- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മനോജ് എബ്രഹാമും ബെഹ്‌റയും സേഫ്; അട്ടിമറികൾക്ക് കൂട്ടുനിന്നത് ഐജി ലക്ഷ്മണ മാത്രം; ഹൈക്കോടതി നിലപാട് ഐപിഎസുകാരന് നിർണ്ണായകമാകും; മോൻസൺ മാവുങ്കൽ കേസിൽ വീട്ടിൽ എത്തിയവർ കുറ്റവിമുക്തർ; മ്യൂസിയം കേസിൽ കോടതി നിരീക്ഷണം നിർണ്ണായകം
കൊച്ചി: മോൻസൺ മാവുങ്കൽ വിവാദത്തിൽ കുടുങ്ങിയ ഐജി ലക്ഷ്മണയ്ക്ക് ഹൈക്കോടതിയുടെ പരാമർശം നിർണ്ണായകമാകും. ഹൈക്കോടതി വിമർശനം ഉന്നയിച്ചാൽ ഐജിയ്‌ക്കെതിരെ സർക്കാർ അച്ചടക്ക നടപടി എടുക്കും. മുൻ ഡിജിപി ലോക്‌നാഥ് ബെഹ്‌റയേയും എഡിജിപി മനോജ് എബ്രഹാമിനേയും പ്രശ്‌നത്തിൽ കുടുക്കുന്നുമില്ല.
മോൻസൻ മാവുങ്കൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലെടുത്ത കേസിന്റെ അന്വേഷണം ആലപ്പുഴ സി ബ്രാഞ്ചിൽനിന്നു ചേർത്തല ഇൻസ്‌പെക്ടർക്കു കൈമാറുന്നതു സംബന്ധിച്ച് ഐജി ജി.ലക്ഷ്മണയുടെ നിർദ്ദേശം എഡിജിപി റദ്ദാക്കിയെന്നും ഐജിയുടെ വിശദീകരണം തേടിയെന്നും ഡിജിപി ഹൈക്കോടതിയിൽ അറിയിച്ചു. മോൻസൻ മാവുങ്കലിന്റെ കലൂരിലെ വീടിനു പ്രത്യേകിച്ചു പൊലീസ് പിക്കറ്റ് നൽകിയിട്ടില്ലെന്നും സാധാരണ നിരീക്ഷണ സംവിധാനമാണു നൽകിയതെന്നും ഡിജിപി അനിൽകാന്ത് അറിയിച്ചു.
മോൻസൻ മാവുങ്കലിനെതിരെ മൊഴി നൽകിയതിന്റെ പേരിൽ പൊലീസ് ഭീഷണിപ്പെടുത്തുകയാണെന്ന് ആരോപിച്ചു മുൻ ഡ്രൈവർ ഇടുക്കി സ്വദേശി ഇ.വി.അജിത്ത് നൽകിയ ഹർജിയിലാണു സത്യവാങ്മൂലം. ഹർജി ഇന്നു വീണ്ടും പരിഗണിക്കും. മോൻസൻ മാവുങ്കലിനെതിരെ ശ്രീവത്സം ഗ്രൂപ്പ് ഉടമ രാജേന്ദ്രൻപിള്ള നൽകിയ സാമ്പത്തിക തട്ടിപ്പു കേസിൽ അജിത്ത് മൂന്നാം പ്രതിയാണെന്നു സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിൽ കോടതി നിരീക്ഷണങ്ങൾ കേസിൽ നിർണ്ണായകമാകും.
മുൻ ഡിജിപി ലോക്‌നാഥ് ബെഹ്‌റയും എഡിജിപിയും മോൻസന്റെ വീട്ടിൽ സന്ദർശനം നടത്തുമ്പോൾ വീട്ടിലെ വസ്തുവകകളുടെ സംശയകരമായ സ്വഭാവത്തെക്കുറിച്ച് ഇന്റലിജൻസ് റിപ്പോർട്ടോ മറ്റു വിവരങ്ങളോ ഉണ്ടായിരുന്നില്ല. ബെഹ്‌റ ആവശ്യപ്പെട്ടതനുസരിച്ചാണ് എഡിജിപി മനോജ് ഏബ്രഹാം ഒപ്പം പോയതെന്നും വിശദീകരിക്കുന്നു. ഇതോടെ മനോജ് എബ്രഹാം തീർത്തും കുറ്റവിമുക്തനാകും.
സന്ദർശനത്തിനുശേഷം, മോൻസന്റെ വീട്ടിൽ പ്രദർശിപ്പിച്ചിരിക്കുന്ന വസ്തുക്കളെക്കുറിച്ചും അയാളുടെ മുൻകാലത്തെക്കുറിച്ചും എഡിജിപി സംശയം പ്രകടിപ്പിച്ചു. ഇക്കാര്യം റിപ്പോർട്ടാക്കി പരിശോധനയ്ക്ക് ഇന്റലിജൻസ് വകുപ്പിന് അയച്ചു. ഇന്റലിജൻസ് എഡിജിപിയോട് അന്വേഷണം നടത്താനും റിപ്പോർട്ട് നൽകാനും നിർദ്ദേശിച്ചു സത്യവാങ്മൂലത്തിൽ പറയുന്നു.
സംസ്ഥാന പൊലീസ് മേധാവി അനിൽകാന്തിന്റെ റിപ്പോർട്ട് അനുസരിച്ച് കേസ് അട്ടിമറിക്കാൻ ഐജി ലക്ഷ്മണ ഇടപെട്ടിരുന്നു. മാത്രമല്ല മോൻസൺ മാവുങ്കലിനെതിരായ കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റാനും ഐജി ലക്ഷ്മണ ശ്രമിച്ചിരുന്നു. കേസിലെ റിപ്പോർട്ട് ഡി ജി പി അനിൽകാന്ത് ഹൈക്കോടതി മുമ്പാകെ സമർപ്പിച്ചത്. ഉന്നത ഉദ്യോഗസ്ഥർ മ്യൂസിയത്തിലെത്തിയത് മോൻസന് സ്വീകാര്യത ഉണ്ടാക്കുക എന്ന ലക്ഷ്യത്തിലല്ലെന്നും ഇവരെല്ലാം സന്ദർശനത്തിന് ശേഷം മോൻസനെതിരെ അന്വേഷണത്തിന് നിർദ്ദേശിച്ചിരുന്നതായും ഡിജിപി നൽകിയ റിപ്പോർട്ടിലുണ്ട്.
നേരത്തെ മോൻസൻ മാവുങ്കിലിന്റെ ചേർത്തലയിലും കൊച്ചിയിലെയും വീടുകൾക്ക് മുന്നിൽ പൊലീസ് പട്ട ബുക്ക് സ്ഥാപിച്ചത് ഏത് സാഹചര്യത്തിലായിരുന്നുവെന്നും കൃത്യമായി പരിശോധനയില്ലാതെ എങ്ങനെ തട്ടിപ്പുകാരന് സുരക്ഷ നൽകിയെന്നായിരുന്നും ഡിജിപി വിശദീകരിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.
തുടർന്ന് മുൻ ഡിജിപി ലോക്‌നാഥ് ബെഹ്‌റ അടക്കം ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. ലോക്‌നാഥ് ബഹ്‌റയ്ക്ക് ഒപ്പം മ്യൂസിയം സന്ദർശിച്ച എഡിജിപി മനോജ് എബ്രഹാമിൽ നിന്നും വിവരങ്ങൾ തേടി. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് നൽകിയത്.
മറുനാടന് മലയാളി ബ്യൂറോ