- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
പുരാവസ്തു സാമ്പത്തിക തട്ടിപ്പ്: മോൻസന് പണം കൈമാറുമ്പോൾ സുധാകരനെ കണ്ടിട്ടില്ല; മറ്റ് രാഷ്ട്രീയ പാർട്ടി നേതാക്കളെയും അവിടെ കണ്ടിട്ടുണ്ട്; പേര് വെളിപ്പെടുത്താതെ പരാതിക്കാരൻ രാജീവ്; ശിൽപങ്ങൾ വാങ്ങിയതിൽ മോൻസൻ 70 ലക്ഷം രൂപ നൽകാനുണ്ടെന്ന് ശിൽപി സുരേഷ്; ക്രൈംബ്രാഞ്ചിനു പരാതി നൽകി.
കൊച്ചി: പുരാവസ്തു വിൽപ്പനയുടെ പേരിൽ സാമ്പത്തിക തട്ടിപ്പു നടത്തിയ മോൻസൻ മാവുങ്കലിന് പണം കൈമാറുമ്പോൾ കെ സുധാകരനെ കണ്ടിട്ടില്ലെന്ന് പരാതിക്കാരൻ രാജീവിന്റെ മൊഴി. ക്രൈംബ്രാഞ്ച് പരാതിക്കാരുടെ ഇന്നത്തെ മൊഴിയെടുക്കൽ പൂർത്തിയായി.
കെ സുധാകരനെ നിരവധി തവണ മോൻസന്റെ വീട്ടിൽ വെച്ച് കണ്ടിട്ടുണ്ട്. മറ്റ് രാഷ്ട്രീയ പാർട്ടി നേതാക്കളെയും വീട്ടിൽ വെച്ച് കണ്ടിട്ടുണ്ടെന്ന് രാജീവ് മാധ്യമങ്ങളോട് പറഞ്ഞു. മോൻസന്റെ വീട്ടിൽ വെച്ച് കണ്ട മറ്റ് രാഷ്ട്രീയ നേതാക്കളുടെ പേരുകൾ വെളിപ്പെടുത്താൻ രാജീവ് തയ്യാറായില്ല.
'ഞാൻ 1.68 കോടി രൂപ കൊടുത്തിട്ടുണ്ട്. എന്റെയൊരു സുഹൃത്താണ്, ഫണ്ട് ക്ലിയർ ചെയ്യാനുണ്ടെന്നും സഹായിക്കണമെന്നും പറഞ്ഞപ്പോഴാണ് പണം നൽകിയത്. പണം തിരികെ തരാതെ ഒരു വർഷം കഴിഞ്ഞു. അതിനാലാണ് പരാതിയുമായി പോയത്. കെ സുധാകരനെ മോൻസന്റെ വീട്ടിൽ ഒന്ന്-രണ്ട് തവണ കണ്ടിരുന്നു. ബന്ധങ്ങൾ പറഞ്ഞ് വിശ്വസിപ്പിച്ചും രേഖകൾ കാണിച്ച് വിശ്വസിപ്പിച്ചതുകൊണ്ടുമാണ് പണം നൽകിയത്. എല്ലാ രാഷ്ട്രീയ പാർട്ടിയിലെയും നേതാക്കളെ മോൻസന്റെ വീട്ടിൽ വെച്ച് കണ്ടിരുന്നു.അവരുടെ പേരുകൾ ഇപ്പോൾ വെളിപ്പെടുത്താൻ താത്പര്യപ്പെടുന്നില്ല,' - രാജീവ് പറഞ്ഞു.
അതേ സമയം മോൻസൻ മാവുങ്കൽ ശിൽപങ്ങൾ വാങ്ങിയ വകയിൽ 70 ലക്ഷം രൂപ നൽകാനുണ്ടെന്ന് ശിൽപി സുരേഷ് മാധ്യമങ്ങളോട് വെളിപ്പെടുത്തി. തന്റെ ശിൽപങ്ങൾ തിരിച്ചു കിട്ടണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശിയായ സുരേഷ് ക്രൈംബ്രാഞ്ചിനു പരാതി നൽകി.
മോൻസന്റെ അമേരിക്കയിലുള്ള ബന്ധുവഴിയാണ് പരിചയപ്പെടുന്നതെന്നാണ് സുരേഷ് പൊലീസിനോട് പറഞ്ഞത്. 2018 ഡിസംബർ മുതൽ മോൻസനെ അറിയാം. താൻ ചെയ്ത ശിൽപ്പം നേരിൽ കണ്ട് ഇഷ്ടപ്പെട്ടാണ് മോൻസൻ വാങ്ങിയത്. ഒന്നരമാസം കഴിഞ്ഞ് പൈസ തരാമെന്നാണ് പറഞ്ഞിരുന്നത്. ആറോളം ശിൽപം വാങ്ങി. പലതവണ ചോദിച്ചെങ്കിലും അവധി പറഞ്ഞു. താൻ അസുഖബാധിതനായി കിടന്നപ്പോൾ പണം ആവശ്യപ്പെട്ടു. അപ്പോൾ 7 ലക്ഷം രൂപ തന്നു. പിന്നീട് കോവിഡ് വന്നപ്പോൾ വീണ്ടും അവധി പറയുകയായിരുന്നു.
മോൻസൻ തട്ടിപ്പുകാരനാണെന്ന് അറിയില്ലായിരുന്നെന്നാണ് സുരേഷ് പൊലീസിനോട് പറഞ്ഞത്. സാധാരണ തടിയിലാണ് ശിൽപങ്ങൾ ചെയ്തു കൊടുത്തത്. അതിൽ നിറം അടിച്ചതായി പിന്നീട് അറിയാൻ കഴിഞ്ഞു. പരാതി കൊടുക്കാതിരുന്നാൽ തന്നെയും പൊലീസ് അറസ്റ്റു ചെയ്യുമെന്നു ഭയന്നാണ് പരാതി നൽകിയത്. വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് മോൻസനു ശിൽപങ്ങൾ നൽകിയതെന്നും വലിയ നഷ്ടമാണ് ഉണ്ടായതെന്നും സുരേഷ് പറയുന്നു.
അതേസമയം മോൻസന്റെ കൊച്ചിയിലെ വീട്ടിൽ നിന്നും കണ്ടെത്തിയ ആനക്കൊമ്പ് വ്യാജമാണെന്ന് വനം വകുപ്പിന്റെ പരിശോധനയിൽ വ്യക്തമായി. ഇത് ഒട്ടകത്തിന്റെ എല്ലാണോയെന്ന് സംശയിക്കുന്നെന്നും വനം വകുപ്പ് റിപ്പോർട്ട് നൽകി. ഇവ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിലേക്ക് പരിശോധനയ്ക്ക് അയക്കും. ക്രൈം ബ്രാഞ്ച് സംഘം മോൻസന്റെ ചേർത്തലയിലെ വീട്ടിലും ഇന്ന് പരിശോധന നടത്തി. മൂന്നര മണിക്കൂർ സമയം ഉദ്യോഗസ്ഥർ ഇവിടെയുണ്ടായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ