- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്വിറ്റർ ഏറ്റെടുത്തു കുടുങ്ങിയ ഇലോൺ മസ്‌ക്കിന് കനത്ത തിരിച്ചടി; ലോകത്തിലെ ഏറ്റവും സമ്പന്നൻ ഇനി ഇലോൺ മസ്‌ക് അല്ല; മസ്‌ക്കിനെ കടത്തിവെട്ടി ഒന്നാമനായി ഫ്രഞ്ച് ബിസിനസുകാരൻ; ഫോബ്‌സ് പട്ടികയിൽ ഒന്നാമനായി ഫാഷൻ രംഗത്തെ പ്രമുഖരായ എൽവി എംഎച്ചിന്റെ ചെയർമാൻ ബെർണാഡ് അർണോൾട്ട്; മസ്‌ക്കിൽ വിശ്വാസം പോയി ടെസ്ലയിലെ നിക്ഷേപം പിൻവലിച്ചത് അമേരിക്കൻ വമ്പന് തിരിച്ചടിയായി
വാഷിങ്ടൺ: ട്വിറ്റർ ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചു കുടുങ്ങിയതാണ് ലോകത്തെ ഒന്നാം നമ്പർ കോടീശ്വരനായിരുന്ന ഇലോൺ മസ്‌ക്ക്. മറ്റു വഴികൾ ഇല്ലാതെ മനസ്സില്ലാ മനസ്സോടെ കമ്പനി ഏറ്റെടുത്തിന് ശേഷം ട്വിറ്ററിൽ പരിഷ്‌ക്കരണങ്ങളുമായി മുന്നോട്ടാണ് അദ്ദേഹം. അതേസമയം സൈബറിടത്തിൽ അടക്കം സ്വയം കോമാളിയായി മാറിയ മസ്‌ക്കിന് ഇത് തിരിച്ചടികളുടെ കാലമാണ്. ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനെന്ന് പേരെടുത്ത ട്വിറ്ററിന്റെ സിഇഒ ഇലോൺ മസ്‌കിന് ഇനി ആ സ്ഥാനമുണ്ടാവില്ല. ഒന്നാമനെന്ന കസേരയിലേക്ക് പുതിയൊരു താരം രംഗപ്രവേസനം ചെയ്തു കഴിഞ്ഞു.
ഫോബ്സ് റിപ്പോർട്ട് പ്രകാരം ഫ്രഞ്ച് ബിസിനസുകാരനും ഫാഷൻ രംഗത്തെ പ്രമുഖരായ എൽവി എംഎച്ചിന്റെ ചെയർമാനുമായ ബെർണാഡ് അർണോൾട്ടാണ് ഇപ്പോഴത്തെ ഏറ്റവും വലിയ സമ്പന്നൻ. ടെസ്ലയുടെ ഓഹരിമൂല്യത്തിലുണ്ടായ ഇടിവാണ് ഇലോൺ മസ്‌കിന് തിരിച്ചടിയായതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ടെസ്ലയുടെ ഓഹരികളിൽ നാല് ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഇലോൺ മസ്‌കിന്മേലുള്ള വിശ്വാസം നഷ്ടപ്പെട്ടതാണ് ടെസ്ലയിലെ നിക്ഷേപം പിൻവലിക്കാൻ ആളുകളെ പ്രേരിപ്പിച്ചതെന്നാണ് ലഭിക്കുന്ന വിവരം.
ഇതോടെ ലോകത്തെ ഏറ്റവും വലിയ സമ്പന്നനെന്ന ഖ്യാതി ഇലോൺ മസ്‌കിന് നഷ്ടമായിരിക്കുകയാണ്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 176.8 ബില്ല്യൺ ഡോളറാണ് ഇലോൺ മസ്‌കിന്റെ ആസ്തി. എന്നാൽ 188.2 ബില്യണിന്റെ ആസ്തിയുള്ള ബെർണാഡ് അർണോട്ട് മസ്‌കിനെ കടത്തിവെട്ടിയിരിക്കുകയാണ്. 11.8 ബില്യണിന്റെ വ്യത്യാസമാണ് ബെർണാഡുമായി മസ്‌കിനുള്ളത്. ട്വിറ്ററിന്റെ മേധാവിയായി സ്ഥാനം ഏറ്റെടുത്ത ശേഷം മസ്‌കിന് മറ്റ് ബിസിനസുകളിലെ താത്പര്യം കുറഞ്ഞുവെന്നുള്ള ആരോപണങ്ങൾ ഉയർന്നിരുന്നു. 44 ബില്യൺ ഡോളർ ചെലവഴിച്ച് ഏറ്റെടുത്ത ട്വിറ്ററിൽ മാത്രമാണ് മസ്‌കിനിപ്പോൾ ശ്രദ്ധയെന്നുമാണ് ഉയരുന്ന വാദം.
അതേസമയം, ബെർണാഡ് അർണോൾട്ടിന്റെ ആസ്തിയിൽ കുതിപ്പാണ് രേഖപ്പെടുത്തുന്നത്. ഏഴുപതോളം കമ്പനികളാണ് ബെർണാഡ് അർണോൾട്ടും കുടുംബവും സ്വന്തമാക്കിയിട്ടുള്ളത്. മാർക്ക് ജേക്കബ്സ്, ലോറോ പിയാന ഉൾപ്പടെയുള്ള പ്രമുഖ ഫാഷൻ കമ്പനികൾ ഇതിലുൾപ്പെടും. കഴിഞ്ഞാഴ്ചയും അർണോൾട്ട് മസ്‌കിനെ മറികടന്ന് സമ്പന്നന്മാരുടെ പട്ടികയിൽ ഒന്നാമതെത്തിയെങ്കിലും നേരിയ വ്യത്യാസമേ ആസ്തിയിൽ ഉണ്ടായിരുന്നുള്ളു. കുറഞ്ഞ സമയത്തിനുള്ളിൽ മസ്‌ക് ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഇരുവരും തമ്മിലുള്ള ആസ്തിയിൽ സാരമായ വ്യത്യാസമുണ്ട്. ഇക്കാരണം കൊണ്ടുതന്നെ കുറച്ചുനാൾ അർണോൾട്ടിന്റെ ഒന്നാം സ്ഥാനത്തിന് മസ്‌കിന്റെ വെല്ലുവിളിയുണ്ടാകാൻ സാധ്യതയില്ല.
ട്വിറ്ററിന്റെ നേതൃസ്ഥാനത്തേക്ക് ടെസ്ലയുടെ സിഇഒ ആയ ഇലോൺ മസ്‌ക് എത്തിയിരുന്നു 2022ൽ ഏറ്റവും വലിയ ചർച്ചയായത്. എന്നാൽ ട്വിറ്ററുമായുണ്ടാക്കിയ ആദ്യ കരാറിൽ നിന്ന് അദ്ദേഹം പിന്നോട്ടു പോയി. കമ്പനി മേധാവികൾ കോടതി വഴി പുതിയൊരു കരാറിന് ഇലോൺ മസ്‌കിൽ സമ്മർദ്ദം ചെലുത്തുകയും ചെയ്തതോടെ മസ്‌കിന് അത് അനുസരിക്കേണ്ടി വന്നു. ട്വിറ്ററിന്റെ സ്ഥാനം ഏറ്റെടുത്ത മസ്‌ക് ആദ്യം തന്നെ കമ്പനിയുടെ ഉയർന്ന ഉദ്യോഗസ്ഥർ അടക്കമുള്ളവരെ കൂട്ടത്തോടെ പിരിച്ചുവിടുകയാണുണ്ടായത്.
ഏകദേശം 7500 ലധികം ജീവനക്കാരാണ് ഈ പിരിച്ചുവിടലിന്റെ ഫലം അനുഭവിച്ചത്. ട്വിറ്ററിൽ നടത്തിയ ചില മാറ്റങ്ങളും ഏറെ ചർച്ച ചെയ്യപ്പെട്ടു. മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉൾപ്പടെയുള്ളവരുടെ ട്വിറ്റർ അക്കൗണ്ട് പുനഃസ്ഥാപിച്ച മസ്‌കിന്റെ നടപടിയും രൂക്ഷമായി വിമർശിക്കപ്പെട്ടു. അതേസമയം മസ്‌ക് കൊണ്ടുവന്ന മാറ്റങ്ങളിൽ പ്രധാനപ്പെട്ടതാണ് 'ട്വിറ്റർ ബ്ലൂ' സബ്സ്‌ക്രിപ്ഷൻ. ഇതുമായി മുന്നോട്ടു പോകാനുള്ള പദ്ധതികളാണ് അണിയറയിൽ നടക്കുന്നത്.
നിശ്ചിത തുക നൽകി സബ്സ്‌ക്രിപ്ഷൻ എടുക്കുന്നവർക്ക് നിരവധി പ്രീമിയം ഫീച്ചറുകൾ ലഭിക്കും. അവയിൽ പ്രധാനപ്പെട്ടതാണ് ട്വീറ്റ് എഡിറ്റ് ചെയ്യാനുള്ള സൗകര്യവും 1080 പിക്‌സൽ വീഡിയോ പോസ്റ്റ് ചെയ്യാനുള്ള അവസരവും. 'ട്വിറ്റർ ബ്ലൂ' സബ്സ്‌ക്രൈബർമാർക്ക് മറ്റുള്ളവരെ അപേക്ഷിച്ച് 50 ശതമാനം പരസ്യങ്ങൾ മാത്രമേ കാണേണ്ടതുള്ളു. ഈ ബേസിക് പ്ലാനിന്റെ ഇന്ത്യയിലെ നിരക്ക് 999 രൂപയാണ്. എന്നാൽ ഇത്രയും തുക നൽകിയിട്ടും പരസ്യം മുഴുവനായും ഒഴിവാകാത്തതിലെ നീരസം ഉപയോക്താക്കൾ പ്രകടിപ്പിക്കുന്നുണ്ട്.
ഇപ്പോഴിതാ ബേസിക് പ്ലാനിന് പുറമെ മറ്റൊരു 'ട്വിറ്റർ ബ്ലൂ' പ്ലാൻ കൂടി പുറത്തിറക്കുമെന്ന് അറിയിച്ചിരിക്കുകയാണ് ഇലോൺ മസ്‌ക്. യാതൊരു പരസ്യങ്ങളുമില്ലാത്ത 'ട്വിറ്റർ ബ്ലൂ' സബ്സ്‌ക്രിപ്ഷൻ പ്ലാൻ ആയിരിക്കുമിതെന്നാണ് വിവരങ്ങൾ. അടുത്ത വർഷം പുതിയ പ്ലാൻ എത്തുമെന്ന് പറഞ്ഞുവെങ്കിലും കൃത്യമായ തീയതി അറിയിച്ചിട്ടില്ല. ട്വിറ്ററിൽ മസ്‌ക് നടപ്പിലാക്കുന്ന പദ്ധതികളുടെ വേഗം വെച്ചുനോക്കുമ്പോൾ അധികം വൈകാതെ തന്നെ പുതിയ പ്ലാൻ എത്താനാണ് സാധ്യത. അതേസമയം, നിലവിൽ വേരിഫൈഡ് ആയ അക്കൗണ്ടുകൾ ഉള്ളവരും 'ട്വിറ്റർ ബ്ലൂ' സബ്സ്‌ക്രിപ്ഷൻ എടുക്കേണ്ടതുണ്ട്. സബ്സ്‌ക്രിപ്ഷൻ എടുക്കാത്തവരുടെ ബ്ലൂ ബാഡ്ജ് നഷ്ടമാകുമെന്ന് ട്വിറ്റർ അറിയിച്ചിട്ടുണ്ട്.
മറുനാടന്‍ ഡെസ്‌ക്