- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മങ്കിപോക്സ് ബാധിച്ചവരുടെ എണ്ണം യു കെയിൽ 1000 കടന്നു; ക്രിസ്ത്മസ് ആകുമ്പോൾ ദിവസം 60,000 രോഗികൾ വീതം പുതിയതായി ഉണ്ടായേക്കുമെന്ന് ആശങ്ക; കോവിഡിനേക്കാൾ ഭീകരനായി കുരങ്ങുപനി മാറുമോ?
ലണ്ടൻ: ഒരുകാലത്ത് വളരെ വിരളമായി മാത്രം ഉണ്ടാകാറുണ്ടായിരുന്ന കുരങ്ങുപനി ഇന്ന് ബ്രിട്ടനെ വിഴുങ്ങുകയാണ്. ഇതുവരെ യു കെയിൽ ഈ രോഗം ബാധിച്ചവരുടെ എണ്ണം 1000 കടന്നു. കഴിഞ്ഞ ഞായറാഴ്‌ച്ചയിലെ കണക്കനുസരിച്ച് യു കെയിൽ ഇതുവരെ 1076 പേർക്ക് കുരങ്ങുപനി സ്ഥിരീകരിച്ചിട്ടുണ്ടെന്ന് യു കെ ഹെൽത്ത് സെക്യുരിറ്റി ഏജൻസി അറിയിച്ചു. വരും ദിവസങ്ങളിൽ വ്യാപനം ശക്തിപ്പെടുമെന്നും അവർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ധാരാളം ജനങ്ങൾ കൂടുന്ന പരിപാടികളിലും, പുതിയ പങ്കാളികളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ തയ്യാറെടുക്കുന്നവരും ജാഗരൂകരായിരിക്കണമെന്ന മുന്നറിയിപ്പും ഏജൻസി നൽകുന്നു.
യു കെയിൽ രോഗബാധിതരിൽ ഭൂരിഭാഗവും സ്വവർഗ രതിയിൽ താത്പര്യമുള്ള പുരുഷന്മാരാണ് എന്ന് കണക്കുകൾ വ്യക്തമാക്കുന്നു. റേവ് പാർട്ടികൾ, സൗനകൾ തുടങ്ങിയവയാണ് രോഗവ്യാപനത്തിന്റെ പ്രധാന സ്രോതസ്സുകൾ എന്നും കണ്ടെത്തിയിട്ടുണ്ട്. ഡേറ്റിങ് ആപ്പുകൾ രോഗവ്യാപനത്തിന് സാഹചര്യമൊരുക്കുന്നതിൽ സുപ്രധാന പങ്കു വഹിക്കുന്നുമുണ്ട്. പ്രധാനമായും ലൈംഗിക ബന്ധത്തിലൂടെയാണ് ഈ വൈറസ് പകരുന്നത്.
അടുത്ത ഒരു വർഷത്തേക്ക് കുരങ്ങുപനിയുടെ വ്യാപനം തുടർന്നേക്കാമെന്നാണ് സ്ട്രാക്ലൈഡ് യൂണിവേഴ്സിറ്റി പ്രൊഫസർനൽകുന്ന മുന്നറിയിപ്പ്. മാത്രമല്ല, പ്രതിദിനം പതിനായിരക്കണക്കിന് ആളുകൾക്ക് രോഗം പിടിപെടുന്ന ഒരു സാഹചര്യം ഉണ്ടായേക്കാമെന്നും അദ്ദേഹം പറയുന്നു. അമ്പത് വയസ്സിൽ താഴെയുള്ളവർ - ഈ വിഭഗത്തിൽ പെടുന്നവർക്ക് വസൂരിക്കെതിരെയുള്ള വാക്സിൻ ലഭിച്ചിട്ടില്ല- ആണ് പ്രധാനമായും ഇതിന് ഇരകളാകുന്നത് എന്ന് കണ്ടെത്തിയിട്ടുണ്ട്.
അതേസമയം, കുരങ്ങുപനിയുടെ വൈറസിന് ഒരു ശരീരത്തിൽ നിന്നും മറ്റൊന്നില്ലേക്ക് പടരാൻ കൂടുതൽ ദീർഘമായുള്ള സമ്പർക്കം ആവശ്യമായതിനാൽ കോവിഡ് പോലെ ഒരു മഹാമാരിയായി ഇത് മാറില്ലെന്നാണ് മറ്റു ചില ശാസ്തീജ്ഞർ പറയുന്നത്. നിലവിലെ രോഗികളിൽ ഭൂരിഭാഗവും സ്വവർഗ്ഗ രതിയിൽ താത്പര്യമുള്ള പുരുഷന്മാരാണ്. അതുപോലെ രോഗബാധിതരായ പുരുഷന്മാരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട ചില സ്ത്രീകൾക്കും രോഗബാധ ഉണ്ടായിട്ടുണ്ട്. രോഗബാധിതരുമായി ലൈംഗിക ബന്ധം പുലർത്താതെ തന്നെ, ദീർഘനേരം അടുത്തിടപഴകുന്നവരിലേക്കും ഇത് പകരാനുള്ള സാധ്യത ചെറുതല്ല.
ഈ വർഷം അവസാനം വരെ കുരങ്ങുപനി വ്യാപനം ബ്രിട്ടനിൽ തുടരുമെന്നും പ്രതിദിനം 60,000 രോഗികൾ വരെ റിപ്പോർട്ട് ചെയ്യപ്പെടുന്ന ഒരു മൂർദ്ധന്യഘട്ടം ഇതിനുണ്ടാകുമെന്നും പ്രൊഫസർ ആഡം ക്ലെഷോസ്‌കി പറയുന്നു. വസൂരിക്കെതിരെയുള്ള വാക്സിൻ നൽകുന്നത് വ്യാപകമാക്കുകയും അതുപോലെ കോവിഡ് കാലത്ത് ചെയ്തതുപോലെ കോൺടാക്ട് ട്രേസിങ് നടത്തുകയും ചെയ്താൽ വലിയൊരു പരിധി വരെ അത് തടയാനാകുമെന്നും അദ്ദേഹം പറഞ്ഞു.
മറുനാടന് ഡെസ്ക്