- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൊട്ടതെല്ലാം പൊന്നാക്കുന്ന എലൺ മസ്കിന് അടിമുടി പിഴച്ചത് ട്വിറ്ററിൽ; ആറുമാസം മുൻപ് 44 ബില്യൺ മുടക്കി വാങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിന് ഇപ്പോൾ വില വെറും 15 ബില്യൺ മാത്രം; ട്വിറ്ററിന് സംഭവിച്ചു കൊണ്ടിരിക്കുന്നത് എന്ത് ?
ലോകത്തിലെ തന്നെ ഏറ്റവും വിജയിയായ സംരംഭകരിൽ ഒരാളാണ് ടെസ്ല ഉടമ എലൺ മസ്ക്. ആരും വേട്ടയാടാത്ത കാടുകളിൽ വേട്ടയാടുന്നതിന്റെ ആനന്ദവുമായി പുതിയ പുതിയ മേഖലകളിൽ കൈവച്ച് പൊന്ന് വിരിയിച്ച മനുഷ്യനാണ് മസ്ക്. ഇലക്ട്രിക് കാർ മുതൽ ബഹിരാകാശയാനം വരെ നീണ്ട പരീക്ഷണങ്ങൾക്കൊടുവിൽ നാം കണ്ടിട്ടുള്ളത് വിജയം നൽകിയ മാസ്മര ലഹരി നുൺഞ്ഞ് പുഞ്ചിരി പൊഴിക്കുന്ന എലൺ മസ്ക് എന്ന കോടീശ്വരനെയാണ്. പക്ഷെ അടിതെറ്റിയാൽ ആനയും വീഴും എന്ന പഴഞ്ചൊല്ല് അന്വർത്ഥമാകുമ്പോൾ മസ്കും പകച്ചു നിൽക്കുകയാണ്.
കഴിഞ്ഞ വർഷം ഒക്ടോബറിൽ 44 ബില്യൺ ഡോളറിന് സ്വന്തമാക്കിയ ട്വിറ്ററിലാണ് എലൺ മസ്കിന് അടിതെറ്റിയത്. വാങ്ങി ഏതാനും മാസങ്ങൾ മാത്രം കഴിഞ്ഞപ്പോഴേക്കും ഈ സമൂഹ മാധ്യമ പ്ലാറ്റ്ഫോമിന്റെ മൂല്യം കുത്തനെ ഇടിഞ്ഞിരിക്കുന്നു. ഇപ്പോൾ അതിന്റെ മൂല്യം വെറും 15 ബില്യൺ ഡോളർ മാത്രമാണെന്ന റിപ്പോർട്ടുകൾ പുറത്തു വരുന്നു.
ഫിഡെലിറ്റി ബ്ലൂചിപ്പ് ഗ്രോത്ത് ഫണ്ട് നടത്തിയ വിശകലനത്തിലായിരുന്നു ഇത് കണ്ടെത്തിയത്. ട്വിറ്ററിൽ ഉള്ള ഫിഡെലിറ്റിയുടെ സ്റ്റേക്കിന്റെ മൂല്യം 20 മില്യൺ ഡോളറിൽ നിന്നും 6.5 മില്യൺ ഡോളറായി കുറഞ്ഞു എന്നാണ് കമ്പനി കണ്ടെത്തിയത്. ഇക്കഴിഞ്ഞ ജനുവരിയിൽ കുത്തനെ ഇടിഞ്ഞ് ഈ മൂല്യം 7.8 മില്യണിൽ എത്തിയിരുന്നു. ഇപ്പോൾ വീണ്ടും താഴേക്ക് പോവുകയാണ്.
ഈ മൂല്യത്തകർച്ചയുടെ കാരണം പക്ഷെ ഫിഡെലിറ്റി വ്യക്തമാക്കിയിട്ടില്ല. അതേസമയം, താൻ അമിത വില നൽകിയായിരുന്നു ട്വിറ്റർ സ്വന്തമാക്കിയതെന്ന് നേരത്തേ മസ്ക് പറഞ്ഞിരുന്നു. താൻ നൽകിയ തുകയുടെ പകുതി മൂല്യം മാത്രമെ അന്ന് ട്വിറ്ററിനുണ്ടായിരുന്നുള്ളു എന്ന് മസ്ക് ഇക്കഴിഞ്ഞ മാർച്ചിൽ ഒരു ട്വീറ്റിലൂടെ പറഞ്ഞിരുന്നു. താൻ വാങ്ങിയതിനു ശേഷം മൂല്യം കുറഞ്ഞു എന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു മസ്ക് അന്ന് ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചു വിടാനുള്ള തീരുമാനമെടുത്തത്.
അതിനിടയിൽ എൻ ബി സി യൂണിവേഴ്സൽ അഡ്വെർട്ടൈസിങ് ചീഫ് ആയ ലിൻഡ യാക്കാരിനോയെ ട്വിറ്ററിലെ തന്റെ പിൻഗാമിയായി മസ്ക് പ്രഖ്യാപിച്ചു. ലിൻഡ പ്രാഥമികമായി ബിസിനസ്സ് കാര്യങ്ങൾ എല്ലാം തന്നെ നോക്കുമെന്നും താൻ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുക രൂപ കൽപനയിലും സാങ്കേതിക വിദ്യാ വികാസത്തിലുമായിരിക്കുമെന്നും മസ്ക് പറഞ്ഞു.
എലൺ മസ്ക് ഏറ്റെടുത്തതിനു തൊട്ട് പിന്നാലെ നല്ലതല്ലാത്ത കാര്യങ്ങൾക്ക് നിരവധി തവണ ട്വിറ്റർ മാധ്യമ വാർത്തകളിൽ ഇടം നേടിയിരുന്നു. പല പ്രമുഖരും ട്വിറ്ററിനെ കൈയൊഴിഞ്ഞതും വാർത്തയായിരുന്നു. അതിന്റെ ഏറ്റവും അവസാനത്തെ സംഭവമായി മാറിയിരിക്കുകയാണ് ഇടതുപക്ഷ ഡെമോക്രാറ്റിക് പ്രതിനിധി ഒക്കാസിയോ കോർറ്റെസിന്റെ കേസ്. വേരിഫൈ ചെയ്ത ഒരു അക്കൗണ്ടിൽ നിന്നും ഇവരെ അപമാനിക്കുന്ന രീതിയിലുള്ള ചില പോസ്റ്റുകൾ വന്നതാണ് പ്രശ്നമായിരിക്കുന്നത്.
അവരുടെ പേരിൽ തന്നെ ആരോ സൃഷ്ടിച്ച ഒരു വ്യാജ അക്കൗണ്ട് ആണ് പ്രശ്നം. വ്യാജ അക്കൗണ്ടിൽ വെരിഫിക്കേഷൻ മാർക്കുണ്ട്. മാത്രമല്ല, വ്യാജ അക്കൗണ്ടിൽ വന്ന ചില പോസ്റ്റുകൾക്ക് എലൺ മസ്ക് പ്രതികരിച്ച് അതിന്റെ വിസബിലിറ്റി കൂട്ടിയതായും കോർട്ടെസ് ആരോപിക്കുന്നു.
താൻ പിന്തുടരുന്നതിന് വിരുദ്ധമായ രാഷ്ട്രീയ നിലപാടുകളും നയങ്ങളുമാണ് തന്റെ പേരിലുള്ള വ്യാജ അക്കൗണ്ടിലൂടെ പ്രചരിപ്പിക്കപ്പെടുന്നതെന്നും അവർ ആരോപിക്കുന്നു.
മറുനാടന് മലയാളി ബ്യൂറോ