- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കടമെടുപ്പ് പരിധി വെട്ടിക്കുറിച്ച കേന്ദ്രസർക്കാർ നടപടി കേരളത്തെ ശ്വാസംമുട്ടിക്കുന്നത്: കെ എൻ ബാലഗോപാൽ
തിരുവനന്തപുരം: സാമ്പത്തിക വർഷത്തിന്റെ അവസാനപാദത്തിൽ സംസ്ഥാനത്തിന് കടമെടുക്കാമായിരുന്ന തുക ഭീമമായി വെട്ടിച്ചുരുക്കിയ കേന്ദ്രസർക്കാരിന്റെ നടപടിക്കെതിരെ സംസ്ഥാന ധനമന്ത്രി കെ എൻ ബാലഗോപാൽ. കേന്ദ്രസർക്കാറിന്റെ നടപടി കേരളത്തെ ശ്വാസംമുട്ടിക്കുന്നതാണെന്ന് ബാലഗോപാൽ പറഞ്ഞു. ഏഴായിരംകോടി രൂപയെങ്കിലും ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. 1838 കോടി മാത്രം എടുക്കാനാണ് അനുമതി നൽകിയത്. ആശങ്കയുണ്ടാക്കുന്ന നടപടിയാണ് കേന്ദ്രസർക്കാർ കൈക്കൊണ്ടിരിക്കുന്നതെന്നും പ്രതിസന്ധികൾ മറികടക്കാനുള്ള ആത്മവിശ്വാസത്തോടെ സംസ്ഥാനം മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തിന്റെ വരുമാനം കഴിഞ്ഞ്, വലിയതോതിൽ തുക അധികം വേണ്ടിവരുന്ന സമയമാണ് അവസാനപാദത്തിലുള്ളത്. മാർച്ചിൽ മാത്രം 20,000 കോടിയാണ് ആവശ്യം. ഭരണഘടനാപരമായും ധനകാര്യകമീഷൻ നിർദ്ദേശം അനുസരിച്ചും സംസ്ഥാനത്തിന് അർഹതപ്പെട്ട തുകയാണ് വെട്ടിക്കുറച്ചത്. അർഹതയുള്ളതുകൂടാതെ, കൂടുതൽ തുക വേണം എന്ന് കേരളം ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന സമയത്താണ് ശത്രുതാപരമായ നടപടി - ധനമന്ത്രി പറഞ്ഞു.
ട്രഷറി ഉൾപ്പെടെയുള്ള പബ്ലിക് അക്കൗണ്ടിന്റെ പേരുപറഞ്ഞാണ് വെട്ടിക്കുറയ്ക്കുന്നത്. പബ്ലിക് അക്കൗണ്ടിൽ പണമില്ല, എന്നിട്ടും വെട്ടിച്ചുരുക്കി. സംസ്ഥാനത്തിന്റെ എല്ലാ സാമ്പത്തികമായ കണക്കുകൂട്ടലുകളേയും ഇത് ബാധിക്കും. ശമ്പളം, പെൻഷൻ, ചികിത്സാസഹായങ്ങൾ, സാമൂഹിക പെൻഷൻ, നിർമ്മാണപ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ള ദൈനംദിന കാര്യങ്ങൾക്കുതന്നെ കേരളം ബുദ്ധിമുട്ടുകയാണ്. ഇക്കാര്യങ്ങൾ മുഖ്യമന്ത്രിതന്നെ കേന്ദ്രസർക്കാരിന്റെയും ധനമന്ത്രിയുടെയും ശ്രദ്ധയിൽപെടുത്തിയിരുന്നു.
അർഹമായ തുക കടമെടുക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് വീണ്ടും കേന്ദ്രത്തെ സമീപിക്കും. വൈരനിര്യാതന ബുദ്ധിയോടെയാണ് കേന്ദ്രസർക്കാർ പെരുമാറരുത്. അർഹതപ്പെട്ട നികുതിവിഹിതംപോലും നൽകുന്നില്ല. അതിനെതിരേ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. കേരളം മറ്റ് സംസ്ഥാനങ്ങൾക്കും ലോകരാജ്യങ്ങൾക്കും മുന്നിൽ മതൃകാപരമായ നേട്ടങ്ങൾ കൈവരിച്ചുകൊണ്ടാണ് മുന്നേറുന്നത്. സംസ്ഥാനത്തിനുമാത്രം ഇത്രയും കാര്യങ്ങൾ ചെയ്യാനാകില്ല. ആകെ ചെലവിന്റെ 65 ശതമാനവും വഹിക്കേണ്ടത് സംസ്ഥാനങ്ങളാണ്. കേന്ദ്ര, സംസ്ഥാന ബന്ധം സുഗമമാക്കാനാണ് ശ്രമിക്കേണ്ടതെന്നും ധനമന്ത്രി പറഞ്ഞു.
കേന്ദ്രം കടുത്ത അവഗണന തുടരുമെന്ന നിലയിലാണ് ഇപ്പോഴത്തെ കാര്യങ്ങൾ. അതുകൊണ്ട്, തന്നെ സംസ്ഥാനത്തെ ബജറ്റ് അവതരണവും വെല്ലുവിളിയാണ്. സാമ്പത്തികപ്രതിസന്ധി നേരിടാൻ പുതിയ വരുമാനമർഗങ്ങൾ നിർദേശിക്കാൻ ധനമന്ത്രി അധ്യക്ഷനായി 14 പേർ ഉൾപ്പെടുന്ന വിദഗ്ധസമിതി രൂപവത്കരിച്ചതായി ഉത്തരവ് പുറത്തിറക്കിയെങ്കിലും പിന്നീടത് ധനവകുപ്പിന്റെ വെബ്‌സൈറ്റിൽനിന്ന് നീക്കി. ഇതും ആശയക്കുഴപ്പമായിരുന്നു. ബജറ്റിന് മുന്നോടിയായുള്ള ചർച്ചയ്ക്ക് വിദഗ്ധരെ ക്ഷണിക്കാനുള്ള നിർദ്ദേശം നൽകിയത് വിദഗ്ധസമിതി രൂപവത്കരിച്ചെന്ന് ഉദ്യോഗസ്ഥർ തെറ്റിധരിച്ചെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാൽ സമിതി അംഗങ്ങളെ കുറിച്ചുള്ള രണ്ടഭിപ്രായമാണ് ഉത്തരവ് മാറ്റാനുള്ള കാരണമെന്നും പറയുന്നു. അങ്ങനെ സർവ്വത്ര ആശയക്കുഴപ്പത്തിലാണ് ധനവകുപ്പ്.
കേന്ദ്രം കടപരിധി കുറച്ചതോടെ ക്ഷേമ പെൻഷൻ വിതരണമടക്കമുള്ള വർഷാന്ത്യ ചെലവുകളിലും വലിയ പ്രതിസന്ധിയായിരിക്കും സർക്കാർ നേരിടേണ്ടിവരുക. സാമ്പത്തിക വർഷത്തിന്റെ തുടക്കം മുതൽ ഡിസംബർ വരെ മൂന്ന് പാദങ്ങളിലെ തുക ഒരുമിച്ചും, ജനുവരി മുതൽ മാർച്ച് വരെയുള്ള തുക പിന്നീടും എന്ന നിലയിലാണ് കടമെടുപ്പിന് കേന്ദ്രം അനുമതി നൽകുന്നത്.
ഈ വർഷം ആകെ 45,689.61 കോടി കേരളത്തിന് കടമെടുക്കാമെന്നായിരുന്നു കേന്ദ്രത്തിന്റെ കണക്ക്. ഡിസംബർ വരെ പൊതു വിപണിയിൽനിന്ന് 23,852 കോടി രൂപ സമാഹരിക്കാൻ കേന്ദ്രത്തിന്റെ അനുമതിയും കിട്ടിയിരുന്നു. അവസാന പാദത്തിൽ കേരളം 7437.61 കോടിയാണ് കേന്ദ്രത്തോടെ ആവശ്യപ്പെട്ടത്. എന്നാൽ, 1838 കോടി മാത്രമാണ് കേന്ദ്രം അനുവദിച്ചത്. ഇതോടെ വർഷാവസാന ചെലവുകൾ അവതാളത്തിലാകുന്ന സ്ഥിതിയാണുള്ളത്.