ചേർത്തല: അപകടം നടക്കുമ്പോൾ മോനിഷയ്ക്കു പ്രായം 21. ആറുവർഷം മാത്രം സിനിമയിൽ പിന്നിടുമ്പോൾ പേരിനൊപ്പം ഉർവശിപ്പട്ടം അടക്കം സ്വന്തമാക്കിയിരുന്നു. 'ചെപ്പടിവിദ്യ'യെന്ന സിനിമയുടെ സെറ്റിൽ നിന്ന് അമ്മയ്‌ക്കൊപ്പം കാറിൽ കൊച്ചിയിലേക്കു മടങ്ങുമ്പോഴായിരുന്നു അപകടം. നടി മോനിഷയുടെ മരണത്തിനിടയാക്കിയ അപകടത്തിൽ ഉൾപ്പെട്ട കെ.എസ്.ആർ.ടി.സി. ബസിന്റെ ഡ്രൈവറായിരുന്ന പി.എൽ. ഉമ്മച്ചന് ഈ ദുരന്തം നടക്കുന്ന ഓർമ്മയായി ഇന്നും ഒപ്പമുണ്ട്.

''അറിഞ്ഞു കൊണ്ടല്ലെങ്കിലും ഞാനും ഉത്തരവാദിയായില്ലേ... ആ സങ്കടം മാറില്ല..''25 വർഷം മുമ്പുനടന്ന അപകടത്തിന്റെ ഓർമകൾ ഇന്നും ഉമ്മച്ചനു മുന്നിൽനിന്ന് മായുന്നില്ല. വണ്ടി ദേശീയപാതയിലേക്കു കയറുമ്പോഴേക്കും വലിയ ശബ്ദത്തോടെ മോനിഷ സഞ്ചരിച്ച കാർ തിരിഞ്ഞു മറിഞ്ഞു. പിന്നീട് ബസിന്റെ പിൻചക്രങ്ങൾക്കു തൊട്ടുമുന്നിലിടിച്ചു. ഇടിയുടെ ആഘാതത്തിൽ ഉലഞ്ഞ ബസിന്റെ ഡ്രൈവിങ് സീറ്റിൽനിന്ന് ഞാൻ തെറിച്ചുപോയി. നിയന്ത്രണംവിട്ട ബസ് റോഡുവക്കിൽ താഴേക്കുപോകുന്നതിനു മുമ്പേ സ്റ്റിയറിങ് കൈകളിലാക്കി നിയന്ത്രിക്കാനായി. അപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു.'' ആ അപകടരംഗങ്ങൾ ഇന്നും എഴുപതുകാരന്റെ മനസ്സിൽനിന്ന് മാഞ്ഞിട്ടില്ല.

രാവിലത്തെ ആദ്യ ട്രിപ്പായതിനാൽ കണ്ടക്ടറെ കൂടാതെ രണ്ടു യാത്രക്കാർ മാത്രമായിരുന്നു ബസിൽ. അപകടത്തിനുശേഷം മണിക്കൂറുകൾ കഴിഞ്ഞാണ് മരിച്ചതു മോനിഷയാണെന്നറിഞ്ഞതെന്നും ഉമ്മച്ചൻ പറയുന്നു. പിൻസീറ്റിൽ അമ്മ ശ്രീദേവി ഉണ്ണിയുടെ മടിയിൽ കിടന്നുറങ്ങുകയായിരുന്ന മോനിഷ സംഭവസ്ഥലത്തുതന്നെ മരിച്ചു. സംഭവത്തിൽ ഉമ്മച്ചനെതിരേ കേസെടുത്തെങ്കിലും പിന്നീട് ഒഴിവാക്കി.

നിരന്തരം അപകടങ്ങൾക്ക് വഴിയൊരുക്കിയിരുന്ന എക്‌സ്‌റേ കവല പിന്നീട് മോനിഷക്കവലയെന്ന പേരിലായിരുന്നു അനൗദ്യോഗികമായി അറിയപ്പെട്ടിരുന്നത്. അപകടമേഖലയായിരുന്ന കവലയിൽ അധികൃതർ ഇടപെട്ട് മാറ്റങ്ങൾ വരുത്തിയിരുന്നു.