ലണ്ടൻ: തീരെ പ്രതീക്ഷിക്കാതെയാണ് ഒക്ടോബർ മാസത്തിൽ ബ്രിട്ടീഷ് സാമ്പത്തിക മേഖലയിൽ 0.3 ശതമാനത്തിന്റെ വളർച്ചക്കുറവ് ഉണ്ടായത്. സാധാരണക്കാരും വ്യാപാരി-വ്യവസായികളുമൊക്കെ കുതിച്ചുയരുന്ന ജീവിത ചെലവുകളുടെ പശ്ചാത്തലത്തിൽ കടുത്ത പ്രതിസന്ധി നേരിടുന്നതിനിടയിലാണിത്. ഇതോടെ ബ്രിട്ടൻ ഒരു സാമ്പത്തിക മാന്ദ്യത്തിലേക്ക് കൂപ്പുകുത്താനുള്ള സാധ്യതകൾ വർദ്ധിക്കുകയാണെന്ന് സാമ്പത്തിക വിദഗ്ദ്ധർ വിലയിരുത്തുന്നു.

സെപ്റ്റംബറി 0.2 ശതമാനത്തിന്റെ വളർച്ച രേഖപ്പെടുത്തിയതിന് ശേഷം ഒക്ടോബറി ജി ഡി പിയിൽ 0.3 ശതമാനത്തിന്റെ കുറവുണ്ടായതായി ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് പറയുന്നു. സമ്പദ്ഘടനയുടെ എല്ലാ പ്രധാന മേഖലകളിലും ഈ തകർച്ച ദൃശ്യമായിട്ടുണ്ട്. പല സാമ്പത്തിക വിദഗ്ധരും പൂജ്യം ശതമാനം വളർച്ചയാണ് പ്രവചിക്കുന്നത്.

ബ്രിട്ടീഷ് സാമ്പദ്ഘടനക്ക് കാര്യമായ സംഭാവനകൾ നൽകിയിരുന്ന, ഐ ടി, നിയമ സ്ഥാപനങ്ങൾ, സിനിമാ നിർമ്മാണം എന്നീ മേഖലകളിലെല്ലാം തന്നെ ഈ തകർച്ച ദൃശ്യമായിട്ടുണ്ട്. അതിനോടൊപ്പമാണ് ഉദ്പാദന മേഖലയിലും കെട്ടിട നിർമ്മാണ മേഖലയിലും വ്യാപകമായ തകർച്ചയുണ്ടായത്. മോശം കാലാവസ്ഥ, ഈ മേഖലകളെ ഏതാണ്ട് നിശ്ചലമാക്കുകയും ചെയ്തിരുന്നു.

ഈ സൂചനകൾ നൽകുന്നത് വർഷത്തിന്റെ നാലാം പാദത്തിൽ സാമ്പത്തിക വളർച്ച ഉണ്ടാകില്ലെന്നോ അല്ലെങ്കിൽ ചെറിയ രീതിയിലുള്ള സാമ്പത്തിക മാന്ദ്യം ഉണ്ടായേക്കാം എന്നോ ആണെന്ന് കാപിറ്റൽ എക്കണോമിക്സിലെ സാമ്പത്തിക കാര്യ വിദഗ്ധൻ പോൾ ഡെയ്ൽസ് പറയുന്നു. പണപ്പെരുപ്പം പ്രതീക്ഷിച്ച രീതിയിൽ കുറയുന്നില്ലെങ്കിൽ കൂടി, നാളെ നടക്കുന്ന യോഗത്തിൽ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കിൽ വർദ്ധനവ് പ്രഖ്യാപിക്കില്ലെന്നാണ് ലഭിക്കുന്ന വിവരം.

കഴിഞ്ഞ കുറേ മാസങ്ങളായി പണപ്പെരുപ്പ നിരക്ക് കുറയുന്നുണ്ടെങ്കിലും, സർക്കാർ ഉദ്ദേശിക്കുന്ന 2 ശതമാനത്തിലെത്തിക്കാൻ ഇനിയും വായ്പകൾ, ചെലവേറിയതായി നിർത്തേണ്ടതുണ്ട് എന്നാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് പറയുന്നത്. സെപ്റ്റംബറിൽ 6.7 ശതമാനം ഉണ്ടായിരുന്ന പണപ്പെരുപ്പം ഒക്ടോബറിൽ 4.6 ശതമാനത്തിൽ എത്തിയിരുന്നു. നവംബറിലെ പണപ്പെരുപ്പത്തിന്റെ ഔദ്യോഗിക നിരക്ക് സർക്കാർ അടുത്ത ബുധനാഴ്‌ച്ചയെ പ്രസിദ്ധീകരിക്കുകയുള്ളു.

പണപ്പെരുപ്പ നിരക്ക് കുറയുന്നു എന്നതുകൊണ്ട്, സാധനങ്ങൾക്ക് വില കുറയുന്നു എന്നർത്ഥമില്ല. വില കൂടുന്നതിന്റെ വേഗത കുറയുന്നു എന്നുമാത്രം.