തിരുവനന്തപുരം: കേരളത്തിന്റെ സാമ്പത്തികാവസ്ഥ ഈ സാമ്പത്തിക വർഷവും താളം തെറ്റിയേക്കും. തുടക്കത്തിൽ തന്നെ 5000 കോടി കടമെടുക്കാനാണ് തീരുമാനം. സാമ്പത്തിക വർഷാവസാനം പാസാക്കാതെ മാറ്റിവച്ച ബില്ലുകൾ മാറി നൽകുന്നതിനുൾപ്പെടെ 2000 കോടി രൂപ കടമെടുക്കാനാണ് സംസ്ഥാന സർക്കാർ നീക്കം. അടുത്ത ചൊവ്വാഴ്ചയാകും കടമെടുക്കുക. ഈ സാമ്പത്തിക വർഷത്തെ ആദ്യ കടമെടുപ്പാണിത്. 3000 കോടി കടമെടുക്കാൻ കേന്ദ്രം അനുമതി നൽകിയിരുന്നു. 5000 കോടിയുടെ അനുമതിയാണ് ചോദിച്ചത്. ഇത് മുഴുവൻ ഉടൻ കടമെടുക്കാനാണ് തീരുമാനം. ഈ തോതിൽ കടമെടുത്താൽ ആറു മാസം കൊണ്ടു തന്നെ കേരളത്തിന്റെ കടമെടുക്കൽ പരിധി തീരും.

ഈ സാമ്പത്തിക വർഷം എത്ര കോടി രൂപ കടമെടുക്കാം എന്നതിൽ കേന്ദ്രം അന്തിമ ചിത്രം നൽകിയിട്ടില്ല. അതിൽ ഡിസംബർ വരെ അനുമതിയുള്ളത് എത്ര കോടിക്കാണ് തുടങ്ങിയവയിലും ഇതുവരെ കേന്ദ്രത്തിൽ നിന്ന് അറിയിപ്പൊന്നും വന്നിട്ടില്ല. ഏപ്രിലിൽ അറിയിപ്പ് വരേണ്ടതാണെങ്കിലും തിരഞ്ഞെടുപ്പായതിനാൽ കാലതാമസമുണ്ടായേക്കാം. ഇത് മുന്നിൽ കണ്ടാണ് 5000 കോടിക്ക് താത്കാലിക അനുമതി തേടിയത്. ബില്ലുകൾ മാറി നൽകുന്നതിനൊപ്പം അടുത്തമാസം ശമ്പളവും പെൻഷനും വിതരണം ചെയ്യാനും ഇതാവശ്യമാണ്. ഇതിൽ 3000 കോടിക്കാണ് അനുമതി കിട്ടിയത്. ബാക്കിക്കും അനുമതി കിട്ടുമെന്നാണ് പ്രതീക്ഷ. ഈ മാസം തന്നെ 5000 കോടിയും കടമെടുക്കാനാണ് സർക്കാർ തലത്തിലെ ആലോചന.

കേരളത്തിന് ഈ സാമ്പത്തിക വർഷം 37,512 കോടി കടമെടുക്കാൻ അവകാശമുണ്ടെന്ന് കേന്ദ്ര സർക്കാർ അറിയിച്ചെങ്കിലും കടമെടുപ്പിനുള്ള അനുമതി ഒരു സംസ്ഥാനത്തിനും നൽകിയിരുന്നില്ല. ഇതിനാണ് താൽകാലിക അനുമതിയോടെ വിരാമമാകുന്നത്. എല്ലാ മാസവും ഇത്രയും തുക കടമെടുക്കുന്ന തരത്തിലെ ചെലവ് നിയന്ത്രണമാണ് കേരളം ഈ സാമ്പത്തിക വർഷം ലക്ഷ്യമിടുന്നത്. 37512 കോടിയെന്നത് അന്തിമമാണോ എന്നും വ്യക്തമല്ല. അനുമതി തരുംവരെ ഇടക്കാല വായ്പക്കുള്ള അനുമതി കേരളം ആവശ്യപ്പെട്ടത്

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് മെയിന്റനൻസ് ഗ്രാന്റിന്റെ ആദ്യഗഡുവായി 1.377 കോടി രൂപ ധനവകുപ്പ് അനുവദിച്ചിരുന്നു. ഇതോടെ ഖജനാവ് കാലിയായി. പരിധി നിർണയത്തിനുശേഷമാണ് ആദ്യത്തെ ഒമ്പതുമാസത്തെ കടമെടുക്കാൻ അനുവാദം കേന്ദ്രം നൽകുന്നത്.