രാജ്യത്തെ ഏറ്റവും മൂല്യമുള്ള കമ്പനികളിൽ നമ്പർ വണ്ണായി റിലയൻസ്
- Share
- Tweet
- Telegram
- LinkedIniiiii
മുംബൈ: രാജ്യത്തെ ഏറ്റവും മൂല്യമുള്ള കമ്പനിയെന്ന സ്ഥാനം നിലനിർത്തി മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്. ആക്സിസ് ബാങ്കിന്റെ സ്വകാര്യ ബാങ്കിങ് യൂണിറ്റ് ബർഗണ്ടി പ്രൈവറ്റും ഹുറുൺ ഇന്ത്യയും ചേർന്ന് പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വിപണി മൂല്യത്തിൽ മറ്റെല്ലാവരെയും കടത്തിവെട്ടി റിലയൻസ് ഇൻഡഡ്സ്ട്രീസ്.
15.64 ലക്ഷം കോടി ആണ് റിലയൻസ് ഇൻഡസ്ട്രീസിന്റെ മൂല്യം. 2022 ഒക്ടോബർ മുതൽ 2023 ഒക്ടോബർ വരെയുള്ള കണക്ക് അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. റിലയൻസ് ഇൻഡസ്ട്രീസ് ഇത് തുടർച്ചയായ മൂന്നാം തവണയാണ് പട്ടികയിൽ ഒന്നാമതെത്തുന്നത്. ടാറ്റ കൺസൾട്ടൻസി സർവീസസ് (12.36 ലക്ഷം കോടി ), എച്ച്ഡിഎഫ്സി ബാങ്ക് (11.25 ലക്ഷം കോടി ) എന്നിവ യഥാക്രമം ഏറ്റവും മൂല്യമുള്ള രണ്ടാമത്തെയും മൂന്നാമത്തെയും കമ്പനികളാണ്.
ഐസിഐസിഐ ബാങ്ക് (6.47 ലക്ഷം കോടി രൂപ), ഇൻഫോസിസ് (5.71 ലക്ഷം കോടി രൂപ) എന്നിവയാണ് നാലാം സ്ഥാനത്തും അഞ്ചാം സ്ഥാനത്തുമായി ഉള്ളത്. ഭാരതി എയർടെൽ, ഐടിസി, ലാർസൻ ആൻഡ് ടൂബ്രോ, എച്ച്സിഎൽ ടെക്നോളജീസ്, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവ ആദ്യ 10 സ്ഥാനങ്ങളിൽ എത്തി. മികച്ച 10 കമ്പനികളുടെ മൊത്തം മൂല്യം 73.3 ലക്ഷം കോടി ആണ്, ഇത് വർഷം മുമ്പുള്ള കാലയളവിനെ അപേക്ഷിച്ച് മാറ്റമില്ലാതെ തുടരുന്നു.
ഇത് ഇന്ത്യൻ ജിഡിപിയുടെ 28 ശതമാനത്തിന് തുല്യമാണ്. 436% വാർഷിക വളർച്ച രേഖപ്പെടുത്തിയ സുസ്ലോൺ എനർജിയാണ് പട്ടികയിൽ അതിവേഗം വളരുന്ന സ്ഥാപനം, ജിൻഡാൽ സ്റ്റെയിൻലെസ്, ജെഎസ്ഡബ്ല്യു ഇൻഫ്രാസ്ട്രക്ചർ എന്നിവയാണ് തൊട്ടുപിന്നിൽ. അതേസമയം അദാനി ടോട്ടൽ ഗ്യാസും അദാനി എന്റർപ്രൈസസും ആദ്യ 10ൽ നിന്ന് പുറത്തായി. സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (SII) ഏറ്റവും മൂല്യമുള്ള ലിസ്റ്റ് ചെയ്യപ്പെടാത്ത കമ്പനിയായി മാറി. കൂടാതെ, ഈ 500 സ്ഥാപനങ്ങളിൽ 437 എണ്ണത്തിന്റെയും ബോർഡുകളിൽ വനിതാ പ്രാതിനിധ്യമുണ്ട്.
അതേസമയം രാജ്യത്തെ ഏറ്റവും സമ്പന്നനെന്ന സ്ഥാനം മുകേഷ് അംബാനിയിൽനിന്ന് ഗൗതം അദാനി അടുത്തിടെ തിരികെ പിടിച്ചിരുന്നു. ബ്ലൂംബർഗിന്റെ ലോക സമ്പന്ന പട്ടികയിൽ 12-ാം സ്ഥാനത്തെത്തി അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി. മുകേഷ് അംബാനിയാകട്ടെ 13-ാം സ്ഥാനത്തുമാണ്.
പട്ടിക പ്രകാരം അദാനിയുടെ മൊത്തം ആസ്തി 8,11,836 കോടി രൂപ (97.6 ബില്യൺ ഡോളർ)ആണ്. അംബാനിയുടേത് 8,06,845 കോടി രൂപ (97 ബില്യൺ ഡോളർ)യും. കഴിഞ്ഞ ഡിസംബറിൽ 4.41 ബില്യൺ ഡോളറിന്റെ നേട്ടവുമായി ബ്ലൂംബർഗിന്റെ പട്ടികയിൽ അദാനി 16-ാം സ്ഥാനത്തെത്തിയിരുന്നു.
ഹിൻഡെൻബെർഗ് റിപ്പോർട്ടിനെ തുടർന്ന് അദാനി ഗ്രൂപ്പ് ഓഹരികളിൽ കുത്തനെ ഇടിവുണ്ടായതാണ് കഴിഞ്ഞവർഷം അദാനിക്ക് തിരിച്ചടിയായത്. പ്രത്യേക അന്വേഷണ സംഘത്തിന്റെ ആവശ്യമില്ലെന്ന സുപ്രീം കോടിതിയുടെ വിധിയെതുടർന്ന് അദാനി ഗ്രൂപ്പ് ഓഹരികൾ മികച്ച മുന്നേറ്റം നടത്തിയതാണ് അദാനി ഇപ്പോൾ നേട്ടമാക്കിയത്.