തിരുവനന്തപുരം: ഏതൊരു കുട്ടിയുടെയും സ്വപ്‌നമാണ് കളിപ്പാട്ടം.അതിനാൽ തന്നെ സ്വന്തം മക്കൾക്ക് ഇഷ്ടപ്പെട്ടത് വാങ്ങി നൽകാൻ കഴിഞ്ഞില്ലെങ്കിലും ഒരു കളിപ്പാട്ടം പോലുമില്ലാത്ത കുട്ടികൾ ഉണ്ടാവില്ല.അതിനി വില കൊടുത്ത് വാങ്ങുന്നതയാലും ശരി വീട്ടിൽ തന്നെ ഉണ്ടാക്കുന്നതായാലും ശരി, ഒരു കളിപ്പാട്ടം എല്ലാ കുഞ്ഞുങ്ങളുടെയും പക്കൽ കാണും.

കുഞ്ഞിന്റെ ചിന്ത, ഭാഷ, സാമൂഹിക-വൈകാരിക കഴിവുകൾ എന്നിവ പരിപോഷിപ്പിക്കുന്നതിൽ കളിപ്പാട്ടങ്ങൾ ഒരു പ്രധാന പങ്കുണ്ട്.ഇതൊക്കെയാണെങ്കിലും കളിപ്പാട്ടം കൊണ്ട് ഉണ്ടാകുന്ന ഏറ്റവും വലിയ പ്രശ്‌നം ഇത് തകരാറായാൽ ശരിയാക്കാൻ മാർഗ്ഗങ്ങൾ കുറവാണ് എന്നതാണ്.അതിനാൽ തന്നെ തകരാറിലായ കളിപ്പാട്ടങ്ങൾ ഉണ്ടാക്കുന്ന മാലിന്യപ്രശ്‌നം ഒരു ഭാഗത്ത്..അതിനൊപ്പം പ്രിയപ്പെട്ട ചില കളിപ്പാട്ടങ്ങൾ നഷ്ടപ്പെടുമ്പോൾ ഉള്ള സങ്കടം വേറെ..

മനുഷ്യനെ ചികിത്സിച്ച് നേരെയാക്കുന്നത് പോലെ കളിപ്പാട്ടങ്ങളെ നേരെയാക്കാൻ ഒരാൾ ഉണ്ടായിരുന്നെങ്കിലെന്ന് നാം പലവട്ടം ചിന്തിച്ചിട്ടില്ലെ.അത്തരം പ്രശ്‌നങ്ങൾക്കെല്ലാം പരിഹാരവുമായെത്തുകയാണ് തിരുവനന്തപുരം ആനയറയിലെ കളിപ്പാട്ട ഡോക്ടർ അനിൽ ജെ ബാബു.ഏത് കളിപ്പാട്ടവും നന്നാക്കി നൽകാം എന്നാണ് ആനയറയിലെ ലോർഡ്‌സ് ആശുപത്രിക്ക്, സമീപമുള്ള ടോയ് വർക്ക് ഷോപ്പ് ഉടമയായ അനിൽ ജെ ബാബു നൽകുന്ന ഉറപ്പ്.ഇത് സത്യമാണെന്ന് ഒരു ഒറിജിനൽ വർക്ക്‌ഷോപ്പിനെ വെല്ലുംവിധം അദ്ദേഹത്തിന്റെ വർക്‌ഷോപ്പിൽ നിർത്തിയിട്ടിരിക്കുന്ന കാറും ജീപ്പും ടിപ്പർ ലോറിയും എന്തിന് യുദ്ധത്തിന് ഉപയോഗിക്കുന്ന വാഹനങ്ങൾ വരെ നമ്മോട് പറയുന്നുണ്ട്.

മനുഷ്യർക്കും മൃഗങ്ങൾക്കും വാഹനങ്ങൾക്കും വരെ ആശുപത്രികളും സർവ്വീസ് സ്റ്റേഷനും ഉള്ളപ്പോ കളിപ്പാട്ടത്തിന് എന്ത് എന്ന് ചോദിച്ചവർക്കുള്ള ഉത്തരമാണ് ഈ കട.ഈ കട അനിൽ തുടങ്ങിയതിന് പിന്നിലും ഹൃദയസ്പർശിയായ ഒരു കഥയുണ്ട്.പതിനൊന്നു വർഷങ്ങൾക്ക് മുമ്പ് തന്റെ മക്കൾക്ക് പുതിയ കളിക്കോപ്പുകൾ വാങ്ങി നൽകാൻ അനിലിന് കഴിവുണ്ടായില്ല.പക്ഷെ സങ്കടപ്പെട്ട് നിൽക്കുന്ന മക്കളോട് എന്തുപറയുമെന്നറിയാതെ പകച്ച നിന്ന അനിൽ അന്നവർക്ക് തകരാറായ ഒരു കളിപ്പാട്ടം ശരിയാക്കി നൽകി.ഇതിൽ നിന്നാണ് ഇങ്ങനെ ഒരാശയം അനിലിന്റെ മനസ്സിൽ ഉദിച്ചത്.മക്കളുടെ സങ്കടത്തിന് മുന്നിൽ പകച്ച് നിൽക്കുന്ന അനിലിനെപ്പോലെ നിരവധി രക്ഷിതാക്കൾക്ക് ആശ്വാസമാണ് ഈ വർക്‌ഷോപ്പ്.

ഇന്ന് രാത്രി ഉറക്കമൊഴിഞ്ഞ് പോലും കളിപ്പാട്ടങ്ങൾ നന്നാക്കി നൽകേണ്ടി വരുന്ന തരത്തിലുള്ള ടോയ് വർക്ക്ഷോപ്പ് ആയി അനിൽ മാറ്റിയെടുത്തിരിക്കുകയാണ്.മുപ്പതിനായിരം- നാൽപ്പതിനായിരം വരെ വിലയുള്ള ചില നാൽചക്ര കളിപ്പാട്ടങ്ങൾ കേടായാൽ അവ ഉപേക്ഷിക്കുക എന്ന മനോവിഷമത്തിൽ നിന്നും, അത് പോലൊന്ന് വീണ്ടും വാങ്ങുക എന്നുള്ള ധനനഷ്ടത്തിൽ നിന്നും പലരെയും ഈ ടോയ് വർക്ക്ഷോപ്പ് രക്ഷിച്ചു പോകുന്നു. കൂടാതെ അത്രയും വിലയുള്ള കളിപ്പാട്ടങ്ങൾ വാങ്ങാൻ സാധിക്കാത്തവർക്കായി സെക്കന്റ് ഹാൻഡ് കളിപ്പാട്ടങ്ങളും ഇവിടെയുണ്ട്.

കേരളത്തിൽ തന്നെ കേടായ കളിപ്പാട്ടങ്ങൾ നന്നാക്കി നൽകുന്നതും, സെക്കന്റ് ഹാൻഡ് കളിപ്പാട്ടങ്ങൾ വിൽക്കുന്നതുമായ ടോയ് സർവീസ് സെന്റർ തന്റേതുമാത്രമാണെന്നും അനിലിന് സാക്ഷ്യപ്പെടുത്തുന്നു.അതുകൊണ്ട് തന്നെ സമൂഹ മാധ്യമങ്ങൾ വഴി കണ്ടറിഞ്ഞും, ഒരുതവണ കളിപ്പാട്ടം നന്നാക്കി വാങ്ങിയവരിൽ നിന്നും കേട്ടറിഞ്ഞും കേരളത്തിന്റെ അങ്ങോളമിങ്ങോളം നിന്നുള്ള കേടായ കളിപ്പാട്ടങ്ങൾ അനിലിന്റെ ടോയ് കിങ് ഷോപ്പിൽ എത്തിയിട്ടുണ്ട്.

ഇന്ന് കളിപ്പാട്ട നിർമ്മാതാക്കൾ കളിപ്പാട്ട സ്റ്റോറിൽ നിരവധി കളിപ്പാട്ട ഓപ്ഷനുകൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്.നിങ്ങൾക്ക് തന്നെ ഏതെടുക്കണമെന്ന് ആശയക്കുഴപ്പം ഉണ്ടാക്കുന്ന രീതിയിലുള്ളവ.വാശി പിടിച്ചു കരയുന്ന കുട്ടിക്ക് ഒരു പുതിയ കളിപ്പാട്ടം കൊടുത്തു നോക്കൂ.തീർച്ചയായും ആ കരച്ചിൽ നിന്നിട്ടുണ്ടാകും.ഇത്തരത്തിൽ കളിപ്പാട്ട വിപണിയും സജീവമാകുമ്പോൾ അനിലും അപ്‌ഡേറ്റാവുകയാണ്.എത് പുതിയ കളിപ്പാട്ടം തകരാറായാലും താൻ നന്നാക്കിത്തരുമെന്ന ഉറപ്പോടെ