ന്യൂഡൽഹി: കോണ്ടം വെറുതെ കൊടുക്കാമെങ്കിൽ സാനിട്ടറി നാപ്ക്കിന്റെ നികുതിയെങ്കിലും ഒഴിവാക്കിക്കൂടെയെന്ന് ഡൽഹി പൊലീസ് ഡിസിപി മോനിക്ക ഭരദ്വാജ്. തന്റെ ട്വീറ്റിലാണു പൊലീസ് കൺട്രോൾ റൂം ഡിസിപിയായ മോനിക്ക ഇങ്ങനെ കുറിച്ചിരിക്കുന്നത്. കോണ്ടം വെറുതെ നൽകാൻ കഴിയുമെങ്കിൽ, ചുരുങ്ങിയപക്ഷം സാനിട്ടറി നാപ്കിന്റെ നികുതിയെങ്കിലും ഒഴിവാക്കാം. സാനിട്ടറി നാപ്കിൻ ആഡംബര വസ്തുവല്ല, അത്യാവശ്യ വസ്തുവാണ്. 88 ശതമാനം ഗ്രാമീണ സ്ത്രീകൾക്കും ഇത് ഉപയോഗിക്കാൻ കഴിയുന്നില്ല; മോനിക്ക ട്വിറ്ററിൽ കുറിച്ചു. മോനിക്കയുടെ ട്വീറ്റിന് വൻ പിന്തുണ സോഷ്യൽ മീഡിയയിൽ ലഭിക്കുന്നുണ്ട്.

സാനിട്ടറി നാപ്കിനു 14.5% വരെയാണു വിവിധ സംസ്ഥാനങ്ങളിൽ നികുതി. രാജ്യത്തെ സ്ത്രീകളിൽ 12% മാത്രമാണു സാനിട്ടറി നാപ്കിൻ ഉപയോഗിക്കുന്നതും. സാനിട്ടറി നാപ്കിനുകൾ വാങ്ങാൻ ശേഷിയില്ലാത്തതിനാൽ നിരവധി പെൺകുട്ടികൾ സ്‌കൂളിൽ പോലും പോകാത്ത നാടാണ് ഇന്ത്യ.

ഈ സാഹചര്യത്തിലാണ് ഇത്തരമൊരു അവശ്യവുമായി മോനിക്ക ഭരദ്വാജ് രംഗത്ത് എത്തിയിരിക്കുന്നത്. ഗർഭ നിരോധന ഉറകളും ഗുളികകളും നികുതി രഹിതമായി പ്രഖ്യാപിക്കുമ്പോഴും സാനിട്ടറി നാപ്കിനുകൾ സൗജന്യമാക്കാനോ നികുതി രഹിതമാക്കാനോ സർക്കാർ തയാറായിട്ടില്ല.

വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ, സാനിട്ടറി നാപ്കിനുകൾ ലഭ്യമല്ലാത്തതിനാൽ ആർത്തവ ആരംഭത്തോടെ 30 ശതമാനം പെൺകുട്ടികൾ സ്‌കൂളിൽ പോകാറില്ലെന്നാണു കണക്കുകൾ. കുടുംബത്തിന് സാനിട്ടറി നാപ്കിനുകൾ വാങ്ങുന്നതിനുള്ള സാമ്പത്തിക ശേഷി ഇല്ലാത്തതിനാലാണ് ഇതിൽ ഭൂരിഭാഗവും സ്‌കൂളിൽപോകാതിരിക്കുന്നത്.

മാത്രമല്ല ആർത്തവം എന്നത് ഉച്ചരിക്കുന്നതുപോലും അനുവദനീയമല്ലാത്ത സാമൂഹ്യ സാഹചര്യവും വിലങ്ങുതടിയാണ്. അശുദ്ധിയുടെ പേരിൽ ആർത്തവ സമയത്ത് സ്വതന്ത്രമായ യാത്രകളും വിലക്കപ്പെടുന്നു. ഇതിനൊപ്പം സാനിട്ടറി നാപ്കിനുകളുടെ വില ക്രമാതീതമായി വർദ്ധിക്കുന്നത് രാജ്യത്തെ സ്ത്രീകളുടെ ആരോഗ്യത്തെ വലിയ രീതിയിൽ അപകടത്തിലാക്കുമെന്നാണ് ചൂണ്ടിക്കാട്ടുന്നത്.