- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തമിഴ്‌നാട്ടിലെ ആഗോള നിക്ഷേപ സംഗമം സൂപ്പർഹിറ്റ്
ചെന്നൈ: വൻകിട കമ്പനികളെ ക്ഷണിച്ചു വരുത്തി വ്യവസായ രംഗത്ത് വിപ്ലവം തീർക്കുന്നതിൽ തമിഴ്‌നാട് സർക്കാർ കാട്ടുന്ന മിടുക്ക് മുൻകാലങ്ങളിലും ഏറെ ശ്രദ്ധ നേടിയ കാര്യമാണ്. ഇപ്പോൾ വീണ്ടും വ്യവസായ നിക്ഷേപം രംഗത്ത് പുതിയ തരംഗം തീർക്കുകയാണ് തമിഴ്‌നാട്ടിലെ ഡിഎംകെ സർക്കാർ. മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പ്രത്യേക താൽപ്പര്യമെടുത്തു സംഘടിപ്പിച്ച ആഗോള നിക്ഷേപ സംഗമം വലിയ വിജയമാകുന്നതിന്റെ സൂചനകളാണ് തമിഴകത്തു നിന്നും പുറത്തുവരുന്നത്.
ആഗോള നിക്ഷേപ സംഗമത്തിന്റെ ആദ്യദിനം തമിഴ്‌നാട്ടിലേക്ക് നിക്ഷേപ പ്രവാഹം തന്നെയാണ് ഉണ്ടായിരിക്കുന്നത്. വൻകിട കമ്പനികൾ തന്നെ വൻ നിക്ഷേപം തമിഴ്‌നാട്ടിൽ നടത്താനാണ് ഒരുങ്ങുന്നത്. ആദ്യ ദിവസം തന്നെ വൻ നിക്ഷേപ പദ്ധതികളെ കുറിച്ചാണ് ധാരണയായിരിക്കുന്നത്. രണ്ടാം ദിനമായ നാളെയും വലിയ പ്രഖ്യാപനങ്ങളാണ് പ്രതീക്ഷിക്കുന്നത്. അഞ്ച് ലക്ഷം കോടിയുടെ നിക്ഷേപങ്ങളാണ് തമിഴ്‌നാട് സർക്കാർ പ്രതീക്ഷിക്കുന്നത്.
ആദ്യ ദിവസം തന്നെ ലക്ഷ്യം മറികടന്നെന്ന് വ്യവസായമന്ത്രി ടിആർബി രാജ പറഞ്ഞു. 5.5 ലക്ഷം കോടിയുടെ 100 ധാരണാപത്രങ്ങളാണ് ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേർത്തു. അഡിഡാസ്, ബോയിങ് തുടങ്ങിയ വമ്പന്മാരുമായി നാളെ ധാരണാപത്രം ഒപ്പിട്ടേക്കും. തമിഴ്‌നാട്ടിലേക്ക് കോടികളുടെ നിക്ഷേപവുമായി ടാറ്റ, റിലയൻസ്, ജെഎസ്ഡബ്ല്യൂ തുടങ്ങിയ വൻകിട കമ്പനികൾളാണ് രംഗത്തുള്ളത്.
ചെന്നൈ വേദിയായ ആഗോള നിക്ഷേപ സംഗമത്തിലാണ് കോടിക്കണക്കിന് രൂപയുടെ നിക്ഷേപം വിവിധ കമ്പനികൾ പ്രഖ്യാപിച്ചത്. തമിഴ്‌നാട്ടിലെ കൃഷ്ണഗിരി ജില്ലയിൽ 12.082 കോടി രൂപയുടെ മൊബൈൽ ഫോൺ അസംബ്ലി യൂണിറ്റാണ് ടാറ്റ ഇലക്ട്രോണിക്‌സ് പ്രഖ്യാപിച്ചത്. 45,500 പേർക്ക് തൊഴിൽ നൽകാൻ ഈ നിക്ഷേപ പദ്ധതികൾക്ക് സാധിക്കും. പുനരുപയോഗ ഊർജ മേഖലയിൽ അടുത്ത 5 വർഷത്തിൽ 55,000 കോടിയുടെ പദ്ധതികൾക്കുള്ള ധാരണപത്രം ഒപ്പിടുമെന്ന് ടാറ്റാ പവറും അറിയിച്ചു.
തൂത്തുക്കൂടി, തിരുനെൽവേലി എന്നീ ജില്ലകളിൽ 10000 കോടിയുടെ നിക്ഷേപവും 6000 പേർക്ക് ജോലിയും ആണ് ജെ.എസ്.ഡബ്ല്യു എനർജിയുമായുള്ള ധാരണാപാത്രത്തിലെ സവിശേഷത. വിയറ്റ്‌നാം കമ്പനിയായ വിൻഫാസ്റ്റിന് പിന്നാലെ കാഞ്ചീപുരത്ത് 6180 കോടിയുടെ ഇലക്ട്രിക് കാർ -ബാറ്ററി യൂണിറ്റ് തുടങ്ങുമെന്ന് ഹ്യുണ്ടായ് അറിയിച്ചു.
ആപ്പിൾ കരാർ കമ്പനി പെഗാട്രോൺ ചെങ്കപ്പെട്ടിൽ 1000 കോടി മുടക്കി നിർമ്മിക്കുന്ന പുതിയ പ്ലാന്റിലൂടെ ലക്ഷ്യമിടുന്നത് 8000 തൊഴിലാവസരങ്ങളാണ്. റിലേയൻസ് എനർജി, ടി വി എസ്, ഗോദ്റെജ് തുടങ്ങിയവരും സംസ്ഥാനത്ത് പുതിയ പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഡാനിഷ് ഷിപ്പിങ് ആൻഡ് ലോജിസ്റ്റിക്‌സ് കമ്പനിയായ എപി മൊളർ മർസ്‌ക് തമിഴ്‌നാട്ടിലുടനീളം ഗതാഗത, ലോജിസ്റ്റിക് കേന്ദ്രങ്ങളും സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചു.
ആഗോള നിക്ഷേപ സംഗമം മുഖ്യമന്ത്രി എംകെ സ്റ്റാലിനാണ് ഉദ്ഘാടനം ചെയ്തത്. ആദ്യമായി നടക്കുന്ന നിക്ഷേപ സംഗമത്തിൽ 5 ലക്ഷം കോടിയുടെ നിക്ഷേപമാണ് ഡിഎംകെ സർക്കാർ പ്രതീക്ഷിക്കുന്നത്. 2023 ആകുമ്പോഴേക്കും തമിഴ്‌നാടിലെ ഒരു ട്രില്യൺ ഡോളറിന്റെ സാമ്പത്തിക ശക്തിയായി ഉയർത്തുകയാണ് ലക്ഷ്യം. അതേസമയം, എഐഎഡിഎംകെ സർക്കാരിന്റ കാലത്തെ രണ്ട് സംഗമങ്ങളിൽ ഒപ്പിട്ട ധാരണാപത്രങ്ങളിൽ പകുതി പോലും യാഥാർഥ്യമായില്ല എന്നത് സ്റ്റാലിന് മുന്നിലെ കടമ്പയാണ്.