ഷാരൂഖ് ഖാൻ ഡോ.ഷംസീർ വയലിലിന്റെ ബുർജീൽ ഹോൾഡിങ്സിന്റെ പുതിയ ബ്രാൻഡ് അംബാസഡർ; 'കിങ് ഖാൻ' ആരോഗ്യ രംഗത്ത് ബ്രാൻഡ് അംബാസഡർ സ്ഥാനം ഏറ്റെടുക്കുന്നത് ആദ്യമായി
- Share
- Tweet
- Telegram
- LinkedIniiiii
അബുദാബി: യു.എ.ഇ.യിലെയും മെന മേഖലയിലെയും പ്രമുഖ ആരോഗ്യസേവന ദാതാക്കളായ ബുർജീൽ ഹോൾഡിങ്സിന്റെ പുതിയ ബ്രാൻഡ് അംബാസഡർ ആയി ബോളിവുഡ് സൂപ്പർസ്റ്റാർ ഷാരൂഖ് ഖാനെ പ്രഖ്യാപിച്ചു. താരത്തിന്റെ സാന്നിധ്യത്തിൽ അബുദാബിയിൽ നടന്ന ചടങ്ങിലായിരുന്നു പ്രഖ്യാപനം. ബുർജീൽ ഹോൾഡിങ്സിന് വേണ്ടി മേഖലയിലുടനീളം പരസ്യപ്രചാരണവുമായി ഷാരൂഖെത്തും.
താരത്തിന്റെ ആരോഗ്യരംഗത്തെ ആദ്യ അംബാസഡർ പദവിയാണിത്. അന്താരാഷ്ട്രതലത്തിൽ ഷാരൂഖിനുള്ള വലിയ സ്വീകാര്യതയും വിശ്വാസ്യതയും ഗ്രൂപ്പിന്റെ വരും പ്രവർത്തനങ്ങൾക്ക് മുതൽക്കൂട്ടാകും. പ്രവാസി സംരംഭകൻ ഡോ. ഷംഷീർ വയലിലിന്റെ ഉടമസ്ഥതയിലുള്ള ഗ്രൂപ്പിന് നിലവിൽ മെന മേഖലയിൽ 39 ആശുപത്രികളും മെഡിക്കൽ സെന്ററുകളുമാണുള്ളത്. ഗൾഫ് രാജ്യങ്ങളിലുടനീളം ആശുപത്രി ശൃംഖല വ്യാപിപ്പിച്ചുകൊണ്ടിരിക്കുന്ന ബുർജീൽ ഹോൾഡിങ്സ് മെഡിക്കൽ ഗവേഷണരംഗത്തും പ്രവർത്തനം വിപുലമാക്കുകയാണ്.
ആരോഗ്യസേവനം നമുക്കെല്ലാവർക്കും ആവശ്യമുള്ളതും അനുഭവിക്കാനാകുന്നതുമായ മേഖലയാണെന്നും ബുർജീൽ മെഡിക്കൽ സിറ്റിയിലെ സന്ദർശനവും ഡോ. ഷംഷീർ വയലിന്റെ വാക്കുകളും ഉൾക്കാഴ്ചയുളവാക്കുന്നതും പ്രചോദനപരവുമാണെന്നും ഷാരൂഖ് ഖാൻ പറഞ്ഞു.
'സമർപ്പണത്തോടെയും അഭിമാനത്തോടെയും ജോലി ചെയ്യുന്ന ആരോഗ്യപ്രവർത്തകരെ കാണാനായത് മികച്ച അനുഭവമായി. ജനങ്ങളാൽ ജനങ്ങൾക്കുവേണ്ടി എന്ന തത്വം ഏറ്റെടുത്താണ് അവരുടെ പ്രവർത്തനം. അങ്ങനെയുള്ള ഒരു സ്ഥാപനത്തിന്റെ ഭാഗമാകുകയെന്നത് കൂടുതൽ ഊർജം പകരുന്നു.'
'ലോകമെങ്ങും ആരാധകരുള്ള വ്യക്തിത്വത്തിനുടമയാണ് ഷാരൂഖെന്നും ജനജീവിതം കൂടുതൽ മനോഹരമാക്കുകയെന്ന പൊതുലക്ഷ്യത്തിലാണ് അദ്ദേഹവും ബുർജീൽ ഹോൾഡിങ്സും പ്രവർത്തിക്കുന്നതെന്നും ബുർജീൽ ഹോൾഡിങ്സ് സ്ഥാപകനും സിഇഒയുമായ ഡോ. ഷംഷീർ വയലിൽ പറഞ്ഞു. 'ഷാരൂഖിന്റെ ജീവിത ദർശനങ്ങളും വ്യക്തിത്വവും ബുർജീൽ ഹോൾഡി്ങ്സ് ബ്രാൻഡിലും പ്രതിഫലിക്കും. ലോകോത്തര നിലവാരത്തിലുള്ള ആരോഗ്യപരിരക്ഷയിലൂടെ സമൂഹത്തെ സേവിക്കാൻ ഈ പങ്കാളിത്തം ഞങ്ങളെ പ്രചോദിപ്പിക്കുന്നു,' അദ്ദേഹം കൂട്ടിച്ചേർത്തു.
സൗദി അറേബ്യയിലേക്കും സ്ഥാപനത്തിന്റെ പ്രവർത്തനം ഉടൻ വ്യാപിപ്പിക്കാനുള്ള ബുർജീൽ ഹോൾഡിങ്സ് തീരുമാനത്തിന് പിന്നാലെയാണ് പുതിയ ബ്രാൻഡ് അംബാസിഡർ നിയമനം. 2030-ഓടെ ഒരു ബില്യൺ യു.എസ് ഡോളർ നിക്ഷേപം സൗദിയിൽ നടത്താനുള്ള സാധ്യതകളാണ് ഗ്രൂപ്പ് പരിഗണിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ