ലണ്ടൻ: റഷ്യൻ - യുക്രെയിൻ യുദ്ധത്തിന്റെ അടിസ്ഥാനത്തിൽ പാശ്ചാത്യ രാജ്യങ്ങൾ റഷ്യയ്ക്കെതിരെ ഉപരോധം ഏർപ്പെടുത്തിയപ്പോൾ സാഹചര്യം പരമാവധി പ്രയോജനപ്പെടുത്താൻ ഇന്ത്യയ്ക്ക് കഴിഞ്ഞതായി ബി ബി സി റിപ്പോർട്ട് ചെയ്യുന്നു. മാത്രമല്ല, ഉപരോധത്തിലെ പഴുതുകളിലൂടെ ലക്ഷക്കണക്കിന് ബാരൽ റഷ്യൻ എണ്ണ ഇപ്പോഴും ബ്രിട്ടനിലേക്ക് എത്തുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു. റഷ്യയിൽ നിന്നും എണ്ണ വാങ്ങാൻ ഉപരോധം അനുവദിക്കില്ലെങ്കിലും, അതിൽ ഉള്ള ഒരു പഴുതാണ് റഷ്യൻ എണ്ണ ബ്രിട്ടനിലേക്ക് എത്താൻ ഇടയാകുന്നത്.

ഇന്ത്യയെ പോലുള്ള രാജ്യങ്ങൾ റഷ്യയിൽ നിന്നും ക്രൂഡ് ഓയിൽ വാങ്ങി അത് സംസ്‌കരിച്ചാണ് ബ്രിട്ടനിലേക്ക് കയറ്റുമതി ചെയ്യുന്നത്. നിയമപരമായി ഇത് ഒരു തെറ്റല്ല, മാത്രമല്ല, റഷ്യൻ എണ്ണക്കെതിരെ അമേരിക്കയും പാശ്ചാത്യ ശക്തികളും ഏർപ്പെടുത്തിയ നിരോധനത്തിന് തത്വത്തിൽ എതിരുമല്ല. പക്ഷെ, റഷ്യയുടെ സമ്പദ്ഘടനയെ ദുർബലമാക്കുക എന്ന ഉദ്ദേശ്യത്തിലുള്ള ഉപരോധത്തിന്റെ കാതൽ ഇതോടെ ഇല്ലാതെയാകുന്നു എന്നാണ് ബി ബി സി അഭിപ്രായപ്പെടുന്നത്.

യുദ്ധത്തിൽ റഷ്യയെ പിന്നോക്കം പായിക്കാനായി സമ്പദ്ഘടന ദുർബലപ്പെടുത്തുക എന്ന നയമായിരുന്നു പാശ്ചാത്യ ശക്തികൾ സ്വീകരിച്ചത്. അതിന്റെ ഭാഗമായിട്ടായിരുന്നു റഷ്യയിൽ നിന്നുള്ള എല്ലാ ഇറക്കുമതികളും നിരോധിച്ചത്. കയറ്റുമതി വഴി റഷ്യയ്ക്ക് കിട്ടുമായിരുന്ന പണം തടയുക എന്നതായിരുന്നു ഉദ്ദേശ്യം. അതിന്റെ ഭാഗമായിട്ടായിരുന്നു എണ്ണയോ എണ്ണ ഉദ്പന്നങ്ങളോ റഷ്യയിൽ നിന്നും ഇറക്കുമതി ചെയ്യുന്നത് നിരോധിച്ചത്.

എന്നാൽ, റഷ്യയ്ക്കെതിരെ ഉപരോധം ഏർപ്പെടുത്താത്ത ഇന്ത്യയേയും ചൈനയേയും പോലുള്ള രാജ്യങ്ങൾ ഈ സാഹചര്യം മുതലെടുക്കുകയാണ്. റഷ്യയിൽ നിന്നും ക്രൂഡ് ഓയിൽ വാങ്ങി സംസ്‌കരിച്ച് യു കെയിലേക്ക് കയറ്റുമതി ചെയ്യാൻ ഈ രാജ്യങ്ങൾക്ക് കഴിയുന്നു എന്നാണ് സെന്റർ ഫോർ റിസർച്ച് ഓൺ എനർജി ആൻഡ് ക്ലീൻ എയർ പറയുന്നത്. ജെറ്റ് ഇന്ധനമായും ഡീസലായും ഇത് യു കെയിൽ എത്തുന്നു.

കണക്കുകൾ പറയുന്നത് 2023 ൽ യു കെയിലേക്ക് 52 ലക്ഷം ബാരൽ സംസ്‌കരിച്ച പെട്രോളിയം ഉദ്പന്നങ്ങൾ എത്തി എന്നാണ്. ഇത് റഷ്യൻ ക്രൂഡ് ഓയിൽ സംസ്‌കരിച്ച് നിർമ്മിച്ചവയാണ്. അതിൽ തന്നെ 46 ലക്ഷം ബാരൽ ജറ്റ് ഇന്ധനമായിരുന്നു എന്നും കണക്കുകൾ വ്യക്തമാക്കുന്നു. യു കെയിലെ 20 ഒരു വിമാനത്തിൽ വീതം ആ ഇന്ധനം ആണ് ഉപയോഗിച്ചത്. ഡിസംബർ 2022- ൽ റഷ്യയിൽ നിന്നുള്ള ഇറക്കുമതി നിരോധിച്ചതിനു ശേഷം 12 മാസക്കാലയളവിൽ ഏതാണ്ട് 569 മില്യൻ പൗണ്ട് വിലവരുന്ന എണ്ണ ഉദ്പന്നങ്ങളാണ് യു കെ ഇറക്കുമതി ചെയ്തിരിക്കുന്നത്. ഇതെല്ലാം റഷ്യൻ ക്രൂഡ് ഓയിലിൽ നിന്നുള്ളവയാണ്.

ഇന്ത്യയിലെ ജാംനഗർ, വാഡിനാർ, ന്യു മാംഗ്ലൂർ റിഫൈനറികളിലാണ് ഇതിൽ വലിയൊരു ഭാഗവും യു കെയിൽ എത്തിയിരിക്കുന്നത് എന്ന് റിപ്പോർട്ടിൽ പറയുന്നു. അതോടൊപ്പം ചൈന ഉൾപ്പടെയുള്ള മറ്റു ചില രാജ്യങ്ങളിൽ നിന്നുള്ള ഒൻപതോളം റിഫൈനറികളിൽ നിന്നും ചെറിയ അളവിലാണെങ്കിലും സംസ്‌കരിച്ച പെട്രോളിയം ഉദ്പന്നങ്ങൾ എത്തിയിട്ടുണ്ട്. യുക്രെയിൻ യുദ്ധം ആരംഭിച്ചതിനു ശേഷം റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി വർദ്ധിച്ചതായി ഇന്റർനാഷണൽ എനർജി ഏജൻസിയുടെ റിപ്പോർട്ടിലും ചൂണ്ടിക്കാട്ടുന്നു.