ന്യൂഡൽഹി: ഇന്ത്യൻ മാധ്യമ രംഗത്ത് കൂടുതൽ ശക്തമായ സാന്നിധ്യമാകാൻ ഗൗതം അദാനി ഗ്രൂപ്പിന്റെ നീക്കം. ഇപ്പോൾ തന്നെ നിരവധി വാർത്താ മാധ്യമങ്ങൾ കൈകാര്യം ചെയ്യുന്ന അദാനി വാർത്താ ഏജൻസികളിലും പിടിമുറുക്കിയിരിക്കയാണ്. വാർത്ത ഏജൻസിയായ ഐ.എ.എൻ.എസിൽ ഓഹരികൾ സ്വന്തമാക്കി വ്യവസായി ഗൗതം അദാനി. ഓഹരി വിപണിയെയാണ് അദാനി ഗ്രൂപ്പ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യൻ മാധ്യമരംഗത്ത് സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം.

ഐ.എ.എൻ.എസിൽ 50.50 ശതമാനം ഓഹരിയാണ് അദാനിയുടെ എ.എം.ജി മീഡിയ നെറ്റ്‌വർക്ക് ലിമിറ്റഡ് വാങ്ങിയത്. അതേസമയം, എത്ര തുകക്കാണ് ഇടപാട് നടത്തിയിരിക്കുന്നതെന്ന് അദാനി ഗ്രൂപ്പ് വെളിപ്പെടുത്തിയിട്ടില്ല. ക്വിന്റിലിൻ ബിസിനസ് മീഡിയയെ സ്വന്തമാക്കിയാണ് മാധ്യമരംഗത്തേക്ക് അദാനി ചുവടുവെക്കുന്നത്.

ഫിനാൻഷ്യൽ ന്യൂസ് ഡിജിറ്റൽ മീഡിയ പ്ലാറ്റ്‌ഫോമായ ബി.ക്യു പ്രൈമിന്റെ ഉടമസ്ഥരായിരുന്നു അവർ. പിന്നീട് ഡിസംബറിൽ എൻ.ഡി.ടി.വിയിലെ 65 ശതമാനം ഓഹരികൾ നേടി അദാനി ഗ്രൂപ്പ് ഞെട്ടിച്ചു. ഐ.എ.എൻ.എസിന്റെ മാനേജ്‌മെന്റ് ഓപ്പറേഷൻ നിയന്ത്രണങ്ങൾ അദാനിയുടെ ഉടമസ്ഥതയിലുള്ള എഎംജി മീഡിയ നെറ്റ്‌വർക്ക് ലിമിറ്റഡിനായിരിക്കും. കമ്പനി ഡയറക്ടർമാരേയും അദാനി ഗ്രൂപ്പ് തന്നെയായിരിക്കും നിയമിക്കുക.