- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നോർത്ത് വെയിൽസിലെ രണ്ടു പേർക്ക് കുരങ്ങുപനി സ്ഥിരീകരിച്ചു; ആഫ്രിക്കൻ രാജ്യങ്ങളിലെ മാരകരോഗം പടരാതിരിക്കാൻ മുൻകരുതലുകൾ പ്രഖ്യാപിച്ച് സർക്കാർ; കോവിഡിനു പുറമേ മറ്റൊരു പകർച്ച വ്യാധികൂടി ബ്രിട്ടന്റെ ഉറക്കം കെടുത്തുന്നു
ലണ്ടൻ: കോവിഡ് പ്രതിസന്ധിയിൽ നിന്നും ഒരുവിധ കരകയറാൻ തുടങ്ങുന്ന നേരത്താണ് ബ്രിട്ടന് ആശങ്കയുളവാക്കി കുരങ്ങുപനി (മങ്കിപോക്സ്) യുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ചിരിക്കുന്നത്. കോവിഡ് പ്രതിസന്ധിയെ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് എം പി മാർക്ക് വിശദീകരണം നൽകുന്നതിനിടയിലാണ് ഈ പുതിയ മാരകരോഗത്തെ കുറിച്ച് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് പരാമർശിച്ചത്. ഇത്തരം സംഭവങ്ങൾ സാധാരണമാണെന്നും ഇത് നേരിടാൻ താനും തന്റെ വകുപ്പും സുസജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ ഇതുവരെ എത്ര പേർക്ക് കുരങ്ങ് പനി സ്ഥിരീകരിച്ചിട്ടുണ്ടെന്നോ, ഇതും കോവിഡിനൊപ്പം പടർന്നു പിടിക്കുകയാണോ എന്നും അദ്ദേഹം വ്യക്തമാക്കിയില്ല. പ
പിന്നീട് പബ്ലിക് ഹെൽത്ത് വെയിൽസ് രണ്ടു പേർക്ക് കുരങ്ങുപനി സ്ഥിരീകരിച്ചുകൊണ്ട് പത്രക്കുറിപ്പ് ഇറക്കി. ഒരേ കുടുംബത്തിലെ രണ്ടു പേർക്കാണ് ഈ രോഗം പിടിപെട്ടിരിക്കുന്നത് എന്നതല്ലാതെ അവരുടെ പേരോ മറ്റു വിവരങ്ങളോ നൽകിയിട്ടില്ല. അതിൽ ഒരാൾ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണെന്നും അറിയിപ്പിൽ പറയുന്നുണ്ട്. മദ്ധ്യ ആഫ്രിക്കയിലും പടിഞ്ഞാറൻ ആഫ്രിക്കയിലും വ്യാപകമായി കണ്ടുവരുന്ന ഈ രോഗം ഇവർക്ക് ഏത് രാജ്യത്തുനിന്നാണ് ബാധിച്ചത് എന്ന കാര്യവും പുറത്തുവിട്ടിട്ടില്ല.
മെയ് ആദ്യ പകുതിയിലാണ് ഇവർക്ക് രോഗബാധ ഉണ്ടായത് എന്നാണ് അറിയാൻ കഴിയുന്നത്. കോവിഡ് നിർദ്ദേശങ്ങൾ അനുസരിച്ച് ഇവർ യാത്രകഴിഞ്ഞ് തിരികെ എത്തിയപ്പോൾ ക്വാറന്റൈനിൽ പോവുകയും ചെയ്തിരുന്നു. അതുകൊണ്ട് തന്നെ ഇവരിൽ നിന്നും രോഗംമറ്റുള്ളവരിലേക്ക് വ്യാപിക്കുവാനുള്ള സാധ്യത തുലോം വിരളമാണ്. സാധാരണയായി ഉഷ്ണമേഖലാ പ്രദേശങ്ങളിൽ കാണപ്പെടുന്ന ഈ രോഗത്തിന്റെ ലക്ഷണങ്ങൾ ഫ്ളൂവിനു സമാനമായ പനിയും അതുപോലെ ചർമ്മം തണുർത്ത് പൊങ്ങുന്നതുമാണ്. കുരങ്ങുകൾ, എലികൾ, അണ്ണാൻ, മറ്റു ചെറിയ സസ്തനികൾ എന്നിവയിലൂടെയാണ് ഇതിനു കാരണമായ വൈറസ് മനുഷ്യരിലെത്തുന്നത്.
ഈ രോഗത്തിന്റെ കാരണമായ വൈറസ് മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് അത്ര വേഗത്തിൽ പടരുകയില്ല. അതുകൊണ്ടുതന്നെ കോവിഡ് പോലെ അതിശീഘ്രം പടർന്നുപിടിക്കുന്ന ഒരു രോഗമല്ലിത്. മാത്രമല്ല, കോവിഡിന് വിപരീതമായി കുരങ്ങുപനിയിൽ ലക്ഷണങ്ങൾ വളരെ നേരത്തേ തന്നെ ദൃശ്യമാകുമെന്നതിനാൽ, ഐസൊലേഷനും ചികിത്സയും നേരത്തേ നൽകാനും ആകും. ഈ രോഗം ബാധിച്ചവരിൽ 10 ശതമാനമാണ് മരണ നിരക്ക്. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം മറിക്കുന്നവർ കൂടുതലും ചെറുപ്പക്കാരാണ്.
മറുനാടന് ഡെസ്ക്