അടുത്ത മാസം ശമ്പളവും പെൻഷനുമെല്ലാം മുടങ്ങാൻ സാധ്യത
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: ഈ സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ തന്നെ കേരളം വൻ സാമ്പത്തിക പ്രതിസന്ധിയിലേക്ക്. അടുത്ത മാസം എന്തു സംഭവിക്കുമെന്ന് ആർക്കും അറയില്ല. കടമെടുക്കുന്നതിനുള്ള അന്തിമാനുമതി കേന്ദ്രസർക്കാർ ഇതുവരെ നൽകാത്തതാണ് പ്രതിസന്ധി. ഈ വർഷം 37,512 കോടി കടമെടുക്കാൻ കേരളത്തിന് അർഹതയുണ്ടെന്ന് പറഞ്ഞെങ്കിലും ആദ്യത്തെ 9 മാസം എടുക്കാവുന്ന തുകയെത്ര എന്ന് ഇതുവരെ കേന്ദ്രം അറിയിച്ചിട്ടില്ല. കടമെടുക്കാൻ കഴിഞ്ഞില്ലെങ്കിൽ ജൂൺ മാസത്തിൽ സർക്കാർ ജീവനക്കാരുടെ ശമ്പളം അടക്കം മുടങ്ങും.
ഈ സാഹചര്യത്തിൽ കടമെടുപ്പിന് അനുമതി ആവശ്യപ്പെട്ട് കേന്ദ്രത്തിനു സംസ്ഥാന സർക്കാർ കത്തയച്ചു. സർക്കാർ ജീവനക്കാർ വിരമിക്കുന്ന ഈ മാസം ആനുകൂല്യങ്ങൾ നൽകാൻ 7,500 കോടിയോളം രൂപ ആവശ്യമുള്ള സാഹചര്യത്തിലാണിത്. അനുവദിച്ച 3,000 കോടി വായ്പ മുഴുവൻ സംസ്ഥാനം എടുത്തിരുന്നു. മെയ് മാസത്തിൽ ഒരു കണക്കിന് പിടിച്ചു നിന്നത് അതുകൊണ്ടാണ്. പതിനയ്യായിരത്തിലേറെ സർക്കാർ ജീവനക്കാരാണ് ഈ മാസം വിരമിക്കുന്നത്. ഇത്രയും പേർക്കുള്ള വിരമിക്കൽ ആനുകൂല്യങ്ങൾ നൽകാൻ മാത്രം 7,500 കോടിയോളം വേണം. കേന്ദ്രം കടമെടുക്കാൻ അനുവദിച്ചില്ലെങ്കിൽ എന്തു ചെയ്യുമെന്ന ചർച്ച സജീവമാണ്. പെൻഷൻ പ്രായം കൂട്ടുകയോ അല്ലെങ്കിൽ ആനുകൂല്യങ്ങൾ നൽകാതിരിക്കാനുള്ള മറ്റ് ഉപായങ്ങൾ സ്വീകരിക്കേണ്ടിയോ വരും. എന്നാൽ ഇത് സർക്കാരിന് കനത്ത തിരിച്ചടയിയാകും.
ഏപ്രിൽ മുതൽ മാസം തോറും ക്ഷേമപെൻഷൻ നൽകുമെന്ന് പ്രഖ്യാപിച്ചെങ്കിലും 6 മാസത്തെ ക്ഷേമപെൻഷൻ കുടിശികയാണ്. ഒരുമാസത്തെ കുടിശിക അടുത്തയാഴ്ച നൽകാനാണ് ധനവകുപ്പ് ശ്രമിക്കുന്നത്. ഇതിന് 900 കോടി വേണം. അടുത്തമാസം ആദ്യം ശമ്പളവും പെൻഷനും കൊടുക്കാനും പണം കണ്ടെത്തണം. ഇതിനൊപ്പമാണ് പെൻഷൻ പ്രതിസന്ധി. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്ത് വീണ്ടും പെൻഷൻ പ്രായം ഉയർത്തുന്നത് ചർച്ചകളിലേക്ക് എത്തുന്നത്. സർക്കാർ ഖജനാവിലെ പ്രതിസന്ധിയാണ് ഇതിന് കാരണം. പെൻഷൻ പ്രായം കൂട്ടിയില്ലെങ്കിൽ ഈ സാമ്പത്തിക വർഷം എന്തു ചെയ്യുമെന്ന ആശങ്ക സർക്കാരിനുണ്ട്. 2024-05 സാമ്പത്തിക വർഷത്തിൽ 25000ത്തോളം പേരാണ് സർക്കാർ ജോലിയിൽ നിന്നും വിരമിക്കുക. ഇതിൽ 20000ത്തിന് അടുത്ത് ആളുകൾ വിരമിക്കുന്നത് മെയ് മാസത്തിലാണ്.
ശരാശരി ഒരാൾക്ക് വിരമിക്കുമ്പോൾ 40 ലക്ഷത്തോളം രൂപ സർക്കാർ നൽകേണ്ടതുണ്ട്. 20000 പേർക്ക് ഇത്രയും തുക നൽകാൻ കുറഞ്ഞത് 8000 കോടി വേണം. ഈ സാഹചര്യത്തിലാണ് പെൻഷൻ പ്രായം ഉയർത്തുന്നതിൽ സർക്കാർ ആലോചന തുടങ്ങുന്നത്. പെൻഷൻ പ്രായം അറുപതാക്കിയാൽ കേരളത്തിന്റെ സാമ്പത്തിക നില കൂടുതൽ സുസ്ഥിരമാകുമെന്ന് കരുതുന്നവരുമുണ്ട്. എന്നാൽ യുവാക്കളുടെ പ്രതിഷേധം അതിരുവിടും. അതു മനസ്സിലാക്കി പെൻഷൻ പ്രായം 58 ആക്കാനാണ് ആലോചന. സർക്കാർ ജീവനക്കാരും പെൻഷൻ പ്രായം ഉയർത്തുമെന്ന പ്രതീക്ഷയിലാണ് ഇപ്പോൾ. ലോക്സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിന് ഇനിയും കാലമുണ്ട്. അതുകൊണ്ട് തന്നെ യുവാക്കളുടെ പ്രതിഷേധത്തിന് പരിഹാരമൊരുക്കാൻ സമയമുണ്ടെന്നാണ് വിലയിരുത്തൽ. നയപരമായ തീരുമാനമായതിനാൽ ഇടതു മുന്നണിയും ഇത് അംഗീകരിക്കേണ്ടതുണ്ട്. പെൻഷൻ പ്രായം ഉയർത്തിയില്ലെങ്കിൽ വലിയ പ്രതിസന്ധിയായി മാറുമെന്നാണ് ധനകാര്യ വകുപ്പിലേയും പ്രമുഖരുടെ നിലപാട്.
നിലവിൽ കടമെടുത്താണ് കേരളം മുമ്പോട്ട് പോകുന്നത്. ഏകദേശം 38000 കോടിയാകും കടമെടുക്കാനുള്ള കേന്ദ്ര സർക്കാർ ഈ വർഷം അനുവദിക്കാൻ പോകുന്ന പരിധി. ഇതിൽ പതിനായിരം കോടിയിൽ അധികം പെൻഷൻ ആനുകൂല്യം നൽകേണ്ടി വരുന്നത് കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയെ തകർക്കും. കിഫ്ബിയുടേയും മറ്റു ഫണ്ടുകളുടേയും കടമെടുക്കൽ കണക്കും സംസ്ഥാന സർക്കാരിന്റെ പരിധിയിൽ കൊണ്ടു വന്നാൽ കേരളത്തിന് അനുദനീയമായ ഈ സാമ്പത്തിക വർഷത്തെ കടമെടുപ്പ് പരിധി 25000 കോടിയായി ചുരുങ്ങാനും സാധ്യത ഏറെ.
അങ്ങനെ 25000 കോടി മാത്രം കടമെടുക്കാൻ ആകുന്ന സാഹചര്യമുണ്ടാകുമ്പോൾ പെൻഷന് വേണ്ടി അതിൽ പകുതിയോളം കൊടുക്കുന്നതിലെ പ്രതിസന്ധി ചിന്തിക്കാനുന്നതിനും അപ്പുറമാണ്. അതുകൊണ്ട് കൂടിയാണ് പെൻഷൻ പ്രായം ഉയർത്തി ഈ തുക വികസന ആവശ്യത്തിലേക്ക് മാറ്റാനുള്ള ആലോചന.