ലണ്ടൻ: വരുന്ന ഏതാനും മാസങ്ങളിലായി ബ്രിട്ടനിലെ പ്രമുഖ സൂപ്പർമാർക്കറ്റ് ശൃംഖലയായ അസ്ഡ 116 പുതിയ അസ്ഡ എക്സ്പ്രസ്സ് സ്റ്റോറുകൾ തുറക്കും. ഇതിൽ 11 സ്റ്റോറുകൾ ഇതിനോടകം തന്നെ പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു. പുതിയ സ്റ്റോറുകൾ എല്ലാം തന്നെ പഴയ കോ-ഓപ് ഫോർകോർട്ടുകൾ ആയിരുന്നവയാണ്. കഴിഞ്ഞ വർഷമാണ് അസ്ഡ കൊഓപ് ഏറ്റെടുത്തത്. 438 മില്യൻ പൗണ്ടിന് കോ- ഓപ് ഏറ്റെടുത്തതോടെ അസ്ഡ യു കെയിലെ രണ്ടാമത്തെ ഏറ്റവും വലീയ സൂപ്പർമാർക്കറ്റ് ശൃംഖലയായി ഉയർന്നിരുന്നു.

വരുന്ന വർഷം മാർച്ചിന് മുൻപായി 116 മുൻ കോ-ഓപ്പ് സൈറ്റുകൾ അസ്ഡ എക്സ്പ്രസ്സ് സ്റ്റോറുകളാക്കുവാനാണ് പദ്ധതി. ഇതിൽ 11 എണ്ണം ഇതിനോടകം തന്നെ പ്രവർത്തനമാരംഭിച്ചു കഴിഞ്ഞു. ബാക്കിയുള്ള 105 എണ്ണം വരും മാസങ്ങളിലായി പ്രവർത്തനം ആരംഭിക്കും. യോർക്ക്ഷയർ, ലെസ്റ്റർഷയർ, ലങ്കാഷയർ, സോമർസെറ്റ് ലണ്ടൻ, സ്‌കോട്ട്ലാൻഡ്, ഡെവൺ എന്നിവിടങ്ങളിലാണ് ഇപ്പോൾ 11 പുതിയ സ്റ്റോറുകൾ തുറന്നിരിക്കുന്നത്. നിലവിൽ കോ-ഓപ്പിൽ ജോലിചെയ്യുന്ന 2300 ജീവനക്കാരെ അസ്ഡയിലേക്ക് മാറ്റും.

പുതിയതായി പ്രവർത്തിക്കുന്ന അസ്ഡ എക്സ്പ്രസ്സ് സ്റ്റോറുകളിൽ ബ്രാൻഡഡും, സ്വന്തം ബ്രാൻഡിൽ ഉള്ളതുമായ എകദേശം 3000 ഓളം വസ്തുക്കൾ സ്റ്റോക്ക് ചെയ്യപ്പെടും എന്നാണ് കരുതപ്പെറ്റുന്നത്. മാത്രമല്ല, നേരത്തെ കോ-ഓപ്പ് സ്റ്റോറുകൾ നൽകിയിരുന്നതിലും 8.9 ശതമാനം വിലക്കുറവിലായിരിക്കും വിൽപന. അസ്ഡയുടെ സഹ ഉടമയും ഇന്ത്യൻ വംശജനുമായ മൊഹ്സിൻ ഇസ്സയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

നേരത്തെ കോ-ഓപ്പിൽ ജോലി ചെയ്തിരുന്ന 2000 ൽ അധികം ജീവനക്കാരെ വരും മാസങ്ങളിലായി അസ്ഡയിലെക്ക് എടുക്കുമെന്നും അദ്ദേഹം അറിയിച്ചു. കോ-ഓപ്പ് ഏറ്റെടുത്തതോടെ ബ്രിട്ടനിലെ ഏറ്റവും വലിയ രണ്ടാമത്തെ സൂപ്പർമാർക്കറ്റ് ശൃംഖലയായി മാറിയ അസ്ഡ ഇപ്പോൾ ചില്ലറ വിൽപന രംഗത്ത് അതിവേഗ വളർച്ചയാണ് കൈവരിക്കുന്നത്.