- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബൈജൂസിൽ നിന്ന് രണ്ടു മുതിർന്ന ഉദ്യോഗസ്ഥർ കൂടി രാജി വച്ചു.
ബെംഗളൂരു: കടുത്ത സാമ്പത്തിക പ്രതിസന്ധിയും, നിക്ഷേപകർ കയ്യൊഴിഞ്ഞതും അടക്കം പ്രശ്നങ്ങൾ കുന്നുകൂടുന്നതിനിടെ, എഡ് ടെക് കമ്പനിയായ ബൈജൂസിൽ നിന്ന് രണ്ടു മുതിർന്ന ഉദ്യോഗസ്ഥർ കൂടി രാജി വച്ചു. ബൈജൂസിന്റെ ഉപദേശക സമിതിയിൽ നിന്ന് എസ്ബിഐ മുൻ മേധാവി രജനീഷ് കുമാർ, ഇൻഫോസിസ് മുൻ സിഎഫ്ഒ ടി വി മോഹൻദാസ് പൈ എന്നിവർ തങ്ങളുടെ കരാറുകൾ പുതുക്കേണ്ടെന്ന് തീരുമാനിച്ചു. ഇരുവരുടെയും ഒരുവർഷ കാലാവധി ജൂൺ 30 നാണ് അവസാനിക്കുന്നത്.
ബൈജൂസ് സ്ഥാപകൻ ബൈജു രവീന്ദ്രനെ തങ്ങളുടെ തീരുമാനം രജനീഷ് കുമാറും, ടി വി മോഹനദാസ് പൈയും അറിയിച്ചു. നേരത്തെ കമ്പനി ബോർഡിൽ നിന്ന് നിരവധി പേർ രാജി വച്ചുപോയിരുന്നു. കമ്പനിയുടെ ഭാവിയിൽ ആശങ്ക പൂണ്ട നിക്ഷേപകരെ അനുനയിപ്പിക്കാൻ വേണ്ടിയാണ് ബൈജൂസ് ഉപദേശക സമിതി രൂപീകരിച്ചത്.
വായ്പാദാതാക്കൾ, മുഖ്യ ഓഹരി ഉടമകൾ എന്നിവരിൽ നിന്ന് യുഎസിലും ഇന്ത്യയിലുമായി നിരവധി കേസുകളാണ് കമ്പനി നേരിടുന്നത്. ഈ പശ്ചാത്തലത്തിലാണ് പൈയും, കുമാറും വിട്ടുപോകുന്നത്. മാനേജ്മെന്റ് പിടിപ്പുകേടിന് ബൈജു രവീന്ദ്രനെ പുറത്താക്കണം എന്നാണ് വായ്പാ ദാതാക്കാളും ഓഹരി ഉടമകളും ആവശ്യപ്പെടുന്നത്.
ബൈജൂസിന്റെ യഥാർഥ സാമ്പത്തിക നില വെളിപ്പെടുത്തുക, ടീമിന്റെ പുനഃ സംഘടിപ്പിക്കാൻ ബൈജു രവീന്ദ്രനെ സഹായിക്കുക, ഓഹരി ഉടമകളുമായി മികച്ച രീതിയിൽ ആശയവിനിമയം നടത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഉപദേശക സമിതി രൂപീകരിച്ചത്. കമ്പനി ബോർഡ് വികസിപ്പിക്കാനും, ബോർഡ് കമ്മിറ്റിയുടെ ഘടനയിൽ മാറ്റം വരുത്താനും ഉപദേശേക സമിതി ബൈജു രവീന്ദ്രനൊപ്പം പ്രവർത്തിച്ചു. എന്നാൽ, കേസുകൾ പെരുകിയതോടെയാണ് പിടിച്ചുനിൽക്കാനാവാതെ വന്നത്.
രജനീഷ് കുമാറും മോഹൻദാസ് പൈയും കഴിഞ്ഞ വർഷം വിലമതിക്കാനാകാത്ത പിന്തുണയാണ് നൽകിയതെന്ന് ബൈജു രവീന്ദ്രൻ വ്യക്തമാക്കി. ഏത് ഉപദേശത്തിനും എപ്പോഴും തങ്ങളെ ബന്ധപ്പെടാമെന്നും ഇരുവരും പറഞ്ഞു. കനത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് എഡ്ടെക് സ്ഥാപനമായ ബൈജൂസ് കടന്നുപോകുന്നത്. ശമ്പളം നൽകാൻ പോലും പണമില്ലെന്ന് കമ്പനി വ്യക്തമാക്കിയിരുന്നു. നിരവധി ജോലിക്കാരെ പറഞ്ഞയക്കുകയും ചെയ്തു. നിക്ഷേപകരിൽ ചിലരുടെ ബുദ്ധിശൂന്യമായ നിലപാടാണ് ശമ്പളം നൽകാനായി സ്വരൂപിച്ച പണം പോലും ചെലവഴിക്കാനാകാത്തതെന്ന് സ്ഥാപകനായ ബൈജു രവീന്ദ്രൻ ജീവനക്കാർക്ക് അയച്ച കത്തിൽ പറഞ്ഞിരുന്നു.
2011ൽ ആരംഭിച്ച ബൈജൂസ്, 2022ൽ 22 ബില്യൺ ഡോളറിന്റെ ഇന്ത്യയിലെ ഏറ്റവും മൂല്യവത്തായ സ്റ്റാർട്ടപ്പായി മാറിയിരുന്നു. എന്നാൽ, ഇന്ന് കമ്പനിയുടെ തന്നെ നിക്ഷേപകരായ ബ്ലാക്ക് റോക്ക് അത് ഒരു ബില്യനായി വെട്ടിക്കുറച്ചിരിക്കുന്നു. മോശം കോർപറേറ്റ് ഭരണം കാരണം നിരവധി നിക്ഷേപകർ ബോർഡിൽ നിന്ന് രാജി വച്ചു. ബൈജൂസിന്റെ ഓഡിറ്റർ ഡിലോയിറ്റ് രാജി വച്ചു. പ്രശ്നം വഷളാക്കി ആയിരക്കണക്കിന് ജീവനക്കാരെ പറഞ്ഞുവിട്ടു. ശമ്പളം വൈകുകയോ, കൊടുക്കാതിരിക്കുകയോ ചെയ്തു. ചീഫ് എക്സിക്യൂട്ടീവ് അർജുൻ മോഹൻ രാജിവച്ചു. കോടതികളിലെയും, ദേശീയ കമ്പനി നിയമ ട്രിബ്യൂണലിലെയും കേസുകൾ കൂടിയായതോടെ ബൈജൂസ് നിലയില്ലാ കയത്തിലായി.