സുരക്ഷ തന്നെ പ്രധാനം; ഒക്ടോബർ 1 മുതൽ സ്റ്റാർ റേറ്റിങ് നോക്കി കാറുകൾ വാങ്ങാം; ക്രാഷ് ടെസ്റ്റുകളിലെ പ്രകടനത്തിൽ സ്റ്റാർ റേറ്റിങ് നൽകുക സർക്കാർ നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങളോടെ; പരിശോധനയ്ക്ക് വിധേയമാക്കുക കാറിന്റെ ബേസ് മോഡലുകൾ
- Share
- Tweet
- Telegram
- LinkedIniiiii
ന്യൂഡൽഹി: നിറവും വിലയും സുഖ സൗകര്യങ്ങളും മൈലേജും കമ്പനിയുടെ പേരുമൊക്കെ നോക്കി കാറുകൾ വാങ്ങിയിരുന്ന കാലം അവസാനിക്കുകയാണ്. പകരം കാർ സേഫ്റ്റി റേറ്റിങും എയർബാഗുകളുടെ എണ്ണവും നോക്കിയാണ് ഇപ്പോൾ ആളുകൾ കാർ വാങ്ങുന്നതെന്ന് സമീപകാല റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നേരത്തെ, കാർ വാങ്ങുന്നവർ ആദ്യം പരിഗണിച്ചിരുന്നത് വാഹനത്തിന്റെ മൈലേജ് (ഇന്ധന ക്ഷമത) ആയിരുന്നവെങ്കിൽ ഇപ്പോൾ കാർ സേഫ്റ്റി റേറ്റിങ്, എയർബാഗ് എന്നിവയ്ക്ക് ശേഷം മൂന്നാമത്തെ മാത്രം ഘടകമായി മാറിയിരിക്കുകയാണ്.
ഒരാൾ കാർ വാങ്ങുന്നതിനെ കുറിച്ച് ചിന്തിക്കുമ്പോൾ 22.3 ശതമാനം പോയിന്റാണ് സർവേയിൽ കാർ സേഫ്റ്റി റേറ്റിങിന് നൽകുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. അതേ സമയം സ്വകാര്യ ഏജൻസികളുടെ റേറ്റിങ് നേരത്തേ തന്നെയുണ്ടെങ്കിലും സർക്കാർ നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങളോടെയുള്ള റേറ്റിങ് അനുസരിച്ച് ഇനി വാഹനങ്ങൾ തെരഞ്ഞെടുക്കാനുള്ള അവസരം ഉപഭോക്താക്കൾ ലഭ്യമാകും.
കേന്ദ്ര സർക്കാർ മാനദണ്ഡങ്ങളനുസരിച്ച് സുരക്ഷിതത്വം വിലയിരുത്തിയുള്ള സ്റ്റാർ റേറ്റിങ് നോക്കി ഒക്ടോബർ 1 മുതൽ കാറുകൾ വാങ്ങാം. ഇടിയുടെ ആഘാതം പരിശോധിക്കുന്ന ക്രാഷ് ടെസ്റ്റുകളിലെ പ്രകടനം അടിസ്ഥാനമാക്കി കാറുകൾക്ക് സ്റ്റാർ റേറ്റിങ് നൽകുന്നതു സംബന്ധിച്ച കരടുവിജ്ഞാപനം പൊതുജനാഭിപ്രായത്തിനായി കേന്ദ്രം പ്രസിദ്ധീകരിച്ചു. ഭാരത് ന്യൂ കാർ അസസ്മെന്റ് പ്രോഗ്രാം (ഭാരത് എൻക്യാപ്) അനുസരിച്ച് 1 മുതൽ 5 വരെയുള്ള കണക്കിലായിരിക്കും കാറുകളുടെ റേറ്റിങ്. ഒക്ടോബർ 1 മുതൽ നിർമ്മാതാക്കളും വിദേശത്തു നിന്ന് ഇറക്കുമതി ചെയ്യുന്ന സ്ഥാപനങ്ങളും അവരുടെ മോഡലുകൾക്ക് റേറ്റിങ് നേടിയിരിക്കണം.
സുരക്ഷിതമായ വാഹനം ഇറക്കാനായി കമ്പനികൾ തമ്മിൽ ആരോഗ്യകരമായ മത്സരവും ഇതിലൂടെ ഉറപ്പാക്കാം. രാജ്യാന്തര വിപണിയിൽ ഇന്ത്യൻ കാറുകൾക്ക് ഡിമാൻഡ് വർധിപ്പിക്കാൻ ഈ ഉദ്യമത്തിന് കഴിയുമെന്നാണ് പ്രതീക്ഷ. 1989 ലെ കേന്ദ്ര മോട്ടർ വാഹന ചട്ടത്തിലാണ് ഇതുസംബന്ധിച്ച വ്യവസ്ഥ ചേർക്കുന്നത്.
കുട്ടികളുടെ സുരക്ഷ, മുതിർന്നവരുടെ സുരക്ഷ, സുരക്ഷാ സാങ്കേതികവിദ്യകൾ എന്നിങ്ങനെ 3 തരം പരിശോധനയ്ക്ക് ശേഷമാകും റേറ്റിങ് നൽകുക. പ്രത്യേകമായി സജ്ജീകരിച്ച ലാബിലായിരിക്കും ഇത് നടക്കുക. കുട്ടികളുടെയും മുതിർന്നവരുടെയും ഡമ്മികൾ സീറ്റിൽ വച്ച ശേഷമായിരിക്കും കാർ പല തരത്തിൽ ഇടിപ്പിച്ച് സുരക്ഷ പരിശോധിക്കുന്നത്. ഇടിയിൽ ശരീരഭാഗങ്ങളിലുണ്ടാകുന്ന ആഘാതം, എയർ ബാഗിന്റെ വിന്യാസം അടക്കം വിലയിരുത്തും.
ഓട്ടമോട്ടീവ് ഇൻഡസ്ട്രി സ്റ്റാൻഡേഡ് (എഐഎസ്)197 അധിഷ്ഠിതമായാണു പരിശോധന. പരിശോധനയ്ക്കുള്ള ചെലവ് വാഹനനിർമ്മാതാക്കൾ വഹിക്കണം. കാറിന്റെ ബേസ് മോഡലായിരിക്കും പരിശോധനയ്ക്ക് വിധേയമാക്കുക. പരിശോധനയ്ക്കുള്ള വാഹനം ഇതിനായി നിലവിൽ വരുന്ന ഏജൻസി നിർമ്മാതാവിന്റെ പ്ലാന്റിൽ നിന്ന് തിരഞ്ഞെടുക്കും. പരിശോധനയ്ക്കു ശേഷം റിപ്പോർട്ട് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. റിപ്പോർട്ടിൽ തൃപ്തിയില്ലെങ്കിൽ നിർമ്മാതാക്കൾക്ക് വീണ്ടും അപേക്ഷിക്കാം.
മറുനാടന് മലയാളി ബ്യൂറോ