- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാവുങ്കലിന്റെ മൂന്ന് ആഡംബര കാറിൽ ഒന്ന് മുൻ പ്രധാനമന്ത്രി ഡോ. മന്മോഹൻ സിങിന്റെ മകന്റെ പേരിലുള്ളതോ? എൻഐഎ രഹസ്യ അന്വേഷണത്തിൽ; ഭീകരവാദത്തിന് വേണ്ടിയുള്ള പുരാവസ്തു കടത്തോ എന്നും പരിശോധിക്കും; ഡൽഹിയിലെ മോൻസൺ ബന്ധങ്ങളും അന്വേഷണ പരിധിയിലേക്ക്; 'കാറുകൾ' ഉന്നതരെ കുടുക്കുമോ?
കൊച്ചി : പുരാവസ്തു തട്ടിപ്പുകേസ് പ്രതി മോൻസൺ മാവുങ്കലിന്റെ മൂന്ന് ആഡംബര കാറുകളിലൊന്നു മുൻ പ്രധാനമന്ത്രി ഡോ. മന്മോഹൻ സിങിന്റെ മകന്റെ പേരിലുള്ളതെന്നു സൂചന. മോൻസൺ അറസ്റ്റിലാകും മുമ്പു ചേർത്തല കളവംകോടത്തെ വർക്ക്ഷോപ്പിൽ അറ്റകുറ്റപ്പണികൾക്കായി നൽകിയിരുന്ന മൂന്ന് ആഡംബരകാറുകൾ കഴിഞ്ഞദിവസം പിടിച്ചെടുത്തിരുന്നു. അതിൽ പഞ്ചാബ് രജിസ്ട്രേഷനിലുള്ള ബെൻസ് കാറാണു മന്മോഹൻ സിങിന്റെ മകന്റെ പേരിലുള്ളതെന്നാണു വിവരം. ഈ രജിസ്‌ട്രേഷൻ കളവാണോ എന്നും പരിശോധിക്കും. അതിനിടെ കേസിൽ എൻ ഐഎ അന്വേഷണം തുടങ്ങിയിട്ടുണ്ട്.
ഇക്കാര്യം കണ്ടെത്താൻ ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണസംഘം മോട്ടോർ വാഹന വകുപ്പിനു നിർദ്ദേശം നൽകി. കർണാടക രജിസ്ട്രേഷനിലുള്ള പ്രാഡോ, ഛത്തിസ്ഗഡ് രജിസ്ട്രേഷനിലുള്ള ബി.എം.ഡബ്ല്യൂ. എന്നീ കാറുകളാണു മറ്റുള്ളവ. വർക്ക്ഷോപ്പ് ഉടമയിൽനിന്ന് ക്രൈംബ്രാഞ്ച് വിവരങ്ങൾ ശേഖരിച്ചിരുന്നു. രജിസ്‌ട്രേഷൻ ഒർജിനലാണെങ്കിൽ മന്മോഹൻ സിങിന്റെ മകന്റെ പേരിലുള്ള കാർ എങ്ങനെ മോൻസന്റെ പക്കലെത്തി എന്നതു കേസിൽ നിർണ്ണായകമാകും.
മന്മോഹൻ സിങിന്റെ മകന്റെ കാറാണെന്നു മോൻസൺ തന്നെ പലരോടും പറഞ്ഞിട്ടുണ്ട്. ഇയാൾക്കു ഡൽഹിയിലടക്കം വലിയ ബന്ധങ്ങൾ ഉണ്ടെന്നും മൊഴിയുണ്ട്. ഈ സാഹചര്യത്തിലാണു ഇക്കാര്യം വിശദമായി അന്വേഷിക്കുന്നതത്. എൻ ഐ എയും അന്വേഷണം നടത്തുന്നുണ്ട്. എഫ് ഐ ആർ രജിസ്റ്റർ ചെയ്യാതെയാണ് കേന്ദ്ര ഏജൻസിയുടെ പരിശോധന. ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കാനുള്ള അന്താരാഷ്ട്ര കള്ളക്കടത്തു സംഘത്തിന്റെ ബിനാമിയാണോ എന്നാണ് പരിശോധന. മാവുങ്കലിന്റെ അംഗരക്ഷകർക്ക് തോക്ക് എങ്ങനെ കിട്ടിയെന്നും പരിശോധിക്കും.
കലൂരിലെ വീട്ടിൽ കണ്ടെത്തിയ ആഡംബര കാറുകളെല്ലാം റോഡിലിറക്കാൻ കഴിയാത്തവ എന്നാണു മോട്ടോർവാഹന വകുപ്പിന്റെ കണ്ടെത്തൽ. കാലാവധി തീരാറായതും എൻജിൻ തകരാറിലായതുമായ എട്ടു കാറുകളാണു പരിശോധിച്ചത്. ടൊയോട്ട, മസ്ത, ലാൻഡ് ക്രൂയിസർ, റേഞ്ച് റോവർ, ബെൻസ്, ഫെറാരി തുടങ്ങിയ കമ്പനികളുടെ കാറുകൾ. കാറുകൾക്കെല്ലാം തന്നെ രൂപമാറ്റവും വരുത്തിയിട്ടുണ്ടെന്നും മോട്ടോർ വാഹന വകുപ്പിന്റെ റിപ്പോർട്ടിലുണ്ട്.
തനിക്കു മുംബൈ അധോലോകവുമായി അടുത്ത ബന്ധമുണ്ടായിരുന്നുവെന്നു മോൻസൺ പരാതിക്കാരോടു പറഞ്ഞിട്ടുണ്ട്. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ പങ്കെടുത്തിട്ടുണ്ടെന്നും ഇതിനിടെ തനിക്കു പരുക്കേറ്റിരുന്നുവെന്നും ഇയാൾ പറഞ്ഞിരുന്നു. ഇതെല്ലാം പരിശോധിക്കുന്നുണ്ട്. മോൻസൺ പറഞ്ഞതെല്ലാം തള്ളാകുമെന്ന വിലയിരുത്തൽ കേന്ദ്ര ഏജൻസികൾക്കില്ല. അതുകൊണ്ട് തന്നെ വിശദമായ പരിശോധനകൾ നടത്തും. കേന്ദ്ര ഏജൻസികളുടെ കത്ത് മോൻസൺ ദുരുപയോഗം ചെയ്തതായും കണ്ടെത്തിയിട്ടുണ്ട്.
പുരാവസ്തു വില്പനക്കാരനെന്ന വ്യാജേന തട്ടിപ്പ് നടത്തിയ മോൻസൺ മാവുങ്കലിന്റെ സി.ഡി.ആർ. (കോൾ ഡീറ്റൈയിൽ റെക്കോഡ്) പരിശോധനയിലൂടെ നിർണായക വിവരങ്ങൾ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. അന്വേഷണത്തോട് സഹകരിക്കാത്ത മോൻസണിന്റെ ഉള്ളറിയാൻ ഇതുവരെ അന്വേഷണ സംഘത്തിനായിട്ടില്ല. ഇയാളുടെ അക്കൗണ്ടും കാലിയാണ്. ഇയാൾ പണം ഒളിപ്പിച്ചിരിക്കുന്ന ഇടവും തട്ടിപ്പിന്റെ വിശദാംശങ്ങളും കണ്ടെത്താൻ ഫോൺ രേഖകൾ വിശദമായി പരിശോധിക്കേണ്ടി വരും. ഇതോടൊപ്പംതന്നെ മോൻസണിന്റെ സാമൂഹിക മാധ്യമങ്ങളിലെ അക്കൗണ്ട് കേന്ദ്രീകരിച്ചും വിവരങ്ങൾ ശേഖരിക്കും.
കേസിലെ അന്വേഷണ പുരോഗതി 26-നകം ഹൈക്കോടതിയെ അറിയിക്കണമെന്ന് നിർദ്ദേശം ഉള്ളതിനാൽത്തന്നെ കേസന്വേഷണം വേഗത്തിലാക്കും. ബാക്കിയുള്ള കേസുകളിൽക്കൂടി അറസ്റ്റ് രേഖപ്പെടുത്തി മോൻസണെ കസ്റ്റഡിയിൽ വാങ്ങാനാണ് തീരുമാനം. ഇയാളുമായി അടുപ്പമുള്ളവരുടെയും കൂട്ടാളികളുടെയും ബാങ്ക് അക്കൗണ്ട് വിവരങ്ങളും പരിശോധിക്കും. മോൻസൺ ആവശ്യപ്പെട്ട പ്രകാരം പരാതിക്കാർ മോൻസണിന്റെ കൂട്ടാളികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം നിക്ഷേപിച്ചതായി അറിയിച്ചിരുന്നു. ഇവരുടെ അക്കൗണ്ട് വിവരങ്ങളാണ് പ്രധാനമായും പരിശോധിക്കുക. ഇതോടൊപ്പം, മോൻസണിന്റെ തട്ടിപ്പ് കമ്പനികളുടെ ഡയറക്ടർമാരുടെ അക്കൗണ്ടുകളും പരിശോധിക്കും.
മോൻസൺ തട്ടിപ്പിന് പ്രധാനമായും ഉപയോഗിച്ചിരുന്നത് 'കലിംഗ കല്യാൺ ഫൗണ്ടേഷൻ' എന്ന സംഘടനയെ ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. കലിംഗയിൽ പങ്കാളികളായിരുന്നവരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. ഫൗണ്ടേഷൻ ഡയറക്ടർമാരും െപ്രാമോട്ടർമാരുമായി പ്രവർത്തിച്ചിരുന്നത് ബെംഗളൂരു മലയാളികളാണ്. ഇവരെ വരും ദിവസങ്ങളിൽ ചോദ്യം ചെയ്യും.
മറുനാടന് മലയാളി ബ്യൂറോ