പേടിഎം പേയ്മെന്റ്സ് ബാങ്കിനെ നേർവഴിക്ക് കൊണ്ടുവരാൻ കമ്പനി ബോർഡിൽ അഴിച്ചുപണി; വിജയ ശേഖർ ശർമ നോൺ എക്സ്ക്യൂട്ടീവ് ചെയർമാൻ സ്ഥാനവും ബോർഡ് അംഗത്വവും ഒഴിഞ്ഞു; പേടിഎം എംഡി സ്ഥാനത്ത് ശർമ തുടരും
- Share
- Tweet
- Telegram
- LinkedIniiiii
ന്യൂഡൽഹി: ചട്ടങ്ങൾ ലംഘിച്ചതിന്റെ പേരിൽ ആർബിഐ നടപടി നേരിടുന്ന പേടിഎമ്മിന്റെ പേയ്മെന്റ്സ് ബാങ്ക് ബോർഡ് നോൺ എക്സിക്യൂട്ടീവ് ചെയർമാൻ സ്ഥാനവും, ബോർഡ് അംഗത്വവും വിജയ ശേഖർ ശർമ ഒഴിയും. ഡിജിറ്റൽ പേയ്മെന്റ്സ് കമ്പനിയുടെ ബോർഡ് അഴിച്ചുപണിയുന്നതിന്റെ ഭാഗമാണ് സ്ഥാനമൊഴിയൽ.
റിസർവ് ബാങ്ക് മുൻ ചെയർമാൻ ശ്രീനിവാസൻ ശ്രീധർ, ബറോഡ ബാങ്ക് മുൻ എക്സിക്യൂട്ടീവ് ഡയറക്ടർ അശോക് കുമാർ ഗാർഗ്, രണ്ട് വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥർ എന്നിവർ ബോർഡിൽ ചേരുമെന്ന് പേടിഎം അറിയിച്ചു. പുതിയ ബോർഡ് അംഗങ്ങളുടെ വൈദഗ്ധ്യം ഉപയോഗിച്ച് ബാങ്കിന്റെ ഭരണ ക്രമവും, പ്രവർത്തന നിലവാരവും മെച്ചപ്പെടുത്താൻ സാധിക്കുമെന്ന് പേടിഎം പേയ്മെന്റ്സ് ബാങ്ക് സിഇഒ സുരിന്ദർ ചാവ്ള പറഞ്ഞു.
അധികാര കൈമാറ്റം സുഗമമാക്കാൻ വേണ്ടായണ് വിജയ ശേഖർ ശർമ ബോർഡിൽ നിന്ന് ഒഴിയുന്നതും, സ്വതന്ത്രരായ ഡയറക്ടർമാരെ ബോർഡിൽ ഉൾപ്പെടുത്തുന്നതും. ശർമയ്ക്ക് പേടിഎം പേയ്മെന്റ്സ് ബാങ്കിൽ 51 ശതമാനം ഓഹരിയുണ്ട്. വൺ 97 കമ്യൂണിക്കേഷൻസാണ് ശേഷിക്കുന്ന ഓഹരികൾ കൈവശം വച്ചിരിക്കുന്നത്. പേടിഎമ്മിന്റെ എംഡി സ്ഥാനത്ത് ശർമ തുടരുമെന്നാണ് സൂചന.
അതിനിടെ, കള്ളപ്പണം വെളുപ്പിക്കൽ കേസിൽ, ഡിജിറ്റൽ പേമെന്റ്സ് പേടിഎം പേമെന്റ്സ് ബാങ്കിന് എതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം തുടങ്ങി. വിദേശ നാണയ വിനിമയ ചട്ട ലംഘനത്തിന്റെ പേരിലും പേടിഎം അന്വേഷണത്തെ നേരിടുന്നു. ആരോപണങ്ങൾ വസ്തുതാപരമായി തെറ്റെന്ന് പേടിഎം വാദിക്കുന്നു.
ഇഡി അന്വേഷണം കൂടി നേരിടുന്നതോടെ, വിജയ ശേഖർ ശർമയുടെ തലവേദന ഇരട്ടിക്കുകയാണ്. കഴിഞ്ഞ മാസം, നിക്ഷേപങ്ങൾ സ്വീകരിക്കുന്നതിന് അടക്കം പേടിഎം പെയ്മെന്റ്സ് ബാങ്കിന് റിസർവ് ബാങ്കിന്റെ വിലക്ക് വന്നിരുന്നു. ഉപഭോക്താക്കളുടെ അക്കൗണ്ടുകൾ വഴി നിക്ഷേപങ്ങൾ, വായ്പാ ഇടപാടുകൾ, ടോപ്പ് അപ്പുകൾ എന്നിവ അനുവദിക്കില്ല. അക്കൗണ്ടുകളുമായി ബന്ധിപ്പിച്ചിട്ടുള്ള പ്രീപെയ്ഡ് വാലറ്റുകൾ, ഫാസ്ടാഗ് എൻ സി എം സി കാർഡുകൾ എന്നിവയ്ക്കും വിലക്കുണ്ട്. എന്നാൽ, ഉപഭോക്താക്കൾക്ക് തങ്ങളുടെ സേവിങ്സ്-കറന്റ് അക്കൗണ്ടുകളിൽ അവശേഷിക്കുന്ന തുക നിശ്ചിത പരിധി വരെ തടസ്സമില്ലാതെ വിനിയോഗിക്കാമെന്ന് ആർബിഐ വ്യക്തമാക്കിയിരുന്നു.
പേ്ടിഎം ഇടപാടുകൾ എല്ലാം മാർച്ച് 15നകം നിർത്തിവയ്ക്കണമെന്ന് ആർബിഐ ആവശ്യപ്പെട്ടതിനു പിന്നാലെയാണ് വിജയ് ശേഖറിന്റെ രാജി.
ഫെബ്രുവരി 29 വരെയായിരുന്നു നേരത്തെ അനുവദിച്ച സമയം. വ്യാപാരികൾ ഉൾപ്പെടെയുള്ളവരുടെ പൊതു താൽപര്യം പരിഗണിച്ചാണ് തീയതി നീട്ടിയത്.
ആർബിഐ ചട്ടങ്ങളും, നിർദ്ദേശങ്ങളും പാലിക്കാത്തതിനെ തുടർന്ന് സമഗ്രമായ ഓഡിറ്റിന് ശേഷമാണ് കടുത്ത നടപടി. പേടിഎമ്മിന്റെ മാതൃ കമ്പനിയായ വൺ 97 കമ്യൂണിക്കേഷൻസ് ലിമിറ്റഡിന്റെയും, പേടിഎം പേമെന്റ്സ് ബാങ്ക് ലിമിറ്റഡിന്റെയും(പിപിബിഎൽ) നോഡൽ അക്കൗണ്ടുകളും കേന്ദ്ര ബാങ്ക് റദ്ദാക്കി.
പേടിഎമ്മിന്റെ ബാങ്കിങ് ഓപ്പറേഷൻസിനെതിരെയാണ് ആർബിഐ നടപടി. അതായാത് ഉപഭോക്താക്കൾക്ക് മറ്റൊരു ബാങ്കുമായി തങ്ങളുടെ അക്കൗണ്ട് ലിങ്ക് ചെയ്തിരിക്കുന്നിടത്തോളം കാലം യുപിഐ അടക്കം ഡിജിറ്റൽ ഇടപാടുകൾ തുടരാമെന്ന് അർഥം. എൻസിഎംസി( നാഷണൽ കോമൺ മൊബിലിറ്റി) കാർഡുകൾ നിലവിലുള്ള ബാലൻസ് തീരും വരെ നിയന്ത്രണങ്ങൾ ഇല്ലാതെ ഉപയോഗിക്കാം.
പേടിഎം ബാങ്ക് എങ്ങനെ ആബിഐ റഡാറിന് കീഴിലായി?
ശരിയായ തിരിച്ചറിയൽ രേഖകളില്ലാതെ നൂറുകണക്കിന് അക്കൗണ്ടുകൾ സൃഷ്ടിച്ചതാണ് പ്രധാന കാരണം. കൃത്യമായ കെ വൈ സി സമർപ്പിക്കാതെ കോടികളുടെ ഇടപാട് ഈ അക്കൗണ്ടുകളിൽ പേടിഎം വഴി നടന്നതായി കണ്ടെത്തി. അതാണ് കള്ളപ്പണ തട്ടിപ്പെന്ന സംശയം ഉയരാൻ കാരണം. 1000 ത്തിലേറെ ഉപയോക്താക്കൾ ഒരേ പാൻ നമ്പർ തങ്ങളുടെ അക്കൗണ്ടുകളുമായി ലിങ്ക് ചെയ്തതായി ആർബിഐയും, എക്സ്റ്റേണൽ ഓഡിറ്റർമാരും കണ്ടെത്തി.
ആർബിഐയുടെ ചട്ടങ്ങളിൽ പേടിഎം പേയ്മെന്റ്സ് ബാങ്ക് തുടർച്ചയായി വീഴ്ചകൾ വരുത്തുന്നുവെന്ന റിപ്പോർട്ടിനെ തുടർന്നാണ് നടപടി. 2023-ന്റെ തുടക്കം മുതൽ ആർബിഐ പേടിഎമ്മിന് പിന്നാലെയുണ്ട്. നിബന്ധനകൾ പാലിക്കുന്നില്ലെന്ന പരാതികളുടെ അടിസ്ഥാനത്തിൽ പേടിഎം പേയ്മെന്റ് ബാങ്കിന് 5.39 കോടി രൂപ ആർബിഐ പിഴ ചുമത്തിയിരുന്നു. പുതിയ ഉപയോക്താക്കളെ ചേർക്കരുതെന്ന് 2022-ൽ ആർബിഐ പേടിഎമ്മിന് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ, ഇത് പാലിക്കാൻ കമ്പനി തയ്യാറായില്ല. സമഗ്രമായ സിസ്റ്റം ഓഡിറ്റ് റിപ്പോർട്ടിന്റേയും പുറത്തുനിന്നുള്ള ഓഡിറ്റർമാരുടെ തുടർച്ചയായുള്ള പരാതികളും അടിസ്ഥാനത്തിലാണ് പേടിഎമ്മിന് എതിരെ നടപടിയെന്ന് ആർബിഐ വ്യക്തമാക്കുന്നു. 1949-ലെ ബാങ്കിങ് നിയന്ത്രണ നിയമത്തിലെ 35 എ വകുപ്പ് പ്രകാരമാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ