ന്യൂഡൽഹി: വിവിധ ഘടകങ്ങളെ മുൻനിർത്തി നിക്ഷേപകർക്ക് വ്യത്യസ്ത സാമ്പത്തിക ലക്ഷ്യങ്ങൾ ഉണ്ടാവാം. ഇതിന്റെ അടിസ്ഥാനത്തിലാണ് അനുയോജ്യമായ നിക്ഷേപ പദ്ധതി തെരഞ്ഞെടുക്കുന്നത്. പ്രതിമാസം വരുമാനം ലഭിക്കുന്ന തരത്തിലുള്ള നിക്ഷേപ പദ്ധതിയാണ് ആഗ്രഹിക്കുന്നതെങ്കിൽ തെരഞ്ഞെടുക്കാവുന്നതാണ് പോസ്റ്റ് ഓഫീസിന്റെ മാസംതോറുമുള്ള വരുമാന സ്‌കീം.

കേന്ദ്ര ബജറ്റിൽ ഇതിൽ നിക്ഷേപിക്കാവുന്ന പരിധി വർധിപ്പിച്ചതോടെ, സ്‌കീമിന്റെ പ്രാധാന്യം വർധിച്ചിട്ടുണ്ട്. നിലവിൽ 4.5 ലക്ഷമാണ് പരമാവധി നിക്ഷേപിക്കാൻ സാധിക്കുക. വ്യക്തിഗത അക്കൗണ്ടുകളിൽ ഇത് ഒൻപത് ലക്ഷമാക്കിയാണ് ഉയർത്തിയത്. ജോയിന്റ് അക്കൗണ്ടിൽ 15 ലക്ഷം രൂപ വരെ നിക്ഷേപിക്കാം.

മിനിമം ആയിരം രൂപ നിക്ഷേപിച്ച് കൊണ്ട് ആരംഭിക്കാവുന്ന പദ്ധതിയാണിത്. വ്യക്തിഗത അക്കൗണ്ടുകളിൽ പരമാവധി ഒൻപത് ലക്ഷം വരെ നിക്ഷേപിക്കാം. ജോയിന്റ് അക്കൗണ്ടിന്റെ പരിധി 15 ലക്ഷമാണ്. ഒരു ജോയിന്റ് അക്കൗണ്ടിൽ മൂന്ന് മുതിർന്നവർക്ക് വരെ ചേരാം.

7.1 ശതമാനമാണ് പലിശ. ജനുവരി ഒന്നുമുതൽ ഇതാണ് നൽകി വരുന്നത്. ഓരോ മാസവും നിക്ഷേപിച്ച തുകയുടെ അടിസ്ഥാനത്തിൽ ഈ പലിശ പ്രതിമാസ വരുമാനമായി നൽകുന്നതാണ് പദ്ധതി. മുൻകൂട്ടി നിശ്ചയിച്ച കാലാവധി തീരും വരെ വരുമാനം ലഭിക്കും. ഇസിഎസ് വഴിയും മറ്റും പലിശ പിൻവലിക്കാൻ കഴിയും വിധമാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്. സേവിങ്സ് അക്കൗണ്ടിലേക്ക് പലിശ ഓട്ടോ ക്രെഡിറ്റ് ചെയ്യുകയാണ്.

അഞ്ചുവർഷ കാലാവധി തീരുമ്പോൾ അക്കൗണ്ട് ക്ലോസ് ചെയ്യണം. ഒരു വർഷം കഴിഞ്ഞും അക്കൗണ്ട് ക്ലോസ് ചെയ്ത് പണം പിൻവലിക്കാം. എന്നാൽ നേരിയ നഷ്ടം സംഭവിക്കും. ഒരു ശതമാനം മുതൽ രണ്ടുശതമാനത്തിന്റെ വരെ നഷ്ടം സംഭവിക്കാൻ സാധ്യതയുണ്ട്.