സൗത്ത് ആഫ്രിക്കയിലെ നിരവധി എച്ച് ആൻഡ് എം സ്റ്റോറുകൾ പ്രതിഷേധക്കാർ അടിച്ച് തകർത്തുവെന്ന് റിപ്പോർട്ട്. അഞ്ച് വയസുള്ള കറുത്ത വർഗക്കാരനായ കുട്ടിയെ മോഡലാക്കി 'കൂളസ്റ്റ് മങ്കി ഇൻ ദി ജംഗിൾ...' എന്ന വംശീയ പരാമർശത്തോടെ ജാക്കറ്റിന് പരസ്യം ഉണ്ടാക്കിയതിനെ തുടർന്നാണ് എച്ച് ആൻഡ് എം സ്റ്റോർസ് ഇത്തരത്തിൽ പുലിവാല് പിടിച്ചിരിക്കുന്നത്. ഈ പരസ്യത്തിനെതിരെ കറുത്ത വർഗക്കാർ വൻ പ്രതിഷേധമുയർത്തി രംഗത്തിറങ്ങിയാണ് എച്ച്എം സ്റ്റോറുകൾ നശിപ്പിക്കുന്നതിലേക്ക് എത്തിയിരിക്കുന്നത്.

ഇതിനെ തുടർന്നുള്ള അതിക്രമങ്ങൾ ചുരുങ്ങിയത് ആറ് മാളുകളിലേക്കെങ്കിലും വ്യാപിച്ചുവെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. സ്വീഡിഷ് ബ്രാൻഡിന് നേരെയുള്ള ഈ ആക്രമണകാരികളെ നേരിടാൻ പൊലീസ് റബർ ബുള്ളറ്റ് വരെ പ്രയോഗിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു. സൗത്ത് ആഫ്രിക്കയിലെ റാഡിക്കൽ ഓപ്പോസിഷൻ പാർട്ടിയുടെ യൂണിഫോം അണിഞ്ഞെത്തിയ പ്രതിഷേധക്കാരുടെ ചെയ്തികൾ കണ്ട് ഭയപ്പെട്ട് ഷോപ്പിംഗിനെത്തിയവർ പേടിച്ച് നെട്ടോട്ടമോടിയിരുന്നു. സൗത്ത്ആഫ്രിക്കയിലെ എച്ച്എം സ്റ്റോറിന്റെ സുപ്രധാനമായ ഷോപ്പായ സാൻഡ്ടണിലെ അപ് മാർക്കറ്റ് സബർബിൽ അടക്കം രാജ്യത്തെ വിവിധ നഗങ്ങളിലെ സ്‌റ്റോറുകളിൽ പ്രതിഷേധക്കാർ പ്രശ്‌നമുണ്ടാക്കിയിരുന്നു.

സ്‌റ്റോറുകൾ ശനിയാഴ്ച വിൽപന ആരംഭിച്ചയുടനായിരുന്നു പ്രതിഷേധക്കാർ രംഗത്തെത്തിയിരുന്നത്. ഇതിനെ തുടർന്ന് വാങ്ങാനെത്തിയവരുടെ സുരക്ഷിതത്വം പരിഗണിച്ച് അവരെ കൂട്ടത്തോടെ ഒഴിപ്പിക്കാൻ നിർബന്ധിതമാവുകയും ചെയ്തിരുന്നു. വിവിധയിടങ്ങളിലെ പ്രതിഷേധത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയകളിൽ തൽസമയം പ്രചരിക്കുകയും ചെയ്തിരുന്നു. മെൻലിൻ പാർക്കിലെ സ്റ്റോറിൽ പ്രതിഷേധക്കാരെത്തി ഡിസ്‌പ്ലേകളും തുണിത്തരങ്ങളും വലിച്ചെറിയുന്ന വീഡിയോ പുറത്ത് വന്നിട്ടുണ്ട്. ഇതിന് പുറമെ ഇവിടുത്തെ മാൻക്യൂനുകളും ഇവർ തള്ളിയിട്ട് നശിപ്പിക്കാൻ ശ്രമിച്ചിരുന്നു.

എച്ച് ആൻഡ് എം സ്റ്റോർസ് വംശീയത പ്രകടിപ്പിച്ചതിന്റെ പ്രത്യാഘതങ്ങൾ അനുഭവിച്ച് കൊണ്ടിരിക്കുന്നുവെന്നാണ് ഇതുമായി ബന്ധപ്പെട്ട ആക്രമണങ്ങളെ ന്യായീകരിച്ച് കൊണ്ട് എക്കണോമിക് ഫ്രീഡം ഫൈറ്റേർസ് പാർട്ടിയുടെ വക്താവായ ഫ്‌ളോയ്ഡ് ഷിവംബു പ്രതികരിച്ചിരിക്കുന്നത്. 62 രാജ്യങ്ങളിലായി 4500 സ്റ്റോറുകളാണ് എച്ച് ആൻഡ് എം സ്റ്റോർസിനുള്ളത്. രണ്ട് വർഷങ്ങൾക്ക് മുമ്പാണ് കമ്പനി ആഫ്രിക്കയിലെ തങ്ങളുടെ ആദ്യത്തെ സ്റ്റോർ തുറന്നിരുന്നത്. എന്നാൽ കറുത്ത വർഗത്തിൽ പെട്ട ഒരൊറ്റ മോഡലിനെയും തങ്ങളുടെ പരസ്യത്തിൽ ഉൾപ്പെടുത്താത്തിനെ തുടർന്ന് കമ്പനി ഉടൻ വിവാദത്തിൽ അകപ്പെടുകയും ചെയ്തിരുന്നു.

എച്ച് ആൻഡ് എം സ്റ്റോർസിറിനെതിരെയുള്ള ഇപ്പോഴത്തെ പ്രതിഷേധത്തെ നിരവധി പേർ അനുകൂലിക്കുന്നുണ്ട്. എന്നാൽ ഇത്തരത്തിലുള്ള നീക്കത്തിലൂടെ കമ്പനി ആഫ്രിക്കയിൽ നിന്നും കെട്ട് കെട്ടിയാൽ അത് നിരവധി പേരുടെ ജോലിയെ ബാധിക്കുമെന്ന് മറുപക്ഷം മുന്നറിയിപ്പേകുന്നുമുണ്ട്. കറുത്ത വർഗക്കാരനായ കുട്ടിയെ മോഡലാക്കിയതും 7.99 പൗണ്ട് വിലയുള്ളതുമായ ജാക്കറ്റ് യുകെയിലെയും യുഎസിലെയും വെബ്‌സൈറ്റുകളിൽ നിന്നും കമ്പനി പിൻവലിച്ചിരുന്നു.