- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യയുടെ ജി ഡി പി 2024 ൽ 7 ശതമാനം മറികടക്കുമെന്ന് റിപ്പോർട്ടുകൾ
ഈ വർഷം ഇന്ത്യൻ സാമ്പത്തിക രംഗത്ത് ഒരു കുതിച്ചു ചാട്ടം ഉണ്ടാകും എന്ന് തന്നെയാണ് ഡെലോയ്റ്റും പറയുന്നത്. നടപ്പു വർഷം ഇന്ത്യയുടെ ജി ഡി പി 6.9 മുതൽ 7.2 വരെയായി ഉയരുമെന്ന് ഡെലോയ്റ്റ് ഇന്ത്യ തയ്യാറാക്കിയ പുതിയ റിപ്പോർട്ടിൽ പറയുന്നു. സാമ്പത്തിക അടിത്തറ ഏറെ മെച്ചപ്പെട്ടതിനെ തുടർന്നാണ് ഇന്ത്യക്ക് ഈ നേട്ടം കൈവരിക്കാൻ കഴിയുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് (എൻ എസ് ഒ) തയ്യാറാക്കിയ പ്രാഥമിക ദേശീയ വരുമാന കണക്കുകൾ പ്രകാരം 2023-24 സാമ്പത്തിക വർധത്തിൽ ഇന്ത്യ 7.3 ശതമാനത്തിന്റെ വളർച്ച നേടുമെന്ന് പറഞ്ഞിരുന്നു. ഖനന- നിർമ്മാണ- സേവന മേഖലകളിലെ മികവാണ് കഴിഞ്ഞ വർഷം 7.2 ശതമാനം ഉണ്ടായിരുന്ന വളർച്ചയെ ഈ വർഷം 7.3 ശതമാനമാക്കി ഉയർത്തുന്നതെന്നും അതിൽ പറഞ്ഞിരുന്നു.
അതേസമയം, ഇന്ത്യൻ സമ്പദ്ഘടനയിൽ അദൃശ്യമായ ഒരു ആക്കം ദർശിക്കപ്പെടുന്നു എന്ന് ഡെലോയ്റ്റിന്റെ റിപ്പോർട്ടിൽ പറയുന്നു. സാമ്പത്തിക അടിത്തറ മെച്ചപ്പെടുത്തിയതാണ് ഇതിന് കാരണം. 2022- 23 -ൽ ഇന്ത്യയുടെ കറന്റ് അക്കൗണ്ട് ഡെഫിസിറ്റ് ജി ഡി. പിയുടെ 1.9 ശതമാനമായിരുന്നു. ഇത് 2023-24 ൽ കൂടുതൽ താഴുമെന്നാണ് പ്രതീക്ഷിക്കുന്നത്.അതിനു പുറമെ ഫോറിൻ എക്സ്ചേഞ്ച് റിസർവ് വളരെയധികം അനുകൂലമായ 568 ബില്യൻരൂപ എന്നതിലെത്തിയിരിക്കുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ വരുന്ന 11 മാസങ്ങളിലേക്കുള്ള ഇറക്കുമതിക്ക് വേണ്ട തുക ഇപ്പോൾ ഇന്ത്യയുടെ കൈവശമുണ്ട്.
അതുപോലെ നിലവിലെ പണപ്പെരുപ്പ നിരക്ക് 5 ശതമാനമാണ്. റിസർവ്വ് ബാങ്കിന്റെ മാനദണ്ഡങ്ങൾ വെച്ച് ഇത് ഉയർന്ന നിലയിലാണെങ്കിലും, ഒരു പതിറ്റാണ്ട് മുൻപത്തെ സാഹചര്യവുമായി താരതമ്യം ചെയ്യുമ്പോൾ ഇത് താരതമ്യേന കുറവാണ്. അങ്ങനെ ഒരു സാമ്പത്തിക വളർച്ചക്ക് വേണ്ട അടിത്തറ സുഭദ്രമാക്കിയതിനാലാണ് വളർച്ച 6.9 ശതമാനം മുതൽ 7.2 ശതമാനം വരെ ഉണ്ടാകുമെന്ന് കണക്കുകൂട്ടുന്നതെന്ന് ഡെലോയ്റ്റ് പറയുന്നു. അടുത്ത രണ്ട് വർഷങ്ങളിൽ ഇത് 6.4 ശതമാനവും , 6.7 ശതമാനവും ആയിരിക്കും.
എന്നാൽ, ആഗോള സമ്പദ്ഘടനയിലെ ദൗർബല്യം ഇന്ത്യൻ സമ്പദെഘടനയെ ബാധിക്കും. എന്നിരുന്നാലും അനിശ്ചിതത്വങ്ങളെ തരണം ചെയ്ത് മുന്നോട്ട് പോകാൻ ലോകത്തിലെ മറ്റേതൊരു രാജ്യത്തേക്കാൾ നന്നായി ഇന്ത്യക്ക് കഴിയുമെന്ന് ഡെലോയ്റ്റ് ഇന്ത്യയിലെ എക്കണോമിസ്റ്റ് റുംകി മജൂംദാർ പറയുന്നു. എന്നാൽ, അടുത്ത കാലത്ത് പണപ്പെരുപ്പം 5.6 ആയി ഉയർന്നത് ചില ആശങ്കകൾ ഉണ്ടാക്കുന്നുണ്ടെന്നും അവർ പറയുന്നു.
കഴിഞ്ഞ 10 വർഷക്കാലത്തെ ഇന്ത്യയുടെ വളർച്ചയെ പരാമർശിച്ച് ഡെലോയ്റ്റ് റിപ്പോർട്ടിൽ പറയുന്നത് പുതിയ സാങ്കേതികജ്ഞാനവും, നൈപുണികളും വളർത്തിയെടുക്കുന്നതിൽ ഇന്ത്യ ഏറെ ഊന്നൽ നൽകി എന്നാണ്. ഇത് സർക്കാരും, വ്യക്തികളും, വ്യാപാരസ്ഥാപനങ്ങളും, വ്യവസായ സ്ഥാപനങ്ങളുമെല്ലാം പരസ്പരം ഇടപഴകുന്നതിന്റെ രീതി മാറ്റിമറിക്കുകയും എല്ലാവരും ഒരുമിച്ച് കൂടുതൽ സങ്കീർണ്ണമായ ഉദ്പന്നങ്ങൾക്കും സേവന വിഭാഗങ്ങൾക്കും രൂപം നൽകാൻ കഴിഞ്ഞു എന്നുമാണ്.
ഇക്കഴിഞ്ഞ 10 വർഷക്കാലത്തിനിടയിൽ ഇന്ത്യയുടെ കയറ്റുമതി കൂടുതൽ വൈവിധ്യം നിറഞ്ഞതായി. മൂല്യ വർദ്ധിത ഉദ്പന്നങ്ങൾ കൂടുതലായി കയറ്റുമതി ചെയ്യാൻ തുടങ്ങി. അതിന്റെ ഫലമായി എഞ്ചിനീയറിങ് സാധനങ്ങൾ, ഫാർമസ്യുട്ടിക്കൽ, ഇലക്ട്രോണിക്സ് സാധനങ്ങൾ എന്നിവയുടെ കയറ്റുമതിയിൽ വർദ്ധനവുണ്ടായി. പരമ്പരാഗത കയറ്റുമതിയിൽ ഇടിവുണ്ടായെങ്കിലും, ഈ പുത്തൻ തലമുറ വസ്തുക്കൾ മൊത്തം കയറ്റുമതിയെ വർദ്ധിപ്പിക്കുന്നതിൽ ഏറെ സഹായിച്ചു.
ഡിജിറ്റൈസേഷൻ, ഇദ്പാദന ക്ഷമത വർദ്ധിപ്പിക്കൽ, മെച്ചപ്പെട്ട മത്സര സാഹചര്യം എന്നിവ ഇന്ത്യൻ കയറ്റുമതിയെ ഏറെ സഹായിച്ചതായും മജൂംദാർ പറയുന്നു. കഴിഞ്ഞ 10 വർഷക്കാലമായി ഇന്ത്യ ശ്രദ്ധകേന്ദ്രീകരിച്ചിരുന്നത് ഈ മൂന്ന് മേഖലകളിലായിരുന്നു എന്നും അവർ പറയുന്നു. ഇത് ഇന്ത്യയുടെ സാമ്പത്തിക വളർച്ചയിൽ ഒരു ത്വരകമായി പ്രവർത്തിച്ചു. അതിനുപുറമെ വലിയൊരു ആഭ്യന്തര വിപണി കൂടി സ്വന്തമായുള്ള ഇന്ത്യയ്ക്ക് അവിടെയും മുന്നേറാൻ കഴിഞ്ഞതായും അവർ ചൂണ്ടിക്കാട്ടി.