- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
32 വർഷം മുമ്പത്തെ വൈദ്യൻകുന്നെന്ന 50 ഏക്കർ കുറ്റിക്കാട് ഇന്ന് ലോക ഐടി ഭൂപടത്തിൽ പടർന്ന് പന്തലിച്ച ഇടം; ടെക്‌നോപാർക്കിന് വരുമാനത്തിൽ 1274 കോടിയുടെ വളർച്ച; മൊത്തം കയറ്റുമതി വരുമാനം 9775 കോടി; 15 ശതമാനം വളർച്ചയ്ക്ക് പുറമേ മികവിനുള്ള അംഗീകാരങ്ങൾ വേറെ; കോവിഡ് കാലത്തെയും കടന്ന് 32 ാം വർഷത്തിലും കുതിപ്പിന്റെ കഥ മാത്രം
തിരുവനന്തപുരം: ഏഷ്യയിലെ ഏറ്റവും വലിയ ഐടി പാർക്കുകളിലൊന്നായ ടെക്നോപാർക്കിന് ഇത് കുതിപ്പിന്റെ കാലമാണ്. കോവിഡ് കാലത്ത് പോലും വൻ വളർച്ച നേടിയ ഐടി പാർക്ക് കഴിഞ്ഞ സാമ്പത്തികവർഷത്തെ അപേക്ഷിച്ച് 1274 കോടി രൂപയുടെ വളർച്ച നേടിയെന്ന സന്തോഷ വാർത്തയാണ് പുറത്തുവരുന്നത്. കേരള ഐ.ടി.പാർക്ക്‌സ് സിഇഒ സ്‌നേഹിൽകുമാർ സിങ് ഇതു പറയുമ്പോൾ കേരളത്തിന്റെ ഐടി വരുമാനത്തെ കൈപിടിച്ചുയർത്തുകയാണ് ടെക്‌നോപാർക്ക് എന്ന കാര്യവും മറന്നൂകൂടാ. 2021-22 സാമ്പത്തികവർഷം മൊത്തം കയറ്റുമതി 9775കോടിരൂപയിലെത്തി. വളർച്ച 15 ശതമാനമാണ്.
2019-20 കാലയളവിൽ 7,890 കോടിയായിരുന്നു ടെക്‌നോപാർക്കിന്റെ വരുമാനം. എന്നാൽ, 2020-21 കാലയളവിൽ 7.7 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. കൂടാതെ, ടെക്‌നോപാർക്കിലെ കമ്പനികളുടെ എണ്ണവും ജീവനക്കാരുടെ എണ്ണവും വർദ്ധിച്ചിട്ടുണ്ട്. നിലവിൽ 10.6 ദശലക്ഷം ചതുരശ്രയടി സ്ഥലത്തായി 470 കമ്പനികളിൽ 70,000 ജീവനക്കാരാണ് ടെക്‌നോപാർക്കിൽ പ്രവർത്തിക്കുന്നത്. കഴിഞ്ഞ ഒന്നരവർഷത്തിനിടെ ആകെ 78 കമ്പനികൾ 2,68,301 ചതുരശ്രയടി സ്ഥലത്തായി പുതിയ ഐ.ടി. ഓഫീസുകൾ ആരംഭിച്ചു. ഈ വർഷം മാത്രം(2022 ഏപ്രിൽ മുതൽ നവംബർ വരെ) 1,91,703 ചതുരശ്രയടി സ്ഥലത്ത് 37 കമ്പനികൾക്കാണ് ടെക്‌നോപാർക്ക് സ്ഥലം അനുവദിച്ചത്. കഴിഞ്ഞ സാമ്പത്തികവർഷം 460 കമ്പനികളിൽനിന്നായി 8501 കോടിയായിരുന്നു ടെക്‌നോപാർക്കിന്റെ കയറ്റുമതി വരുമാനം.
ഇതിനുപുറമേ കൃത്യമായി ജി.എസ്.ടി. നികുതി ഫയൽ ചെയ്തതിന് കേന്ദ്രസർക്കാരിന്റെയും ക്രിസലിന്റെയും(ക്രെഡിറ്റ് റേറ്റിങ് ഇൻഫർമേഷൻ സർവീസ് ഓഫ് ഇന്ത്യ) അംഗീകാരവും 2023 ജൂൺവരെ ക്രിസൽ എ പ്ലസ് ഗ്രേഡും 2021-22 സാമ്പത്തികവർഷം ടെക്‌നോപാർക്ക് നേടി.കേരളത്തിന്റെ ഐ.ടി. കയറ്റുമതിയിൽ ടെക്‌നോപാർക്കിന്റെ പങ്ക് വളരെ വലുതാണെന്നും ഇത് ഓരോ സാമ്പത്തികവർഷവും ഉയർച്ചയിലേക്കാണ് കുതിക്കുന്നതെന്നും കേരള ഐ.ടി. പാർക്ക്‌സ് സിഇഒ. സ്‌നേഹിൽ കുമാർ സിങ് പറഞ്ഞു.
32 വർഷം പിന്നിടുമ്പോൾ ഓർക്കാൻ ഒരുപാട്
1990 ജൂലൈ 28നാണ് ഇലക്ട്രോണിക് ടെക്നോളജി പാർക് എന്ന പേരിൽ സൊസൈറ്റി രൂപീകരിച്ച് ടെക്നോപാർക് പിറവികൊണ്ടത്. രാജ്യത്തെ ആദ്യ ഐടി പാർക് എന്ന ആശയത്തിനു 1990ൽ ഇ കെ നായനാരുടെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാർ ആണ് രൂപം നൽകിയത്. കാര്യവട്ടം ക്യാമ്പസിലെ വൈദ്യൻകുന്നെന്ന 50 ഏക്കർ കുറ്റിക്കാടാണ് ലോകത്തിന്റെ ഐടി ഭൂപടത്തിൽ ഇടംപിടിച്ച ടെക്നോപാർക്കായി ഇന്ന് വളർന്നു പന്തലിച്ചത്.
കെപിപി നമ്പ്യാരെന്ന വ്യവസായ ഉപദേഷ്ടാവിന്റെ ദീർഘവീക്ഷണത്തിന് ഇ കെ നായനാരെന്ന മുഖ്യമന്ത്രിയും കെ ആർ ഗൗരിയമ്മ എന്ന വ്യവസായ മന്ത്രിയും നൽകിയ ഉറച്ച പിന്തുണയാണ് ടെക്നോപാർക്കിന്റെ അടിത്തറ. 1991 മാർച്ച് 31ന് ഇ കെ നായനാർ ആദ്യശില പാകി. പ്രധാനമന്ത്രിയായിരുന്ന പി വി നരസിംഹറാവു 1995 നവംബർ 18ന് രാജ്യത്തിനു സമർപ്പിച്ചു. കെ പി പി നമ്പ്യാരായിരുന്നു ആദ്യ ചെയർമാൻ. ജി വിജയരാഘവൻ ആദ്യ സിഇഒയും.5000 പ്രത്യക്ഷ തൊഴിലവസരമാണ് 1989ൽ ടെക്‌നോപാർക് വിഭാവനം ചെയ്തതെങ്കിൽ ഇന്ന് 70,000 ഓളം പേരാണ് ഇവിടെ ജോലിചെയ്യുന്നത്. മൂന്നിരട്ടിയോളം പരോക്ഷ തൊഴിലവസരങ്ങളും. ലോകത്തെ മുൻനിര കമ്പനികളടക്കം 460 ലേറെ കമ്പനികൾ ഇന്ന് ടെക്നോപാർക്കിലുണ്ട്.
മറുനാടന്‍ മലയാളി ബ്യൂറോ