- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മരിക്കുന്നതിന്റെ തലേദിവസം തിരുവനന്തപുരം പങ്കജ് ഹോട്ടലിലായിരുന്നു; സാധാരണ പോലെ നെറ്റിയിൽ ഉതിർന്നു കിടക്കുന്ന മുടി പിടിച്ചുവലിച്ച് 'എന്തോ സംഭവിക്കാൻ പോകുന്ന പോലെ' എന്ന് അവൾ പറഞ്ഞു; മകളെ അമ്മ ഓർത്തെടുക്കുന്നത് ഇങ്ങനെ; മലയാളിയെ കരയിച്ച വാഹനാപകടത്തിൽ മോനിഷ യാത്രയായിട്ട് കാൽനൂറ്റാണ്ട്
കൊച്ചി: മോനിഷ ഓർമ്മയായിട്ട് ഇന്ന് 25 കൊല്ലം. ഡിസംബർ 5നായിരുന്നു മലയാളിയെ കരയിച്ച ആ വാഹനാപകടം. ഇന്നും ആദ്യ സിനിമയിലൂടെ ഉർവ്വശി പട്ടം സ്വന്തമാക്കിയ മോനിഷയെ മലയാളി മറന്നിട്ടില്ല. കോഴിക്കോട് പന്ന്യങ്കര തട്ടകത്തു വനദുർഗയുടെ കടാക്ഷം കൊണ്ടു പിറന്നതാണു മോനിഷയെന്ന് അമ്മ ശ്രീദേവി ഉണ്ണി പറയും. ജനനം 1971 ജനുവരി 24. മകരത്തിലെ മൂലം നക്ഷത്രം. ദുർഗയെന്ന് ആദ്യം പേരുവിളിച്ചു. മോനിഷയെന്ന പേരിടലിനു പിന്നിൽ ഒരു ഗ്ലാമർ കഥയുണ്ട്. ഫെമിന മാസിക 1970ൽ ഒരു പേരിടൽ മൽസരം പ്രഖ്യാപിച്ചു. ഹെറൾഡ് കാറായിരുന്നു സമ്മാനം. 'എന്റെ ആഗ്രഹം' എന്ന് അർഥം വരുന്ന മോനിഷ എന്ന പേരിട്ടതിനു ഒരു ബംഗാളി സ്ത്രീക്ക് സമ്മാനം ലഭിച്ചതു വായിച്ചപ്പോൾ തന്നെ ആ പേര് മനസിൽ കുറിച്ചിട്ടിരുന്നു. അങ്ങനെ മകളുടെ ഓർമ്മകളിലൂടെ സഞ്ചരിക്കുകയാണ് നടിയും നൃത്താധ്യാപികയുമായ ശ്രീദേവി ഉണ്ണി. രണ്ടര പതിറ്റാണ്ടു മുൻപാണ്. ബെംഗളൂരു ഇന്ദിരാനഗർ സെക്കൻഡ് സ്റ്റേജിലെ വീട്ടിലിരുന്ന് ഒരമ്മയും മകളും ഓജോ ബോർഡ് കളിക്കുന്നു. ആത്മാക്കളുമായി സംവദിക്കലാണ് ദൗത്യം. മകൾ അമ്മയോടു ചോദിച്
കൊച്ചി: മോനിഷ ഓർമ്മയായിട്ട് ഇന്ന് 25 കൊല്ലം. ഡിസംബർ 5നായിരുന്നു മലയാളിയെ കരയിച്ച ആ വാഹനാപകടം. ഇന്നും ആദ്യ സിനിമയിലൂടെ ഉർവ്വശി പട്ടം സ്വന്തമാക്കിയ മോനിഷയെ മലയാളി മറന്നിട്ടില്ല.
കോഴിക്കോട് പന്ന്യങ്കര തട്ടകത്തു വനദുർഗയുടെ കടാക്ഷം കൊണ്ടു പിറന്നതാണു മോനിഷയെന്ന് അമ്മ ശ്രീദേവി ഉണ്ണി പറയും. ജനനം 1971 ജനുവരി 24. മകരത്തിലെ മൂലം നക്ഷത്രം. ദുർഗയെന്ന് ആദ്യം പേരുവിളിച്ചു. മോനിഷയെന്ന പേരിടലിനു പിന്നിൽ ഒരു ഗ്ലാമർ കഥയുണ്ട്. ഫെമിന മാസിക 1970ൽ ഒരു പേരിടൽ മൽസരം പ്രഖ്യാപിച്ചു. ഹെറൾഡ് കാറായിരുന്നു സമ്മാനം. 'എന്റെ ആഗ്രഹം' എന്ന് അർഥം വരുന്ന മോനിഷ എന്ന പേരിട്ടതിനു ഒരു ബംഗാളി സ്ത്രീക്ക് സമ്മാനം ലഭിച്ചതു വായിച്ചപ്പോൾ തന്നെ ആ പേര് മനസിൽ കുറിച്ചിട്ടിരുന്നു. അങ്ങനെ മകളുടെ ഓർമ്മകളിലൂടെ സഞ്ചരിക്കുകയാണ് നടിയും നൃത്താധ്യാപികയുമായ ശ്രീദേവി ഉണ്ണി.
രണ്ടര പതിറ്റാണ്ടു മുൻപാണ്. ബെംഗളൂരു ഇന്ദിരാനഗർ സെക്കൻഡ് സ്റ്റേജിലെ വീട്ടിലിരുന്ന് ഒരമ്മയും മകളും ഓജോ ബോർഡ് കളിക്കുന്നു. ആത്മാക്കളുമായി സംവദിക്കലാണ് ദൗത്യം. മകൾ അമ്മയോടു ചോദിച്ചു. അമ്മ മരിച്ചു കഴിഞ്ഞാൽ, ഞാനിങ്ങനെ വിളിച്ചാൽ വരുമോ? പിന്നേ... വേറെ പണിയില്ലെന്ന് മറുപടി. പക്ഷേ, അവൾ പറഞ്ഞു, അമ്മ വിളിച്ചാൽ ഏതുലോകത്തു നിന്നും ഞാൻ വരും. കുറച്ചുദിവസത്തിനകം, ചേർത്തലയിലുണ്ടായ കാർ അപകടത്തിൽ മകൾ മരിച്ചു. ബെംഗളൂരുവിൽ ലെതർ കയറ്റുമതി വ്യവസായിയായിരുന്ന അച്ഛൻ, പരേതനായ പി.എൻ ഉണ്ണിയുടെ പൂർണ പിന്തുണയുണ്ടായിരുന്നു മോനിഷയുടെ സിനിമാ പ്രവേശത്തിന്. അങ്ങനെ ചുരുങ്ങിയ പ്രായം കൊണ്ട് മലയാളിയുടെ മനസ്സിലെ മിന്നും താരമായി മോനിഷ. മനോരമയോടാണ് മകളുടെ ഓർമ്മകൾ വേർപാടിന്റെ കാൽനൂറ്റാണ്ടാകുമ്പോൾ അമ്മ പറഞ്ഞുവയ്ക്കുന്നത്.
വൈജയന്തിമാലയെപ്പോലെ, പത്മിനിയെ പ്പോലെ നടിയാകണമെന്നായിരുന്നു ശ്രീദേവിയുടെയും ആഗ്രഹം. പക്ഷേ, ആ ആഗ്രഹത്തിന് ശ്രീദേവിയുടെ അമ്മ തടയിട്ടിരുന്നത് 'നിനക്കൊരു പെൺകുഞ്ഞുണ്ടായി, അവളെ അഭിനയിപ്പിക്കണമെന്ന് ആഗ്രഹിക്കുമോ എന്നു ഞാനൊന്നു കാണട്ടെ' എന്നു പറഞ്ഞായിരുന്നു. ആ വാശിയിൽ നിന്നാണ് മകളുണ്ടായാൽ നടിയാക്കണമെന്ന ആഗ്രഹം മുളയിട്ടത്. 14 വയസിൽ മുൻരാഷ്ട്രപതി വെങ്കിട്ടരാമനിൽ നിന്ന് അഭിനയമികവിനുള്ള ഉർവശിപ്പട്ടം മോനിഷ നേടിയപ്പോൾ, ശ്രീദേവിയുടെ അമ്മ സിനിമയെ മനസാ അംഗീകരിച്ചു. നഖക്ഷതങ്ങളുടെ പ്രിവ്യൂ മദ്രാസിൽ നടന്നപ്പോൾ, ചിത്രം കണ്ട് നടി പത്മിനി മോനിഷയെ കെട്ടിപ്പിടിച്ചു. അവരെ ഒന്നു തൊടാൻ കൊതിച്ചു നടന്ന കാലമുണ്ടായിരുന്നു തനിക്കെന്നു ശ്രീദേവി ഓർത്തു.
പത്മിനി രാമചന്ദ്രന്റെ കീഴിൽ 1985ൽ കോഴിക്കോട് ടഗോർ ഹാളിൽ നടന്ന നൃത്തപരിപാടിക്ക് മോനിഷയുടെ ചിത്രം വച്ചൊരു ബ്ലാക്ക് ആൻഡ് വൈറ്റ് ബ്രോഷർ തയാറാക്കി. ഇത് എംടിയുടെ ഭാര്യ കലാമണ്ഡലം സരസ്വതി കാണാൻ ഇടയായതാണ് ഹരിഹരൻ-എംടി കൂട്ടുകെട്ടിന്റെ നഖക്ഷതങ്ങളിലേക്കു വഴി തുറന്നത്. നഖക്ഷതങ്ങളിൽ മോനിഷ മാത്രമല്ല അരങ്ങേറിയത്. പി.എൻ ഉണ്ണിയും ശ്രീദേവിയും മകൾക്കൊപ്പം ആദ്യമായി സിനിമയിൽ മുഖം കാണിച്ചു. എംടിയുടെ തന്നെ കടവിലാണ് ശ്രീദേവിക്ക് ആദ്യ ക്യാരക്ടർ വേഷം ലഭിച്ചത്.
മരിക്കുന്നതിന്റെ തലേദിവസം തിരുവനന്തപുരം പങ്കജ് ഹോട്ടലിലായിരുന്നു. രാത്രി 10 മണി, സാധാരണ പോലെ നെറ്റിയിൽ ഉതിർന്നു കിടക്കുന്ന മുടി പിടിച്ചുവലിച്ച് മോനിഷ പറഞ്ഞു- 'എന്തോ സംഭവിക്കാൻ പോകുന്ന പോലെ.' ഏറെ ഇഷ്ടമുള്ള റഷ്യൻ സാലഡ് ആയിരുന്നു രാത്രി ഭക്ഷണം. അതിനു ശേഷം അമ്മയോടായി പറഞ്ഞു. 'ലൈഫ് ഈസ് വൺസ്. യു ഡ്രിങ്ക് ആൻഡ് ഈറ്റ്. എൻജോയ് യുവർ ലൈഫ്. ആരെയും അറിഞ്ഞു കൊണ്ട് നോവിക്കരുത്.' അതിനു മറുപടിയായി അമ്മ 'ഓംങ്കാരപ്പൊരുളേ...' എന്നു വിളിച്ചു കളിയാക്കി. ശബ്ദമുണ്ടാക്കി അവൾ പറഞ്ഞു. 'ഐ ആം മോനിഷ.' കണ്ണുകൾ തുറന്നു പിടിച്ച് ശക്തമായ ഒരു നോട്ടവും. ആ നോക്കിയത് അന്നുവരെയുള്ള മോനിഷയേ ആയിരുന്നില്ല- ശ്രീദേവി ഓർക്കുന്നു.
1992 ഡിസംബർ അഞ്ച്. ഗുരുവായൂരമ്പലത്തിൽ അതേ മാസം 18ന് നടക്കുന്ന നൃത്തപരിപാടിക്ക് ഒരു ദിവസത്തെ റിഹേഴ്‌സലിനായി ബെംഗളൂരൂവിലെത്തി മടങ്ങാൻ ഉദ്ദേശിച്ച യാത്ര. ഫ്‌ലൈറ്റ് പിടിക്കാൻ അംബാസഡർ കാറിൽ പുലർച്ചെ നാലോടെ തിരുവനന്തപുരത്തു നിന്നു കൊച്ചിയിലേക്ക്. ഹോട്ടലിൽ നിന്നു ചോദിച്ചു വാങ്ങിയ തലയിണ നൽകി, പിൻസീറ്റിൽ കിടന്ന് ഉറങ്ങാൻ ആവശ്യപ്പെട്ടു അമ്മ. മകളുടെ കാലുകൾ തടവി കൊണ്ടിരിക്കുകയായിരുന്നു. കാറിനുള്ളിൽ ചേർത്തലയിൽ എത്തിയപ്പോൾ അപകടത്തിന് ഇടയാക്കിയ കെഎസ്ആർടിസി ബസ് എതിരെ വരുന്നതു കണ്ടിരുന്നു. ചേർത്തലയിലെ ആശുപത്രിയിൽ മൂക്കിലൂടെയും ചെവിയിലൂടെയും രക്തം പൊട്ടിയൊഴുകി അവൾ കിടന്നു.
മരിക്കുന്നതിനു ഒരാഴ്ച മുൻപ് കണ്ണു ദാനം ചെയ്യണമെന്ന ആഗ്രഹം മോനിഷ പറഞ്ഞപ്പോൾ അമ്മ ശാസിച്ചു. കാറിന്റെ ഡോറിലിടിച്ച് തലയോട്ടി തകർന്നുള്ള ആ മരണത്തിന്റെ ഭീകരതയിൽ പക്ഷേ, കണ്ണുകൾ ദാനം ചെയ്യാനായില്ല. പകരം 2013 ജനുവരിയിൽ പി.എൻ ഉണ്ണി മരിച്ചപ്പോൾ, കണ്ണുകൾ ദാനം ചെയ്ത് മോനിഷയുടെ ആഗ്രഹം നിറവേറ്റി.-അമ്മ പറയുന്നു.