൽകിയ പ്രാഥമിക കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം ആപ്പിൾ രാജ്യത്ത് 70 ലക്ഷത്തിലധികം ഐഫോണുകളും 5 ലക്ഷം ഐപാഡുകളും വിറ്റിട്ടുണ്ട്. ഐഫോൺ വിൽപനയിൽ 28 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്.
രാജ്യത്ത് നിർമ്മാണം തുടങ്ങിയ ഐഫോണുകൾക്ക് ആവശ്യക്കാരും കൂടിയിട്ടുണ്ട്. ഇതിനു പുറമെ മുംബൈയിലും ഡൽഹിയിലും ആപ്പിൾ സ്റ്റോറുകളും വന്നു കഴിഞ്ഞു. ഇതോടെ വിൽപന ഇനിയും കൂടുമെന്നാണ് കരുതുന്നത്. അതേസമയം ആപ്പിൾ ഇന്ത്യയിലെ ആഭ്യന്തര ഉൽപാദനം ഇരട്ടിയാക്കുമ്പോൾ 2023-24 സാമ്പത്തിക വർഷത്തിൽ ആറ് ശതമാനം വിപണി വിഹിതം നേടിയേക്കുമെന്നും പ്രവചനമുണ്ട്. ഈ കാലയളവിൽ രാജ്യത്ത് 80 ലക്ഷത്തിലധികം ഐഫോണുകൾ വിൽക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഫോൺ വിപണിയിൽ ഇന്ത്യ വൻ കുതിച്ചു ചാട്ടമാണ് നടത്തുന്നത്. മാർച്ച് പാദത്തിൽ രാജ്യത്ത് 67 ശതമാനം വളർച്ച രേഖപ്പെടുത്തി 21 ലക്ഷം ഐഫോണുകളുടെ വിൽപനയാണ് നടന്നത്. മാർച്ച് പാദത്തിൽ ഇന്ത്യയിൽ ഐപാഡുകളും ഐഫോണുകളുമാണ് കാര്യമായി വിറ്റുപോയത്. പ്രത്യേകിച്ചും ഐഫോൺ 14, ഐഫോൺ 13 സീരീസുകളുമാണ് വിറ്റുപോയത്. കഴിഞ്ഞ വർഷത്തെ ആദ്യ പാദത്തിൽ ഐഫോൺ 13 സീരീസ് 48 ശതമാനം വിപണി വിഹിതം നേടിയിരുന്നു. കഴിഞ്ഞ വർഷം ഐഫോൺ 14 സീരീസ് ഇന്ത്യയിൽ 36 ശതമാനം വിപണി വിഹിതമാണ് രേഖപ്പെടുത്തിയത്.
കേന്ദ്ര സർക്കാരിന്റെ മെയ്ക് ഇൻ ഇന്ത്യ പദ്ധതിയും വൻ വിജയാണ് നേടിയത്. മാർച്ച് 31ന് അവസാനിച്ച കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ രാജ്യത്ത് നിന്ന് ഏകദേശം 85,000 കോടി രൂപയുടെ ഫോണുകൾ കയറ്റുമതി ചെയ്തു. 2022-2023 സാമ്പത്തിക വർഷത്തിൽ ഇന്ത്യയിൽ നിന്ന് 1000 കോടി ഡോളർ മൂല്യമുള്ള സ്മാർട് ഫോൺ കയറ്റുമതി ചെയ്തെന്നാണ് ഇന്ത്യ സെല്ലുലാർ ആൻഡ് ഇലക്ട്രോണിക്സ് അസോസിയേഷൻ (ഐസിഇഎ) ഐഎഎൻഎസിന് നൽകിയ കണക്കുകൾ സൂചിപ്പിക്കുന്നത്.
കേന്ദ്ര സർക്കാരിന്റെ പ്രൊഡക്ഷൻ-ലിങ്ക്ഡ് ഇൻസെന്റീവ് (പിഎൽഐ) സ്കീമുകൾ സജീവമായതോടെ ഇന്ത്യയിൽ നിന്നുള്ള സ്മാർട് ഫോൺ കയറ്റുമതി മുൻ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് കഴിഞ്ഞ സാമ്പത്തിക വർഷം ഇരട്ടിയായി. ഐസിഇഎയുടെ കണക്കുകൾ പ്രകാരം യുഎഇ, യുഎസ്, നെതർലൻഡ്സ്, യുകെ, ഇറ്റലി എന്നീ രാജ്യങ്ങളിലേക്കാണ് ഇന്ത്യ നിലവിൽ ഫോണുകൾ കയറ്റുമതി ചെയ്യുന്നത്.
ഫോൺ നിർമ്മാണ മേഖലയിൽ നിന്നുള്ള വരുമാനം 4000 കോടി ഡോളറിലെത്തും, ഇതിൽ 25 ശതമാനം കയറ്റുമതി ചെയ്യാനാകുന്നത് വലിയ നേട്ടമാണെന്നും ഐസിഇഎ ചെയർമാൻ പങ്കജ് മൊഹിന്ദ്രൂ പറഞ്ഞിരുന്നു.