- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- INVESTMENTS
ഐബിഎസിൽ എപാക്‌സ് ഫണ്ട്സ് 450 മില്യൺ ഡോളർ നിക്ഷേപിക്കും; വി കെ മാത്യൂസ് കമ്പനിയുടെ ഭൂരിപക്ഷ ഓഹരിയുടമയായി തുടരും; ഈ നിക്ഷേപം ഐബിഎസിന്റെ വൈദഗ്ധ്യത്തിനും പ്രതിബദ്ധതയ്ക്കുമുള്ള അംഗീകാരമെന്ന് മാത്യൂസ്
തിരുവനന്തപുരം: ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ എപാക്‌സ് പാർട്‌ണേഴ്‌സ് എൽ.എൽ.പി (എപാക്‌സ്) ഐബിഎസ് സോഫ്റ്റ് വെയറിൽ 450 മില്യൺ ഡോളർ നിക്ഷേപിക്കാൻ ധാരണയായി. ധാരണാപ്രകാരം വി.കെ മാത്യൂസ് കമ്പനിയുടെ ഭൂരിപക്ഷ ഓഹരിയുടമയായി തുടരും.
ടെക്‌നോളജി നവീകരണത്തിലൂടെ ട്രാവൽ ബിസിനസിന്റെ ഭാവി പുനർനിർവചിക്കുക എന്ന കാഴ്ചപ്പാടോടെ 1997-ൽ സ്ഥാപിതമായ ഐബിഎസ് ലോകത്തെ പ്രമുഖ ഏവിയേഷൻ, ടൂർ, ക്രൂസ്, ഹോസ്പിറ്റാലിറ്റി, ലോജിസ്റ്റിക്‌സ് കമ്പനികളിലെ നിർണായക പ്രവർത്തനങ്ങൾക്കായി സാസ് സൊല്യൂഷനുകൾ നൽകുന്ന മുൻനിര സ്ഥാപനമാണ്. യാത്രാ വ്യവസായത്തിനായി നിർമ്മിച്ച മോഡുലാർ, ക്ലൗഡ് അധിഷ്ഠിത പരിഹാരങ്ങൾ ഉപയോഗിച്ച് ചരക്കുനീക്കം, ലോജിസ്റ്റിക്‌സ്, ഫ്‌ളൈറ്റ് ഓപ്പറേഷൻസ്, പാസഞ്ചർ സർവീസ്, ലോയൽറ്റി പ്രോഗ്രാമുകൾ, ക്രൂസ് ഓപ്പറേഷൻസ്, എനർജി ആൻഡ് റിസോഴ്‌സ് ലോജിസ്റ്റിക്‌സ്, ഹോസ്പിറ്റാലിറ്റി ഡിസ്ട്രിബ്യൂഷൻ പ്ലാറ്റ് ഫോമുകൾ എന്നിവയുൾപ്പെടെ പ്രധാന ബിസിനസ് പ്രക്രിയകളിലുടനീളം നവീകരണവും കാര്യക്ഷമതയും വർധിപ്പിക്കാൻ യാത്രാ കമ്പനികളെ ഐബിഎസ് സഹായിക്കുന്നു. 25 വർഷത്തിലേറെ ഡൊമെയ്ൻ വൈദഗ്ധ്യമുള്ള ലോകമെമ്പാടുമുള്ള 4000 പ്രൊഫഷണലുകളും ക്ലൗഡ്-നേറ്റീവ് പ്ലാറ്റ് ഫോമും മാർക്കറ്റ് നേതൃത്വവുമാണ് ട്രാവൽ ബിസിനസിൽ നിർണായക സാങ്കേതിക പങ്കാളിയായി തുടരുന്നതിൽ ഐബിഎസിന്റെ കരുത്ത്.
ട്രാവൽ കമ്പനികളുടെ പ്രവർത്തനത്തെ സാങ്കേതികമായി പരിവർത്തനം ചെയ്യുന്നതിനുള്ള ദൗത്യം പുതിയ ഘട്ടത്തിലേക്ക് കടക്കുമ്പോൾ എപാക്‌സുമായി പങ്കാളിയാകുന്നതിൽ സന്തോഷമുണ്ടെന്ന് ഐബിഎസ് സോഫ്റ്റ് വെയറിന്റെ സ്ഥാപകനും എക്‌സിക്യൂട്ടീവ് ചെയർമാനുമായ വി.കെ മാത്യൂസ് പറഞ്ഞു. ഈ നിക്ഷേപം ഐബിഎസിന്റെ വൈദഗ്ധ്യത്തിനും പ്രതിബദ്ധതയ്ക്കുമുള്ള അംഗീകാരമാണ്. ഇതുവരെ ഐബിഎസിന്റെ വിജയത്തിൽ നിർണായക പങ്ക് വഹിച്ച ഉപഭോക്താക്കൾക്കും ജീവനക്കാർക്കും നന്ദി പറയുന്നു. ബ്ലാക്ക്‌സ്റ്റോണിന്റെ പിന്തുണ വിലമതിക്കാനാകാത്തതാണ്. എപാക്‌സിനൊപ്പം സുദീർഘമായ പ്രവർത്തനത്തിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ട്രാവൽ ബിസിനസ് അതിവേഗം ഡിജിറ്റലൈസേഷൻ സ്വീകരിക്കുന്നതിനാൽ കാര്യക്ഷമതയും വരുമാനവും വർധിപ്പിക്കുന്നതിനും ഉപഭോക്തൃ അനുഭവങ്ങൾ വ്യത്യസ്തമാക്കുന്നതിനും ഉപഭോക്താക്കളെ സഹായിക്കുന്നതിൽ ഐബിഎസിന് സുപ്രധാന പങ്കു വഹിക്കാനാകുമെന്ന് ഐബിഎസ് സിഇഒ ആനന്ദ് കൃഷ്ണൻ പറഞ്ഞു. എപാക്‌സ് ഐബിഎസിന്റെ പ്രധാന പങ്കാളികളിലൊന്നായിരിക്കും. യഥാർഥ മൂല്യവും പങ്കാളിത്തവും സൃഷ്ടിക്കാൻ ഐബിഎസിനെ സഹായിച്ചതിന് ബ്ലാക്ക്‌സ്റ്റോണിന് നന്ദി പറയുന്നതായും ആനന്ദ് കൃഷ്ണൻ കൂട്ടിച്ചേർത്തു.
കഴിഞ്ഞ കുറേ വർഷങ്ങളായി ട്രാവൽ സോഫ്റ്റ് വെയർ മേഖലയിൽ മുൻനിരയിലുള്ള ഐബിഎസുമായി പങ്കാളിയാകുന്നത് ആവേശകരമാണെന്ന് എപാക്‌സ് പാർട്ണർ ജേസൺ റൈറ്റ് പറഞ്ഞു. രണ്ട് പതിറ്റാണ്ടിലേറെയായി യാത്രാ വ്യവസായത്തിന് ഐടി പ്രൊഡക്ടുകളുടെ വൈപുല്യം വാഗ്ദാനം ചെയ്യുന്ന ഐബിഎസുമായുള്ള പങ്കാളിത്തത്തിലൂടെ വമ്പിച്ച വളർച്ചാ സാധ്യതയാണ് എപാക്‌സ് പ്രതീക്ഷിക്കുന്നത്. ട്രാവൽ ലോജിസ്റ്റിക്‌സ് സോഫ്റ്റ് വെയറിലെ ആഗോള നേതാവാകാൻ ഐബിഎസിനെ സഹായിക്കുന്നതിന് തങ്ങളുടെ സോഫ്റ്റ് വെയർ അനുഭവം പ്രയോജനപ്പെടുത്താനാകുമെന്നും ജേസൺ റൈറ്റ് പറഞ്ഞു.
ട്രാവൽ ആൻഡ് ലോജിസ്റ്റിക്‌സിൽ ആഗോള നേതൃത്വമുള്ള സാസ് കമ്പനിയായി ഐബിഎസിന്റെ പരിവർത്തനത്തിൽ പ്രധാന പങ്ക് വഹിച്ചതിൽ സന്തോഷമുണ്ടെന്ന് ബ്ലാക്ക്‌സ്റ്റോണിന്റെ ഏഷ്യ പ്രൈവറ്റ് ഇക്വിറ്റി മേധാവി അമിത് ദീക്ഷിത് പറഞ്ഞു. ഐബിഎസ് ഇതിനകം തന്നെ ഇന്ത്യയിൽ നിന്നുള്ള ഏറ്റവും വലിയ എന്റർപ്രൈസ് സാസ് കമ്പനികളിൽ ഒന്നാണ്. വി.കെ മാത്യൂസിന്റെ തന്ത്രപരമായ കാഴ്ചപ്പാടിനും കുറ്റമറ്റ നിർവ്വഹണത്തിന് ആനന്ദ് കൃഷ്ണനും മാനേജ്‌മെന്റിനും നന്ദി പറയുന്നതായും അമിത് ദീക്ഷിത് പറഞ്ഞു.
ഇടപാട് പതിവ് ക്ലോസിങ് വ്യവസ്ഥകൾക്ക് വിധേയവും 2023 ആദ്യപകുതിയോടെ അവസാനിക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. സാമ്പത്തിക നിബന്ധനകൾ വെളിപ്പെടുത്തിയിട്ടില്ല.
ജെ.പി മോർഗൻ ഐബിഎസിന്റെയും ബ്ലാക്ക്‌സ്റ്റോണിന്റെയും സാമ്പത്തിക ഉപദേഷ്ടാവായും ഡ്ര്യൂ ആൻഡ് നേപ്പിയർ എൽ.എൽ.സി ഐബിഎസിന്റെ ലീഗൽ കൗൺസിലായും സിംപ്‌സൺ താച്ചർ ആൻഡ് ബാർട്ട്‌ലെറ്റ് എൽ.എൽ.പി ബ്ലാക്ക്‌സ്റ്റോണിന്റെ ലീഗൽ കൗൺസിലായും പ്രവർത്തിക്കും. എപാക്‌സിനു വേണ്ടി കിർക്ലാൻഡ് ആൻഡ് എല്ലിസ് എൽ.എൽ.പി ലീഗൽ കൗൺസിലും ജെഫെറീസ് എൽഎൽസി സാമ്പത്തിക ഉപദേഷ്ടാവുമായി പ്രവർത്തിക്കും.
മറുനാടന് മലയാളി ബ്യൂറോ