ന്യൂഡൽഹി: ഇക്കഴിഞ്ഞ സാമ്പത്തിക വർഷം (2023-2024) ഏറ്റവുമധികം വിദേശനാണ്യം ലഭിച്ച രാജ്യങ്ങളുടെ ലിസ്റ്റിൽ ഒന്നാം സ്ഥാനത്ത് ഇന്ത്യ. പ്രവാസി ഇന്ത്യാക്കാർ ഇന്ത്യയിലേക്ക് അയച്ചത് റെക്കോർഡുകൾ തകർക്കുന്ന 107 ബില്യൻ ഡോളറാണെന്ന് കണക്കുകൾ പറയുന്നു. ഇതോടെ തുടർച്ചയായി രണ്ടാം വർഷവും വിദേശ നാണ്യത്തിന്റെ കാര്യത്തിൽ 100 ബില്യൻ ഡോളർ എന്ന നാഴികക്കല്ല് പിന്നിടുകയാണ് ഇന്ത്യ.

പ്രവാസികൾ ഇന്ത്യയിലേക്ക് അയച്ച ഈ തുക വിദേശ നിക്ഷേപത്തിന്റെ ഇരട്ടിയോളം വരും എന്നാണ് ഇക്കണോമിക്സ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. ഇതേകാലയളവിൽ നേരിട്ടുള്ള വിദേശ നിക്ഷേപവും പോർട്ട്‌ഫോളിയോ നിക്ഷേപങ്ങളും ഉൾപ്പടെ ഇന്ത്യയിലേക്ക് എത്തിയ വിദേശ നിക്ഷേപം 54 ബില്യൻ ഡോളർ ആയിരുന്നു എന്നും റിപ്പോർട്ടിൽ പറയുന്നു.

വിവിധ ആഭ്യന്തര , അന്താരാഷ്ട്ര പഠനങ്ങളും പറയുന്നത് വിദേശത്തുനിന്നും എത്തുന്ന ഈ പണം വിവിധ സമ്പദ്ഘടനകളിലെ കുടിയേറ്റത്തെയും, ഇവയ്ക്കുള്ള സ്രോതസ്സായ രാജ്യങ്ങളുടെ സമ്പദ്ഘടനയേയും അവിടത്തെ തൊഴിൽ സാധ്യതകളെയും ആശ്രയിച്ചിരിക്കുന്നു എന്നാണ്. 2023 - 24 സാമ്പത്തിക വർഷത്തിൽ വിദേശ ഇന്ത്യാക്കാരുടെ സ്വകാര്യ ഇടപാടുകളും, ബാലൻസ് ഓഫ് പേയ്‌മെന്റ്‌സും എല്ലാം കണക്കിലെടുത്താൽ, ഇന്ത്യയിലെത്തിയ മൊത്തം തുക 119 ബില്യൻ ഡോളർ ആണ്. നെറ്റ് പ്രൈവറ്റ് ട്രാൻസ്ഫറാണ് 107 ബില്യൻ ഡോളർ.

ഇന്ത്യയിലേക്കെത്തുന്ന വിദേശ പണത്തിൽ ഏറ്റവും അധികമെത്തുന്നത് അമേരിക്കൻ ഐക്യനാടുകളിൽ തന്നെയാണ്. അമേരിക്കയിൽ നിന്നും ഏറ്റവും അധികം പണം വന്നിരിക്കുന്നതും ഇന്ത്യയിലേക്കാണ്. മെക്സിക്കോ, ചൈന, ഫിലിപ്പൈൻസ്, ഈജിപ്ത് എന്നീ രാജ്യങ്ങളാണ് യഥാക്രമം മറ്റ് അഞ്ച് സ്ഥാനങ്ങളിൽ ഉള്ളത്. റെമിറ്റൻസുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നടത്തിയ സർവ്വേയിൽ പറയുന്നത് ഇന്ത്യയിലേക്ക് വരുന്ന വിദേശ പണത്തിന്റെ ഏറ്റവും വലിയ സ്രോതസ്സ് അമേരിക്കയാണെന്നാണ്.

മൊത്തം വിദേശ പണത്തിന്റെ 23 ശതമാനം എത്തുന്നത് അമേരിക്കയിൽ നിന്നാണ്. ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള പണത്തിന്റെ ഒഴുക്കിൽ കുറവുണ്ടായിട്ടുണ്ട് എന്ന് സർവ്വേയിൽ പറയുന്നു. ഇത്തരത്തിൽ എത്തുന്ന പണത്തിന്റെ ഭൂരിഭാഗവും കുടുംബാവശ്യങ്ങൾക്കായിട്ടാണ് ചെലവാക്കുന്നത്. ബാങ്ക് ഡെപ്പോസിറ്റ് പോലുള്ള ചില നിക്ഷേപങ്ങളും ഉണ്ട്.

ലോക ബാങ്കിന്റെ മൈഗ്രേഷൻ ആന്ദ് ഡെവലപ്‌മെന്റ് ബ്രീഫ് അനുസരിച്ച് 20 വർഷക്കാലത്തിലേറെയായി ഏറ്റവുമധികം വിദേശ നാണ്യം ലഭിക്കുന്ന രാജ്യം എന്ന സ്ഥാനത്ത് ഇന്ത്യ തുടരുകയാണ്. ഇതിന് പ്രധാന കാരണം അമേരിക്ക പോലുള്ള രാജ്യങ്ങളിലേക്ക് കുടിയേറുന്ന ഐ ടി വിദഗ്ധരാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.