- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യൻ വിനോദ ലോകത്തെ അടക്കി വാഴാൻ മുകേഷ് അംബാനി! ആഗോള ഭീമൻ ഡിസ്നിയും റിലയൻസും ലയനത്തിനൊരുങ്ങുന്നു; ഇന്ത്യൻ മാധ്യമരംഗത്തെ മാറ്റിമറിക്കുന്ന വമ്പൻ ഡീലിൽ അംബാനി ഒപ്പുവെച്ചു; റിലയൻസ് 51 ശതമാനം ഷെയറും ഡിസ്‌നി 49 ശതമാനം ഷെയറും കൈവശം വെക്കുമെന്ന് ധാരണ
മുംബൈ: ഇന്ത്യൻ വിനോദ ലോകത്തെ അടക്കിവാഴാൻ ഒരുങ്ങി മുകേഷ് അംബാനി. വിനോദ വ്യവസായ രംഗത്ത് ഇന്ത്യകണ്ട ഏറ്റവും വലിയ ലയനത്തിന് റിലയൻസും ഡിസ്‌നി സ്റ്റാറും കഴിഞ്ഞ ആഴ്ച ലണ്ടനിൽ ഒപ്പുവച്ചുവെന്ന് റിപ്പോർട്ട്. ഒപ്പുവച്ച നോൺ-ബൈൻഡിങ് കരാർ പ്രകാരം റിലയൻസിന്റെ ജിയോ സിനിമയും ഡിസ്‌നിയുടെ ഡിസ്‌നിപ്ലസ് ഹോട്ട്സ്റ്റാറും തമ്മിൽ ലയിക്കും. ഇതോടെ ഡിജിറ്റൽ രംഗത്ത് റിലയൻസിന്റെ കുത്തകയാകും രാജ്യത്ത് ഉണ്ടാകുക.
നോൺ -ബൈൻഡിങ് കരാറിൽ ഒപ്പുവെച്ചതിന് പുറമേ ഇനി വമ്പൻ മാറ്റങ്ങളാകും ഇന്ത്യൻ മാധ്യമ രംഗത്തു പ്രതിഫലിക്കുക. 2024 ഫെബ്രുവരിയിൽ കരാർ പൂർത്തിയാകും എന്നാണ് കരുതപ്പെടുന്നത്. കരാർ പ്രകാരം ഇരു കമ്പനികളും ലയിക്കുമ്പോൾ റിലയൻസ് 51 ശതമാനം ഷെയറും ഡിസ്‌നി 49 ശതമാനം ഷെയറും കമ്പനിയിൽ നിലനിർത്തും. ഇതോടെ മാനേജ്‌മെന്റ് തലത്തിലെ തീരുമാനങ്ങൾ എടുക്കാൻ റിലയൻസിന് സാധിക്കും.
നേരത്തെ, ലണ്ടനിൽ ഇരുകമ്പനികളും ലയനത്തെക്കുറിച്ച് ചർച്ച നടത്തിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ലയനം പൂർത്തിയാവുന്നതോടെ രാജ്യത്തെ ഏറ്റവും വലിയ മീഡിയ എന്റർടെയ്ന്മെന്റ് കമ്പനിയായി ഇതുമാറും. നിലവിൽ വയകോം 18-നു കീഴിലായി റിലയൻസ് ഇന്ത്യ ലിമിറ്റഡിന് നിരവധി ടെലിവിഷൻ ചാനലുകളും സ്ട്രീമിങ് ആപ്പുകളുമുണ്ട്.
സ്റ്റാർ ഇന്ത്യയുടെ നിയന്ത്രണത്തിനായി റിലയൻസ് വയകോം 18-ന് കീഴിൽ പ്രത്യേക യൂണിറ്റുണ്ടാക്കാനാണ് പദ്ധതിയെന്ന് പുതിയ കരാർ ഉദ്ധരിച്ച് വിവിധ വാർത്താ ഏജൻസികൾ റിപ്പോർട്ടുചെയ്തു. 150 കോടി ഡോളർവരെ മൂലധനനിക്ഷേപം ഉദ്ധേശിക്കുന്ന പദ്ധതിയും ഇരുവിഭാഗവും ചർച്ച ചെയ്തുവെന്നാണ് സൂചന. ഡിസ്നിക്കു കീഴിലായി ഇന്ത്യയിൽ വിവിധ ടി.വി. ചാനലുകളും ഹോട്സ്റ്റാർ ഒ.ടി.ടി. പ്ലാറ്റ്ഫോമും പ്രവർത്തിക്കുന്നുണ്ട്. ഇവ വിറ്റൊഴിവാക്കാനോ ജോയിന്റ് വെഞ്ച്വർ രൂപീകരിക്കാനോ ഡിസ്നി പദ്ധതിയിട്ടിരുന്നു.
മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഫെബ്രുവരിയിലേക്ക് നീട്ടാതെ ജനുവരിയിൽ തന്നെ ലയനത്തിന് അന്തിമരൂപം നൽകാനുള്ള ശ്രമങ്ങൾ തുടരുകയാണ് എന്നാണ് വിവരം. പക്ഷേ ഈ കരാർ സംബന്ധിച്ച് നിരവധി വിശദാംശങ്ങൾ പരിഹരിക്കാനുണ്ട്. അംബാനിയുടെ അടുത്ത സഹായിയായ മനോജ് മോദിയും ഡിസ്‌നിയുടെ മുൻ എക്‌സിക്യൂട്ടീവായ കെവിൻ മേയറും തമ്മിൽ മാസങ്ങൾ നീണ്ട ചർച്ചകൾക്ക് ശേഷമാണ് നോൺ-ബൈൻഡിങ് കാരാർ ഒപ്പിട്ടത് എന്നാണ് ദി ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.
റിലയൻസ്-ഡിസ്നി ലയനം ഇന്ത്യയിലെ ഒടിടി വിപണിയെ മാറ്റിമറിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രത്യേകിച്ചും രാജ്യത്തെ ഏറ്റവും കൂടുതൽ ആളുകൾ കാണുന്ന കായിക ഇനമായ ക്രിക്കറ്റിന്റെ ഓൺലൈൻ പ്രക്ഷേപണത്തിൽ വൻ മാറ്റം ഉണ്ടാക്കും. സ്റ്റോക്ക് സ്വാപ്പിലൂടെ സ്റ്റാർ ഇന്ത്യയെ ഏറ്റെടുത്ത് റിലയൻസിന്റെ ഉടമസ്ഥതയിലുള്ള വയകോം 18ന്റെ ഒരു അനുബന്ധ സ്ഥാപനം സൃഷ്ടിക്കുക എന്നതാണ് ലയനത്തിന്റെ പ്രധാന ലക്ഷ്യം എന്നാണ് ഇടി റിപ്പോർട്ട് ചെയ്യുന്നത്.
റിലയൻസിന്റെ ഒടിടി പ്ലാറ്റ്ഫോമായ ജിയോ സിനിമയും ഡിസ്നി + ഹോട്ട്സ്റ്റാറും കരാറിന്റെ ഭാഗമായത് തുടർച്ചയായി നഷ്ടത്തിലേക്ക് നീങ്ങുന്ന ഡിസ്നി + ഹോട്ട്സ്റ്റാറിന് ആശ്വാസമാണ്. റിലയൻസും ഡിസ്‌നി സ്റ്റാറും 1.5 ബില്യൺ ഡോളറിന്റെ നിക്ഷേപം ഈ കരാറിനൊപ്പം നടത്തുമെന്നാണ് കരുതുന്നത്. അംബാനിയുടെ സ്ഥാപനം സ്റ്റാർ ഇന്ത്യയുടെ ചാനലുകളുടെ വിതരണ നിയന്ത്രണം ഏറ്റെടുത്തേക്കും.
ക്രിക്കറ്റ് സ്ട്രീമിങ് അവകാശത്തെച്ചൊല്ലി അവരും റിലയൻസും തമ്മിലുള്ള ലേല യുദ്ധം ഒഴിവാക്കുന്നതിന്റെ ഭാഗമായി ഡിസ്‌നി സ്റ്റാർ ഈ ഇടപാടിൽ അതീവ താൽപര്യം പ്രകടിപ്പിച്ചിരുന്നുവെന്നാണ് റിപ്പോർട്ട്. ലയനത്തോടെ റിലയൻസ് പ്രധാന ഷെയർ ഉടമകളായി മാറും. നിലവിൽ ഡിസ്‌നി ഇന്ത്യയുടെ തലപ്പത്ത് മലയാളിയായ മാധവനാണുള്ളത്. ഇനി അദ്ദേഹത്തിന്റെ സ്ഥാനം മാറുമോ എന്നതാണ് അറിയേണ്ടത്.
മുകേഷ് അംബാനിയുടെ മൂത്തമകൻ ആകാശ് അംബാനിയും പുതിയ കമ്പനിയുടെ ഡയറക്ടർ ബോർഡിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. റിലയൻസിന് ശേഷം വയാകോം18ൽ ഏറ്റവും കൂടുതൽ ഓഹരികൾ കൈവശം വച്ചിരിക്കുന്ന ബോധി ട്രീയുടെ ഉദയ് ശങ്കറാണ് ഡയറക്ടർ ബോർഡിലേക്ക് വരാൻ സാധ്യതയുള്ള മറ്റൊരാൾ എന്നാണ് റിപ്പോർട്ട്. ലയനത്തിന് ശേഷം രൂപീകരിക്കുന്ന പുതിയ സംവിധാനം സംബന്ധിച്ച് കൂടുതൽ അറിവില്ലെങ്കിലും. അതിന്റെ പ്രധാന മത്സരം നെറ്റ്ഫ്‌ളിക്‌സ്, ആമസോൺ തുടങ്ങിയ സ്ട്രീമിങ് സേവനങ്ങളായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഇന്ത്യയിലെ മാധ്യമ മേഖലയിൽ ഒന്നാം സ്ഥാനത്തെത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് റിലയൻസ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. നേരത്തെ 2.7 ബില്യൺ ഡോളറിന് ഇന്ത്യൻ പ്രീമിയർ ലീഗിന്റെ വിതരണാവകാശം മുകേഷ് അംബാനി സ്വന്തമാക്കിയിരുന്നു. ഇതിനൊപ്പം വാർണർ ബ്രദേഴ്‌സിന്റെ എച്ച്.ബി.ഒ ഷോകൾ ഇന്ത്യയിൽ സംപ്രേഷണം ചെയ്യുന്നതിനുള്ള അവകാശവും റിലയൻസ് സ്വന്തമാക്കിയിരുന്നു. അതേസമയം, ഡിസ്‌നിയെ സംബന്ധിച്ചടുത്തോളം വലിയ നേട്ടം ഇന്ത്യയിൽ ഉണ്ടാക്കാൻ സാധിച്ചിട്ടില്ല. ഡിസ്‌നി നഷ്ടത്തിലേക്ക് നീങ്ങുമെന്ന അവസ്ഥ വന്നതോടെയാണ് വമ്പൻ ഡീലും എത്തിയത്.