ലൈംഗിക സംതൃപ്തിക്കായി കൃത്രിമ മാർഗങ്ങൾ തേടുന്ന മനുഷ്യരുണ്ട്. ചിലർ മൃഗങ്ങളെപ്പോലും ഉപയോഗിക്കുന്നു. ഈ സ്വഭാവം മനുഷ്യർക്ക് കിട്ടിയത് പൂർവികരായ കുരങ്ങന്മാരിൽനിന്നുതന്നെയാണോ? മാനുകളുമായി വേഴ്ച നടത്താൻ ശ്രമിക്കുന്ന കുരങ്ങുകളുടെ സ്വഭാവം പഠിക്കാൻ ശ്രമിക്കുകയാണ് ശാസ്ത്രജ്ഞരിപ്പോൾ.

ഇക്കൊല്ലമാദ്യമാണ് ഒരു സംഘം ജാപ്പനീസ് കുരങ്ങന്മാർ സിക്ക വിഭാഗത്തിൽപ്പെട്ട മാനുമായി ഇണചേരാൻ ശ്രമിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഇത് സ്വഭാവ വൈകൃതമാണോ തെറ്റായ രീതിയിലുള്ള ഇണചേരലാണോ എന്ന് ശാസ്ത്രജ്ഞർ പരിശോധിക്കുകയാണ്. മാനുകളും ചെറിയ കുരങ്ങുകളും ഒരുമിച്ച് താമസിച്ചുണ്ടായ സഹജഭാവമാകാം ഇത്തരം ഇണചേരലിലേക്ക് എത്തിച്ചതെന്നും അവർ കരുതുന്നു.

മൃഗങ്ങൾ ഇതരവർഗത്തിൽപ്പെട്ടവയുമായി ഇണചേരുന്നതിന് പലവിധ കാരണങ്ങളുണ്ടാകാമെന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം. ഇതൊരു പുതിയതരം സ്വഭാവരീതിയുടെ ഭാഗമാകാമെന്ന അനുമാനത്തിലാണ് ശാസ്ത്രജ്ഞരെത്തിയിരിക്കുന്നത്. ഹ്രസ്വകാലത്തേയ്ക്കുള്ള ബന്ധമായോ അപൂർവമായി സംഭവിക്കുന്ന സ്വഭാവമായോ മാത്രം ഇതിനെ കണ്ടാൽ മതിയെന്നും അവർ പറയുന്നു.

ജപ്പാനിലെ മിനൂവിലാണ് ഈ അപൂർവ ദൃശ്യം കണ്ടത്. കുരങ്ങും മാനുമായുള്ള ഇണചേരൽ 2014-ന് മുമ്പ് മിനൂവിൽ ദൃശ്യമായിട്ടില്ലെന്നും ശാസ്ത്രജ്ഞർ പറയുന്നു ഈ കുരങ്ങുകൾക്കും മാനുകൾക്കും ഇടയിൽ ഇത്തരമൊരു സ്വഭാവരീതി വളർന്നുവരുന്നുണ്ടോ എന്നത് തുടർപഠനങ്ങളിലൂടെ മാത്രമേ വ്യക്തമാവൂവെന്നും ആർക്കൈവ്‌സ് ഓഫ് സെക്ഷ്വൽ ബിഹേവിയർ എന്ന ജേണലിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ പറയുന്നു.

മിനൂവിലെ കുരങ്ങുകളും മാനുകളും മാത്രമല്ല, ഇത്തരത്തിൽ ഇന്റർ സ്പീഷീസ് സെക്‌സിലേർപ്പെടുന്നത്. അന്റാർട്ടിക്കയിലെ സീലുകൾ പെൻഗ്വിനുകളുമായി ഇണചേരുന്നത് മുമ്പ് ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഇവയൊക്കെ പഠനവിധേയമാക്കിയാൽ മാത്രമേ, മൃഗലോകത്തെ ലൈംഗികതയ്ക്ക് പുതിയ വ്യതിയാനങ്ങൾ വന്നിട്ടുണ്ടോ എന്ന് മനസ്സിലാക്കാനാവൂ.