- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓസ്ട്രേലിയയിലും മങ്കിപോക്സ് സ്ഥിരീകരിച്ചതോടെ മഹാമാരി 15 രാജ്യങ്ങളിലായി; ബെൽജിയത്തിൽ നിർബന്ധ ക്വറന്റൈൻ; യു കെയിൽ മൂന്നാഴ്ച്ച സമ്പർക്ക വിലക്കേർപ്പെടുത്തി; ലോകത്തെ ഭയപ്പെടുത്തി കുരങ്ങുപനി കത്തിപ്പടരുന്നു
ലണ്ടൻ: ബ്രിട്ടനിൽ കുരങ്ങുപനി കൂടുതൽ വ്യാപകമാകാൻ തുടങ്ങിയതോടെ ജാഗരൂകരായിരിക്കാൻ നിർദ്ദേശം. രോഗം സംശയിക്കപ്പെടുന്നവർ മൂന്നാഴ്ച്ചത്തെ സെൽഫ് ഐസൊലേഷനിൽ പോകണമെന്നും നിർദ്ദേശം. ജോലിക്ക് പോകാതിരിക്കുക, സ്വാഭാവിക പ്രതിരോധശേഷി കുറഞ്ഞവരുമായി സമ്പർക്കത്തിൽ ഏർപ്പെടാതിരിക്കുക, അതുപോലെ ഗർഭിണികളുമായും 12 വയസ്സിൽ താഴെയുള്ള കുട്ടികളുമായും സമ്പർക്കം പുലർത്താതിരിക്കുക തുടങ്ങിയ നിർദ്ദേശങ്ങളും നൽകിയിട്ടുണ്ട്. ഇറ്റുവരെ 20 പേർക്കാണ് യു കെ ഹെൽത്ത് സെക്യുരിറ്റി ഏജൻസി കുരങ്ങുപനി സ്ഥിരീകരിച്ചിരിക്കുന്നത്.
രോഗബാധിതരുമായി നേരിട്ട് ബന്ധപ്പെടുകയോ അല്ലെങ്കിൽ അവർക്കൊപ്പം ഒരേ വീട്ടിൽ താമസിക്കുക, ലൈംഗികബന്ധത്തിൽ ഏർപ്പെടുക, അവരുടെ കിടക്ക പങ്കിടുക തുടങ്ങിയവ രോഗം പകരാനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്നാണ് ഏജൻസി മുന്നറിയിപ്പ് നൽകുന്നത്. സമൂഹ വ്യാപനത്തിനുള്ള സാധ്യത തീരെ കുറവാണെന്നാണ് യു കെ എച്ച് എസ് എ വക്താവ് ഡോ. സൂസൻ ഹോപ്കിൻസ് പറയുന്നത്. എന്നാൽ, രോഗ ലക്ഷണങ്ങൾ കണ്ടെത്തിയാൽ മറ്റുള്ളവരിൽ നിന്നും അകന്നു കഴിയണം എന്നും അവർ പറയുന്നു.
ശരീരത്തിൽ ചുവന്ന് തുടുത്ത തണിർപ്പുകൾ കണ്ടാൽ ഉടനടി ജി പിയുമായോ സെക്ഷ്വൽ ഹെൽത്ത് ക്ലിനിക്കുമായോ ബന്ധപ്പെടണമെന്നും അവർ നിർദ്ദേശിക്കുന്നു. അങ്ങനെയുള്ളവർ നിർബന്ധമായും സെൽഫ് ഐസൊലേഷന് വിധേയരാകണം. വ്യാപനം വർദ്ധിച്ചു വരികയാണെന്നും വരും ദിവസങ്ങളിൽ കൂടുതൽ പേരിൽ കുരങ്ങുപനി സ്ഥിരീകരിക്കപ്പെട്ടേക്കാം എന്നും അവർ പറഞ്ഞു.
അതിനിടയിൽ ആസ്ട്രേലിയയിൽ ആദ്യത്തെ കുരങ്ങുപനി സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. വിയന്നയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആഫ്രിക്കയ്ക്ക് പുറത്ത് കുരുങ്ങുപനി സ്ഥിരീകരിക്കുന പതിനഞ്ചാമത്തെ രാജ്യമായി മാറിയിരിക്കുകയാണ് ആസ്ട്രേലിയ. അതിനിടയിൽ 21 ദിവസത്തെ നിർബന്ധിത മങ്കിപോക്സ് ക്വാറന്റൈൻ പ്രാബല്യത്തിൽ വരുത്തിയ ആദ്യരാജ്യാമായി മാറിയിരിക്കുകയാണ് ബെൽജിയം.
ബെൽജിയത്തിൽ ഇതുവരെ മൂന്ന് കേസുകളാണ് സ്ഥിരീകരിച്ചിരിക്കുന്നത്. വൈറസ് ബാധയുള്ളവർ നിർബന്ധമായും 21 ദിവസത്തെ ക്വാറന്റൈന് വിധേയരാകണം എന്നാണ് ഇപ്പോൾ നിർദ്ദേശിച്ചിരിക്കുന്നത്. തുറമുഖ നഗരമായ ആൻഡ്വെപ്പിൽ നടന്ന ഒരു ഉത്സവാഘോഷവുമായി ബന്ധപ്പെട്ടാണ് ആദ്യത്തെ കേസിന്റെ പ്രഭവകേന്ദ്രം എന്ന് തെളിഞ്ഞിട്ടുണ്ട്.
ബ്രിട്ടനിൽ കുരങ്ങുപനി വലിയതോതിൽ തന്നെ വ്യാപിക്കാൻ ഇടയുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു. ഇത് സെക്ഷ്വൽ ഹെൽത്ത് ക്ലിനിക്കുകളിൽ തിരക്ക് വർദ്ധിപ്പിക്കാനും ഇടയുണ്ട്. വരും നാളുകളിൽ ഇതുമായി ബന്ധപ്പെട്ട് കൂടുതൽ പരിശോധനകൾ നടത്തേണ്ടതായി വരുമെന്നും അതിനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചതായും അധികൃതർ അറിയിച്ചിട്ടുണ്ട്.
യൂറോപ്പിലാകെ ഇത് പടർന്നിരിക്കുന്നു എന്നതാണ് ആശങ്കയുയർത്തുന്ന കാര്യം എന്ന് ബ്രിട്ടീഷ് അസ്സോസിയേഷൻ ഫോർസെക്ഷ്വൽ ഹെൽത്ത് ആൻഡ് എച്ച് ഐ വിയുടെ പ്രസിഡണ്ട് ഡോ. ക്ലെയർ ഡ്വെൻസാപ് പറയുന്നു. ഇതിനോടകം തന്നെ ഇത് പൊതുജനങ്ങൾക്കിടയിൽ വ്യാപിക്കാൻ തുടങ്ങിയിട്ടുണ്ട് എന്നും അവർ പറയുന്നു. രോഗികളുമായി സമ്പർക്കത്തിൽ ഏർപ്പെടുന്നവരുടെ പട്ടിക തയ്യാറാക്കുക എന്നതുതന്നെ കഠിനമായ ഒരു ജോലിയാണ് എന്നും അവർ സൂചിപ്പിക്കുന്നു.
പശ്ചിമ ആഫ്രിക്കയിലും മദ്ധ്യ ആഫ്രിക്കയിലും സാധാരണയായി കണ്ടു വരുന്ന ഈ രോഗം, രോഗികളുമായി അടുത്ത സമ്പർക്കം പുലർത്തുന്നതിലൂടെയാണ് പകരുന്നത്. സാധാരണയായി, ഇത് അധികം ഗുരുതരമാകാത്ത രോഗമാണ് രോഗബാധിതരിൽ മിക്കവരും മൂന്നാഴ്ച്ചക്കുള്ളിൽ സുഖം പ്രാപിക്കാറുണ്ട്. എന്നൽ രോഗം ബാധിച്ച 100 പേരിൽ ഒരാൾ വീതം മരണമടയുവാനുള്ള സാധ്യതയുമുണ്ട്. മങ്കിപോക്സ് വൈറസ് മൂലമുണ്ടാകുന്ന ഈ രോഗം ആദ്യമായി കണ്ടെത്തിയത് കുരങ്ങുകളിലാണ്. ലൈംഗിക ബന്ധം ഉൾപ്പടെ, രോഗബാധിതരുമായുള്ള അടുത്ത സമ്പർക്കം വഴി ഇത് പരക്കാം.
അതുകൊണ്ടു തന്നെ അപരിചിതരുമായി അടുത്ത സമ്പർക്കത്തിൽ ഏർപ്പെടുന്നവരോ, ലൈംഗിക പങ്കാളികളെ ഇടയ്ക്കിടെ മാറ്റുന്നവരോ ശരീരത്തിൽ ചുവന്ന തുടിപ്പുകൾ പ്രത്യക്ഷപ്പെട്ടാൽ ഉടനടി രോഗ പരിശോധനക്ക് തയ്യാറാകണമെന്ന് ആരോഗ്യ വകുപ്പ് ആവശ്യപ്പെടുന്നു. അതേസമയം, രോഗം തീവ്രമായി ഇന്റൻസീവ് പരിപാലനം ഇതുവരെയും ആർക്കും ആവശ്യമായി വന്നിട്ടില്ലെന്നും റിപ്പോർട്ടുകൾ ഉണ്ട്.
പോർച്ചുഗലിൽ ഇതുവരെ 14 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 20 പേർ രോഗബാധിതരാണെന്ന സംശയത്തിൽ നിരീക്ഷണത്തിലാണ്. കാനഡയിൽ 20 പേർ നിരീക്ഷണത്തിൽ ഉള്ളപ്പോൾ 2 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇറ്റലി, സ്വീഡൻ, ബെൽജിയം, ജർമ്മനി, നെതർലാൻഡ്സ്, ഫ്രാൻസ് ഇസ്രയേൽ സ്വിറ്റ്സർലൻഡ്, ആസ്ട്രേലിയ എന്നീ രാജ്യങ്ങളിലും കുരങ്ങുപനി സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ, ഇതുവരെ ഒരു രാജ്യത്തുനിന്നും കുരങ്ങുപനി മൂലമുള്ള മരണം രേഖപ്പെടുത്തിയിട്ടില്ല.
മറുനാടന് ഡെസ്ക്