- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടാറ്റയുടെ ആസ്തി പാക്കിസ്ഥാനെന്ന രാജ്യത്തിന്റെ മൊത്തം സമ്പത്തിനേക്കാൾ കൂടുതൽ
മുംബൈ: കഴിഞ്ഞ വർഷം മികച്ച പ്രകടനം കാഴ്ച്ച വെച്ച് ടാറ്റാ ഗ്രൂപ്പ്. ഇന്ത്യയുടെ അയൽരാജ്യമായ പാക്കിസ്ഥാന്റെ സമ്പദ്ഘടനയെക്കാൾ കൂടുതലാണ് ഇപ്പോൾ ടാറ്റാ ഗ്രൂപ്പിന്റെ വിപണി മൂല്യം എന്ന് എക്കണോമിക്സ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ ബിസിനസ്സ് ഗ്രൂപ്പൊന്റെ ഇപ്പോഴത്തെ വിപണി മൂല്യം 365 ബില്യൺ അമേരിക്കൻ ഡോളറാണ്, അതായത് 30.3 ലക്ഷം കോടി രൂപ. അന്താരാഷ്ട്ര നാണയ നിധിയുടെ കണക്കു പ്രകാരമുള്ള പാക്കിസ്ഥാന്റെ ജി ഡി പി 341 ബില്യൻ പൗന്റ് മാത്രമാണെന്നതോർക്കുക.
അതിൽ ടാറ്റാ കൺസൾട്ടൻസി സർവീസസ് (ടി സി എസ്) മാത്രം ഏതാണ് 15 ലക്ഷം കോടി അല്ലെങ്കിൽ 170 ബില്യൻ ഡോളർ വിലമതിക്കുന്നതാണ്. അതായത്, ഇപ്പോൾ പ്രശ്നങ്ങളിൽ പെട്ടുലയുന്ന പാക്കിസ്ഥാൻ സമ്പദ്ഘടനയുടെ പകുതിയോളം മൂല്യം വരും ഈ ഒരു കമ്പനി. അമിത വായ്പ മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോവുകയാണ് പാക്കിസ്ഥാൻ ഇപ്പോൾ. ഈ താരതമ്യം പുറത്തു വന്നതോടെ മേഖലയിലെ ബിസിനസ്സ് രംഗത്ത് ടാറ്റയുടെ അപ്രമാദിത്വം വെളിപ്പെട്ടിരിക്കുകയാണ്.
ടാറ്റാ മോട്ടോഴ്സ്, ട്രെന്റ് എന്നിവയുടെ കുതിച്ചു ചാട്ടമാണ് ടാറ്റാ ഗ്രൂപ്പിന് ഈ നേട്ടം ഉണ്ടാക്കി കൊടുക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചത്. അതോടൊപ്പം സ്ഥിരതയാർന്ന വളർച്ച ടൈറ്റനും രേഖപ്പെടുത്തി. ടി സി എസ്സും ടാറ്റാ പവറും കഴിഞ്ഞ വർഷം മെച്ചപ്പെട്ട പ്രകടനമായിരുന്നു കാഴ്ച്ചവെച്ചത്. ഏറ്റവും അദ്ഭുതകരമായ കാര്യം, പുതുതായി ലിസ്റ്റ് ചെയ്യപ്പെട്ട ടാറ്റ ടെക്നോളജീസ് ഉൾപ്പടെ ഗ്രൂപ്പിലെ എട്ട് കമ്പനികൾക്ക് അവരുടെ ആസ്തി ഇരട്ടിപ്പിക്കാനായി എന്നതാണ്.
ടി ആർ എഫ്, ട്രെന്റ്, ബെനാറസ് ഹോട്ടൽസ്, ടാറ്റ ഇൻവെസ്റ്റ്മെന്റ് കോർപ്പറേഷൻ, ടാറ്റാ മോട്ടോഴ്സ്, ഓട്ടോമൊബൈൽ കോർപ്പറേഷൻ ഓഫ് ഗോവ, ആർട്സൺ എഞ്ചിനീയറിങ് എന്നിവയാണ് അവ. എ സി ഇ ഇക്വിറ്റിയുടെ വിശകലനത്തിൽ പറയുന്നത് സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്യപ്പെട്ട 25 ടാറ്റാ ഗ്രൂപ്പ് കമ്പനികളിൽ കഴിഞ്ഞ 12 മാസക്കാലയളവിൽ ആസ്തിയിൽ കുറവ് വന്നത് ടാറ്റാ കെമിക്കൽസിന് മാത്രമായിരുന്നു എന്നാണ്. ഇത് ടാറ്റാ ഗ്രൂപ്പിന്റെ വൻ മുന്നേറ്റത്തെ തന്നെ സൂചിപ്പിക്കുന്നു.
ഓൺലിസ്റ്റ് ചെയ്യപ്പെട്ട ടാറ്റാ സൺസ്, ടാറ്റ കാപിറ്റൽ, ടാറ്റ പ്ലെ, ടാറ്റാ അഡ്വാൻസ്ഡ് സിസ്റ്റംസ്, അതുപോലെ അവരുടെ എയർലൈൻ സ്ഥാപനങ്ങളായ എയർ ഇന്ത്യ, വിസ്റ്റാര എന്നിവയുടെ ആസ്തികൾ കൂടി കണക്കിലെടുത്താൽ ടാറ്റാ ഗ്രൂപ്പിന്റെ മൊത്തം ആസ്തി 160 മുതൽ 170 ബില്യൻ ഡോളർ വരെ എത്തുമെന്നാണ് വിദഗ്ദ്ധർ കണക്കു കൂട്ടുന്നത്.
അതേസമയം, 3.7 ട്രില്ല്യൻ ഡോളർ സമ്പദ്ഘടനയുള്ള ഇന്ത്യയുടെ അയൽരാജ്യം അതീവ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. ഇന്ത്യയുടെ ഇന്നത്തെ ഗതി അനുസരിച്ച്, 2028 ആകുമ്പോഴേക്കും ജപ്പാനെയും ജർമ്മനിയേയും പിന്തള്ളി ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകും എന്നാണ് സാമ്പത്തിക വിദഗ്ദ്ധർ കണക്കു കൂട്ടുന്നത്. നിലവിൽ ലോകത്തിലെ അഞ്ചാമത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാണ് ഇന്ത്യ.
അതേസമയം 2022, 2021 സാമ്പത്തിക വർഷങ്ങളിൽ മെച്ചപ്പെട്ട പ്രകടനം കാഴ്ച്ച വെച്ച (വളർച്ചാ നിരക്ക് യഥാക്രമം 6.1 ശതമാനവും 5.8 ശതമാനവും) പാക്കിസ്ഥാൻ 2023 സാമ്പത്തിക വർഷത്തിൽ കടുത്ത പ്രതിസന്ധി നേരിടുകയാണ്. സർവ്വനാശകാരിയായ വെള്ളപ്പൊക്കമാണ് ഇതിന് പ്രധാന കാരണമായത്. ലക്ഷക്കണക്കിന് ഡോളറിന്റെ നഷ്ടമാണ് ഇതുകൊണ്ട് ഉണ്ടായത്. ബാഹ്യ കടങ്ങളും ബാദ്ധ്യതകളും 125 ബില്യൻ ഡോളർ കടന്ന പാക്കിസ്ഥാൻ ഇപ്പോൾ ധനസഹായത്തിനായി പെടാപാട് പെടുകയാണ്. ജൂലായ് മാസത്തിൽ നൽകേണ്ട 25 ബില്യൺ ഡോഡറിന്റെ ബാഹ്യ കടമാണ് ഇപ്പോൾ പാക്കിസ്ഥാന്റെ ഉറക്കം കെടുത്തുന്നത്.
കൂനിന്മേൽ കുരു എന്നതു പോലെ അന്താരാഷ്ട്ര നാണയ നിധി ( ഐ എം എഫ്) യിൽ നിന്നുള്ള 3 ബില്യൻപ്രോഗ്രാം അടുത്ത മാസം അവസാനിക്കുകയുമാണ്. വിദേശ നാണയ കരുതലാണെങ്കിൽ കഷ്ടിച്ച് രണ്ട് മാസത്തെ ഇറക്കുമതിക്ക് മാത്രം തികയുന്ന രീതിയിൽ 8 ബില്യൻ ഡോളറിൽ എത്തി നിൽക്കുന്നു. മാത്രമല്ല, വായ്പയും ജി ഡി പിയുമായുള്ള അനുപാതം എക്കാലത്തെയും ഉയർന്ന നിലയായ 70 ശതമാനത്തിൽ തുടരുകയുമാണ്.