ലണ്ടൻ: ടാറ്റയുടെ യു കെയിലെ വിവിധ സ്റ്റീൽ പ്ലാന്റുകളിലായി 2,423 പേർക്ക് തൊഴിൽ നഷ്ടപ്പെടുമെന്ന് കമ്പനി വ്യക്തമാക്കി. 3859 പേർ ജോലി ചെയ്യുന്ന പോർട്ട് ഗാൾബോട്ടിലെ പ്ലാന്റിൽ മാത്രം 1,929 പേർക്ക് തൊഴിൽ നഷ്ടമാകും. ഇവിടെത്തെ പ്രവർത്തനം അതിന്റെ അന്ത്യനാളുകളിലെക്ക് അടുക്കുകയാണെന്നും. ഇപ്പോൾ പ്രതിദിനം 1.7 മില്യൻ പൗണ്ടിന്റെ നഷ്ടമാണ് കമ്പനിക്കെന്നും ചില വൃത്തങ്ങൾ സൂചന നൽകുന്നു. തൊഴിൽ നഷ്ടത്തിൽ പ്രതിഷേധിച്ച് നൂറുകണക്കിന് തൊഴിലാളികൾ തെരുവിൽ ഇറങ്ങിയ ദിവസമാണ് ഈ സൂചന വരുനന്ത്.

പോർട്ട് ടാൾബോട്ടിൽ പ്രതിഷേധം നടന്നപ്പോൾ ടാറ്റയുടെ ലാവേൺ സിറ്റിലെ തൊഴിലാളികൾ ന്യുപോർട്ട് സിറ്റി സെന്ററിലെക്ക് പ്രകടനം നടത്തി. ഈ സൈറ്റിൽ മൊത്തം 917 തൊഴിലാളികളാണ് ഉൾലത്. 113 പേർക്ക് തൊഴിൽ നഷ്ടമാകുമെന്നാണ് കണക്കാക്കുന്നത്. പ്രകടനത്തിൽ അഞ്ഞൂറോളം പേർ പങ്കെടുത്തതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

പോർട്ട് ടാൾബോട്ടിൽ നടന്ന പ്രകടനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോൾ യുണൈറ്റ് യൂണിയൻ ജനറൽ സെക്രട്ടറി ഷാരോൺ ഗ്രഹാം പറഞ്ഞത് 2015 മുതൽ ബ്രിട്ടനിലെ ഉരുക്ക് നിർമ്മാണ മേഖലയിൽ 6400 പേർക്ക് തൊഴിൽ നഷ്ടപ്പെട്ടിട്ടുണ്ട് എന്നാണ്. ബ്രിട്ടനിലെ ഉരുക്കു നിർമ്മാണ മേഖലയെ ദുർബലമാക്കിയതിന് രാഷ്ട്രീയ നേതാക്കളാണ് ഉത്തരവാദികൾ എന്ന് അവർ ആരോപിക്കുകയും ചെയ്തു.

ഇന്ന്, ടാറ്റയുടെ തെറ്റായ നയത്തിനെതിരെ പോർട്ട് ടാബോൾട്ട്, ന്യു പോർട്ട്, സൗത്ത് വെയ്ൽസ് എന്നിവിടങ്ങളിലെ ഉരുക്ക് നിർമ്മാണ തൊഴിലാളികളും, പ്രാദേശിക വ്യാപാരികളും മറ്റും ഒന്നിക്കുകയാണെന്നും ഷാരോൺ ഗ്രഹാം പറഞ്ഞു. അനിശ്ചിതാവസ്ഥ തുടരുന്ന സമയം എന്നായിരുന്നു മൾട്ടി യൂണിയൻ കമ്മിറ്റി ചെയർമാൻ അലൻ കോംബ്സ് പറഞ്ഞത്. പലർക്കും ഭാവി അനിശ്ചിതമായി തുടരുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഉരുക്ക് നിർമ്മാണ മേഖലയുടെ നിലനിൽപ്പിനും സ്വന്തം ഭാവിക്കും വേണ്ടി തൊഴിലാളികൾ പല്ലും നഖവും ഉപയോഗിച്ച് പൊരുതുമെന്നും അദ്ദേഹം പറഞ്ഞു.

വൻ തോതിൽ തന്നെ അന്തരീക്ഷ മലിനീകരണമുണ്ടാക്കുന്ന ബ്ലാസ്റ്റ് ഫർണസുകൾ മാറ്റി കൂടുതൽ പ്രകൃതി സൗഹാർദ്ദമായ ഇലക്ട്രിക് ഫർണസുകൾ സ്ഥാപിക്കുന്നതിന്റെ ഭാഗമായിട്ടാണ് തൊഴിലാളികളുടെ എണ്ണം വെട്ടിച്ചുരുക്കുന്നത്. എന്നാൽ ഏതെല്ലാം വിഭാഗത്തിലെ തൊഴിലാളികൾക്കായിരിക്കും പുറത്ത് പോകേണ്ടി വരിക എന്നത് കമ്പനി ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

പോർട്ട് ടാബോൾട്ടിലെ രണ്ട് ബ്ലാസ്റ്റ് ഫർണസുകളും ഘട്ടം ഘട്ടമായി അടച്ചു പൂട്ടാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. ഈ വർഷം മദ്ധ്യത്തോടെ പദ്ധതി പൂർത്തിയാക്കുമെന്നാണ് കമ്പനി പറയുന്നത്.