- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഞ്ചു ദിവസമായി ട്രഷറി ഓവർഡ്രാഫ്റ്റിൽ
തിരുവനന്തപുരം: സംസ്ഥാനത്തെ ഫെബ്രുവരി രണ്ടിന് ബജറ്റ് അവതരിപ്പിക്കാനിരിക്കവേ സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമായി. വായപ്പയെടുക്കാൻ മാർഗ്ഗങ്ങൾ ഇല്ലാതായതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. കേന്ദ്രത്തിന്റെ നിസ്സഹകരണവും ഇക്കാര്യത്തിൽ സംസ്ഥാന സർക്കാറിനെ വെട്ടിലാക്കുന്നതായി. കഴിഞ്ഞ അഞ്ചുദിവസമായി ട്രഷറി ഓവർഡ്രാഫ്റ്റിലാണ്.
2500 കോടി രൂപകൂടി വായ്പയെടുക്കാൻ അനുവദിക്കാമെന്ന് സമ്മതിച്ചിരുന്നെങ്കിലും അതും കേന്ദ്രം തടഞ്ഞതായി സർക്കാർവൃത്തങ്ങൾ പറയുന്നു. കൂടുതൽ വായ്പ അനുവദിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞയാഴ്ച ധനവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രബീന്ദ്രകുമാർ അഗർവാൾ ഡൽഹിയിൽ ചർച്ചനടത്തിയിരുന്നു. അടച്ചുതീർത്ത വായ്പയ്ക്ക് പകരമായി (റീപ്ലെയ്സ്മെന്റ് ബോറോയിങ്) 2500 കോടി രൂപ എടുക്കാൻ ധനമന്ത്രാലയം സമ്മതമറിയിച്ചെങ്കിലും അവസാനനിമിഷം അനുമതി തടയുകയായിരുന്നു.
സുപ്രീംകോടതിയിലെ കേസാണ് ഇക്കാര്യത്തിൽ സർക്കാറിനെ വെട്ടിലാക്കിയത്. സാമ്പത്തിക അവഗണന നേരിടാൻ കേന്ദ്രത്തിനെതിരേ നൽകിയ കേസ് സുപ്രീംകോടതി പരിഗണിക്കുന്ന പശ്ചാത്തലത്തിലാണ് കേരളത്തിനുള്ള വായ്പ കേന്ദ്രം തടഞ്ഞതെന്നാണ് സംസ്ഥാനസർക്കാർ കരുതുന്നത്. ഇതോടെ കേന്ദ്രത്തിനെതിരെ യുദ്ധപ്രഖ്യാപനം നടത്തി കൂടുതൽ വെട്ടിലായ അവസ്ഥയിലാണ് ബാലഗോപാലും സംഘവും.
25-നാണ് കേസ് സുപ്രീംകോടതി പരിഗണിക്കുന്നത്. അതിനുശേഷമേ വായ്പയുടെ കാര്യത്തിൽ അന്തിമതീരുമാനമുണ്ടാവാൻ സാധ്യതയുള്ളൂ. ട്രഷറിയിൽ ദിവസബാക്കിയായി 1.66 കോടി രൂപ ഇല്ലെങ്കിൽ റിസർവ് ബാങ്കിൽനിന്ന് താത്കാലിക വായ്പ (വേയ്സ് ആൻഡ് മീൻസ്) ലഭിക്കും. കേരളത്തിന് 1644 കോടിരൂപയാണ് ഇങ്ങനെ കിട്ടുന്നത്. ഇതുംകവിഞ്ഞ് പണമെടുക്കുമ്പോഴാണ് ഓവർ ഡ്രാഫ്റ്റ് ആകുന്നത്. വേയ്സ് ആൻഡ് മീൻസിന് തുല്യമായ 1644 കോടികൂടി ഓവർഡ്രാഫ്റ്റായി എടുക്കാം. കേരളം ഇതിനകം ഏകദേശം 1300 കോടി രൂപ ഓവർഡ്രാഫ്റ്റിലാണ്. 14 ദിവസത്തിനകം വേയ്സ് ആൻഡ് മീൻസും ഓവർ ഡ്രാഫ്റ്റും ചേർന്ന തുക തിരിച്ചടച്ചില്ലെങ്കിൽ ട്രഷറി ഇടപാടുകൾ നിർത്തിവെക്കേണ്ടിവരും.
ഇതുവരെ അനുവദിച്ചതിൽ ആയിരംകോടി രൂപ വായ്പയാണ് ഇനി എടുക്കാനുള്ളത്. കേന്ദ്രനികുതി വിഹിതം ഈയാഴ്ച ലഭിക്കും. ഇതുംരണ്ടും ചേർത്ത് ഓവർഡ്രാഫ്റ്റ് ഒഴിവാക്കാനുള്ള ശ്രമത്തിലാണ് ധനവകുപ്പ്. എന്നാൽ, സാമ്പത്തികവർഷത്തിന്റെ അവസാനഘട്ടമായതിനാൽ കടുത്ത ആശങ്കയുണ്ട്. സംസ്ഥാനത്തിന്റെ തനതുവരുമാനംകൊണ്ട് ബാധ്യതകൾ നിറവേറ്റാനാവില്ല. അതിനാൽ മാർച്ചിൽ ചെലവുചുരുക്കുകയേ നിവൃത്തിയുള്ളൂ.
വൈദ്യുതിമേഖലയുടെ പരിഷ്‌കാരങ്ങളുടെ അടിസ്ഥാനത്തിൽ കേന്ദ്രം 4065 കോടി രൂപ അനുവദിക്കാനുണ്ട്. ഇതാണ് സാമ്പത്തിക വർഷാവസാനത്തിൽ സർക്കാരിന്റെ പ്രധാന പ്രതീക്ഷ. സ്മാർട്ട് മീറ്റർ സ്ഥാപിക്കുന്നത് ഉൾപ്പെടെയുള്ള കേന്ദ്ര നിബന്ധനകൾ പാലിക്കാത്തത് ഈ വായ്പയെ ബാധിക്കുമോയെന്നും ആശങ്കയുണ്ട്.
സാമ്പത്തിക പ്രതിസന്ധിയിൽ കേന്ദ്രത്തിനെതിരെ സമരം ചെയ്യാൻ ഡൽഹിക്ക് പുറപ്പെടാൻ ഒരുങ്ങുകയാണ് സംസ്ഥാന സർക്കാർ. ഇതിനായി പ്രതിപക്ഷ സഹകരണം തേടിയെങ്കിലും അതുണ്ടായില്ല. കേന്ദ്ര സർക്കാറിനെതിരെ സമരം ചെയ്യാൻ സംസ്ഥാന സർക്കാർ വേറെ ആളെ നോക്കിയാൽ മതിയെന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. സാമ്പത്തിക പ്രതിസന്ധി കേരളസർക്കാർ ഉണ്ടാക്കിയ കുഴപ്പമാണ്. നികുതിവെട്ടിപ്പ്കാരുടെ പറുദീസ ആണ് കേരളം. കേന്ദ്രത്തിന് എല്ലാ രേഖകളും കൊടുത്തിട്ട് പണം കിട്ടുന്നില്ലെങ്കിൽ പിന്തുണയ്ക്കുന്ന കാര്യം പരിഗണിക്കാമെന്നും വിഡി സതീശൻ പറഞ്ഞു.
കേന്ദ്ര സർക്കാരിനെതിരായ ഡൽഹി സമരത്തിനില്ലെന്ന് സർക്കാരിനെ രേഖാമൂലം പ്രതിപക്ഷം അറിയിച്ചുകഴിഞ്ഞു. കേന്ദ്രത്തിന് എതിരെ മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങളിൽ ചിലതിനോട് യോജിപ്പുണ്ട്. നിരവധി കാരണങ്ങളിൽ ഒന്നു മാത്രമാണ് കേന്ദ്ര അവഗണനയെന്നും പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്കയച്ച കത്തിൽ ചൂണ്ടിക്കാട്ടുന്നു.
വൻകിട പദ്ധതികളുടെ പേരിൽ നടക്കുന്ന അഴിമതിയും ധൂർത്തും ധനപ്രതിസന്ധിക്ക് ആക്കം കൂട്ടിയെന്നും കുറ്റപ്പെടുത്തലുണ്ട്. വിഭവ സമാഹരണത്തിന് ഒരു നടപടിയും സ്വീകരിക്കാതെ കടമെടുപ്പിനെ മാത്രം ആശ്രയിച്ച് മുന്നോട്ടുപോവുന്നതിലും പ്രതിപക്ഷം വിമർശനമുന്നയിക്കുന്നു. ഇത്തരത്തിൽ സംസ്ഥാന സർക്കാരിന്റെവീഴ്ചകൾ അക്കമിട്ടു നിരത്തി സുദീർഘമായ കത്ത് നൽകിയാണ് തങ്ങൾ ഇത്തരമൊരു സമരത്തിനില്ലെന്ന് പ്രതിപക്ഷം വ്യക്തമാക്കിയത്.
ഇന്നലെ നടന്ന യു.ഡി.എഫ് ഏകോപന സമിതി യോഗത്തിലാണ് സർക്കാർ നടത്തുന്ന സമരവുമായി സഹകരിക്കേണ്ടതില്ലെന്ന് പ്രതിപക്ഷം തീരുമാനിച്ചത്. പ്രതിപക്ഷം തീരുമാനം അറിയിക്കുന്നതിന് മുമ്പേ എൽ.ഡി.എഫ് സമരം പ്രഖ്യാപിച്ചത് ശരിയായില്ല. സാമ്പത്തിക പ്രതിസന്ധിക്ക് സംസ്ഥാന സർക്കാരും ഉത്തരവാദികളെന്നും യുഡിഎഫ് വിലയിരുത്തി.