ലണ്ടൻ: ഇന്ത്യൻ വംശജരായ ഐസ്സ സഹോദരന്മാരുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റ് ശൃംഖല കഴിഞ്ഞ കുറേ നാളുകളായി വാർത്തകളിൽ ഇടംപിടിക്കുകയാണ്. വൻ കടബാദ്ധ്യതയും സഹോദരന്മാർ തമ്മിലുള്ള പിണക്കവുമെല്ലാം വാർത്തയിൽ ഇടം നേടി. ഇപ്പോഴിതാ ഇളയ സഹോദരനായ സുബൈർ ഐസ്സ് തന്റെ 22.5 ശതമാനം ഓഹരി വിറ്റഴിക്കാൻ തീരുമാനിച്ചതായ വാർത്തയും പുറത്തു വരുന്നു. ടി ഡി ആർ ക്യാപിറ്റലിനാണ് തന്റെ ഓഹരികൾ വിൽക്കാൻ തീരുമാനിച്ചതെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു.

ഇതോടെ യുകെയിലെ ഈ സൂപ്പർമാർക്കറ്റ് ശൃംഖലയുടെ നിയന്ത്രണവും ടി ഡി ആർ ക്യാപിറ്റലിന് വന്നു ചേരും. ഈ ഇടപാട് നടക്കുകയാണെങ്കിൽ, അസ്ഡയിലെ മൂന്നിൽ രണ്ട് ഓഹരികൾ റ്റി ഡി ആറിന് സ്വന്തമാകും. ഏതായാലും ഇത് സുബൈറും മുത്ത സഹോദരൻ കൊഹ്‌സിൻ ഐസ്സയും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാക്കും എന്നതിൽ സംശയമില്ല.

സഹോദരൻ മൊഹ്‌സീനുമൊത്ത് പടുത്തുയർത്തിയ ഇ ജി ഗ്രൂപ്പ് പെട്രോൾ സ്റ്റേഷൻ സാമ്രാജ്യത്തിന്റെ ചില ഭാഗങ്ങൾ സ്വന്തമാക്കാനാണ് സുബൈറിന്റെ ശ്രമം. ഇ ജി ഗ്രൂപ്പിന്റെ ഡീലുമായി ബന്ധപ്പെട്ട കാര്യങ്ങൾ കഴിഞ്ഞ മാസം നിക്ഷേപകർക്ക് മുൻപിൽ പരസ്യപ്പെടുത്തിയിരുന്നു. വിൽപനയുമായി ബന്ധപ്പെട്ട് ഗ്രൂപ്പിനും സുബൈർ ഐസ്സക്കും ഇടയിൽ ചർച്ചകൾ സജീവമാനെന്ന് അതിൽ പറഞ്ഞിരുന്നു. യു കെയിലെ പെട്രോൾ സ്റ്റേഷനുകൾ വാങ്ങാനാണ് സുബൈർ ഐസ്സ ശ്രമിക്കുന്നത്.

മൂത്ത സഹോദരനായ മൊഹ്‌സിൻ ഐസ്സയുടെ വ്യക്തി ജീവിതത്തിൽ ഉണ്ടായ ചില സംഭവങ്ങളാണ് ഇ ജി ഗ്രൂപ്പിലെ പ്രശ്നങ്ങൾക്ക് കാരണമായത്. ആസ്ഡയുടെ ഓഡിറ്റിങ് കമ്പനിയായ ഇ വയുടെ പങ്കാളിയായ വിക്‌ബ്യുടോറിയ പ്രൈസുമായി മൊഹ്‌സീൻ പ്രണയത്തിൽ ആയതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കം കുറിക്കുന്നത്. പ്രൈസുമായി പ്രണയത്തിലാണെന്ന് മൊഹ്‌സിൻ സ്ഥിരീകരിച്ചതായി നേരത്തേ ടെലെഗ്രാഫ് ഉൾപ്പടെയുള്ള പത്രങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

എന്നാൽ, തുടർന്ന് ബി ബി സിക്ക് നൽകിയ ഒരു അഭിമുഖത്തിൽ സഹോദരൻ സുബൈറുമായുള്ള ബന്ധം വഷളാകുന്നു എന്ന വാർത്തയെ കൊഹ്‌സിൻ നിഷേധിച്ചിരുന്നു. ഇപ്പോഴും നല്ല രീതിയിൽ തന്നെയാണ് തങ്ങളുടെ ബന്ധം മുന്നോട്ട് പോകുന്നതെന്നും മൊഹ്‌സിൻ അവകാശപ്പെട്ടിരുന്നു. മൂന്ന് വർഷം മുൻപായിരുന്നു ഐസ്സ സഹോദരാന്മാർ ലണ്ടൻ ആസ്ഥാനമായുള്ള ടി ഡി ആറുമായി ചേർന്ന് 6.8 ബില്യൺ പൗണ്ടിന് വാൾമാർട്ടിൽ നിന്നും അസ്ഡ വാങ്ങിയത്.

എന്നാൽ, സൂപ്പർമാർക്കറ്റുകൾ തമ്മിലുള്ള കടുത്ത മത്സരവും, വർദ്ധിച്ചു വരുന്ന ജീവിത ചെലവുകൾ മനുഷ്യരുടെ വാങ്ങൽ ശേഷിയെ പ്രതികൂലമായി ബാധിച്ചതുമെല്ലാം അസ്ഡയ്ക്ക് പ്രതികൂല സാഹചര്യങ്ങൾ സൃഷ്ടിച്ചു. നിലവിൽ ഏകദേശം 4.2 ബില്യൻ പൗണ്ടിന്റെ കടമാണ് അസ്ഡയ്ക്കുള്ളതെന്ന് ടെലെഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നു.. നൂറുകണക്കിന് മുല്യൻ പൗണ്ടാണ് പലിശയിനത്തിൽ മാത്രം നൽകുന്നത്. കടബാധ്യത വർദ്ധിച്ചതോടെ സാധനങ്ങളുടെ വിലയും വർദ്ധിപ്പിച്ചു എന്ന ആരോപണത്തെ തുടർന്ന് കഴിഞ്ഞ വർഷം രണ്ടു തവണയാണ് മൊഹ്‌സീനെ എം പിമാരുടെ സംഘം ചോദ്യം ചെയ്തത്.

ബ്ലാക്ക്‌ബേണിൽ ജനിച്ച സുബൈർ 2001 ൽ ആയിരുന്നു ഇ ജി ഗ്രൂപ്പ് ആരംഭിക്കുന്നത്. വർഷങ്ങൾക്ക് ശേഷമാണ് മൂത്ത സഹോദരൻ മൊഹ്‌സിനെ ഇതിലേക്ക് കൊണ്ടു വരുന്നത്. പിന്നീട് ഇരു സഹോദരന്മാരും ചേർന്ന് ഒരു വൻ സാമ്രാജ്യമായിരുന്നു കെട്ടിപ്പടുത്തത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ആയിരക്കണക്കി8ന് പെട്രോൾ സ്റ്റേഷനുകളാണ് ഇന്ന് ഇ ജി ഗ്രൂപ്പിന് സ്വന്തമായിട്ടുള്ളത്.