മേരിക്കൻ ഡോളറിനെതിരെ കഴിഞ്ഞ ഒരു മാസമായി രൂപയുടെ മൂല്യം ഇടിഞ്ഞു കൊണ്ടിരിക്കുകയാണ്. ഇത് അന്താരാഷ്ട്ര വിപണിയിൽ രൂപയുടെ വാങ്ങൽ ശേഷി കുറയ്ക്കുകയും ഇറക്കുമതി താരതമ്യേന ചെലവ് കൂടിയതാക്കുകയും ചെയ്തു. എണ്ണ ഇറക്കുമതിയെ അതിയായി ആശ്രയിക്കുന്ന ഇന്ത്യയ്ക്ക് ഇത് നൽകിയിരിക്കുന്നത് വൻ ഭാരം തന്നെയാണ്.

എന്നാൽ, ഈ വെല്ലുവിളിയെ വലിയൊരു പരിധിവരെ നേരിടാൻ സാധിക്കുന്നതായിരുന്നു കഴിഞ്ഞ വർഷം ജൂലായിൽ ഇന്ത്യ കൈക്കൊണ്ട നടപടി. അന്താരാഷ്ട്ര വ്യാപാരത്തിൽ ബില്ലുകളുടെ പണം രൂപയിൽ നൽകാൻ സമ്മതിച്ചു കൊണ്ട് യുണൈറ്റഡ് അറബ് എമിറേറ്റ്‌സുമായി ഒപ്പു വച്ച കരാറാണ് ഈ നടപടി. നേരത്തെ റഷ്യയിൽ നിന്നും രൂപയിൽ ഇന്ത്യ എണ്ണ വാങ്ങിയിരുന്നു. നിലവിൽ 39 രാജ്യങ്ങളിൽ നിന്നാണ് ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്യുന്നത്. അതുകൊണ്ടു തന്നെ മറ്റു രാജ്യങ്ങളുമായും ഇത്തരത്തിലുള്ള ക്രമീകരണങ്ങൾ ഉണ്ടാക്കാനുള്ള സാധ്യത വളരെ വലുതാണ്.

ഏറ്റവും അവസാനം ഇത് സംബന്ധിച്ച് പുറത്തു വരുന്ന വാർത്ത, അന്താരാഷ്ട്ര വ്യാപാരത്തിൽ ഇന്ത്യൻ രൂപ കറൻസിയാക്കുവാനായി റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ തായ്ലാൻഡുമായി ചർച്ചകൾ നടത്തുന്നു എന്നാണ്. അതിനു പുറമെ, മറ്റ് പതിനെട്ട് രാജ്യങ്ങളുമായും റുപ്പീ ട്രേഡ് സെറ്റിൽമെന്റ് സമ്പ്രദായം കൊണ്ടു വരുന്നതിനുള്ള ചർച്ചകൾ നടത്തുകയാണ്. ഈ രാജ്യങ്ങളിൽ നിന്നുള്ള ബാങ്കുകൾക്ക് സ്‌പെഷ്യൽ വോസ്‌ട്രോ റുപീ അക്കൗണ്ട്‌സ് (എസ് വി ആർ എ) കൾ തുറക്കാൻ അനുവദിച്ച്, അതുവഴി വ്യാപാര കണക്കുകൾ തീർക്കുന്നതു വഴിയാണ് ഇത് സാധ്യമാവുക..

ഇറക്കുമതികൾക്ക് വിദേശ കറൻസികളെ (സാധാരണയായി അമേരിക്കൻ ഡോളർ) ആശ്രയിക്കാതെ ഇന്ത്യൻ രൂപയിൽ പണമിട;പാട് നടത്തുന്നതിനുള്ള ഈ ശ്രമങ്ങൾ നയിക്കുന്നത് രൂപയുടെ ആഗോളവത്കരണത്തിലേക്കാണെന്ന് എക്കണോമിക്സ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഇത് നടപ്പിലായാൽ ഇന്ത്യയിലെയും മറ്റ് രാജ്യങ്ങളിലേയും നിക്ഷേപകർക്ക് വലിയ പ്രയോജനങ്ങൾ ഉണ്ടാക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

കറൻസിക്ക് മൂല്യം വർദ്ധിക്കുമെന്നതും, വിനിമയ നിരക്കിലെ വ്യതിയാനങ്ങൾ ബാധിക്കില്ലെന്നതും ഒരു ഗുണമാണ്. മാത്രമല്ല, കൂടുതൽ കൂടുതൽ അന്താരാഷ്ട്ര വ്യാപാരസ്ഥാപനങ്ങൾ ഇന്ത്യയിൽ പ്രവർത്തനം ആരംഭിക്കാൻ സാധ്യതയുണ്ട്. കറൻസി ഫ്‌ളക്‌ച്വേഷൻ റിസ്‌ക് ഇല്ല എന്നതാകും അവരെ ആകർഷിക്കുക. ഇത് ഇന്ത്യൻ സമദ്വ്യവസ്ഥയിലേക്ക് കൂടുതൽ ഇന്ത്യൻ കറൻസി ഒഴുകിയെത്തുന്നതിന് ഇടവരുത്തും. ഇതുവഴി ഇറക്കുമതി ചെലവ് കുറയ്ക്കാൻ കഴിയും എന്നത് മറ്റൊരു മെച്ചം. ഇത് കറന്റ് അക്കൗണ്ട് കമ്മി കുറച്ചു കൊണ്ടു വരുന്നതിനും രാജ്യത്തിന്റെ ബാലൻസ് ഷീറ്റ് കൂടുതൽ മെച്ചപ്പെട്ടതാക്കുന്നതിനും സഹായിക്കും.

ഇതിനെല്ലാം പുറമെ ഭൗമ രാഷ്ട്രീയ (ജിയോ പൊളിറ്റിക്സ്) ത്തിൽ ഇന്ത്യയ്ക്ക് സ്വാധീനം വർദ്ധിപ്പിക്കാൻ കഴിയും എന്നൊരു മെച്ചം കൂടി ഇതിനുണ്ട്. കൂടുതൽ രാജ്യങ്ങളുമായി ഉഭയകക്ഷി കരാറുകൾ ഉണ്ടാക്കുവാനും കഴിയും. മാത്രമല്ല, ഉയർന്ന തോതിൽ അമേരിക്കൻ ഡോളർ ശേഖരിച്ചു വയ്ക്കുന്നതിനുള്ള സമ്മർദ്ദം ആർ ബി ഐക്ക് മുകളിൽ ഉണ്ടാവുകയുമില്ല. എക്കാലത്തെയും ഉയർന്ന ഡോളർ ശേഖരമാണ് ഇപ്പോൾ ഉള്ളത് എന്നതോർക്കണം.

നിലവിൽ, ലോകത്തിൽ അതിവേഗം വളർന്ന് കൊണ്ടിരിക്കുന്ന സമ്പദ്ഘടനയാണ് ഇന്ത്യയുടേത്, അധികം വൈകാതെ ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഈ സാഹചര്യത്തിൽ രൂപയുടെ അന്താരാഷ്ട്ര വത്ക്കരണം ഇന്ത്യയ്ക്ക് ഏറേ ഉപകാരം ചെയ്യുമെന്ന് സാമ്പത്തിക വിദഗ്ദ്ധർ പറയുന്നു. ഇറക്കുമതി ചെലവ് കുറയും എന്ന് മാത്രമല്ല, ആഭ്യന്തര ധനവിപണിയിലും ഇത് നേരിട്ട് സ്വാധീനം ചെലുത്തും. ഓഹരി വിപണിയിലും ഇത് പ്രതിഫലിക്കും. അതിനെല്ലാം പുറമെ ഇന്ത്യാക്കാരുടെ വാങ്ങൽ ശേസഹി വർദ്ധിക്കുകയും, ജീവിത നിലവാരം മെച്ചപ്പെടുന്നതിന് സഹായമാവുകയും ചെയ്യും.