- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രവാസി വനിതയ്ക്ക് പഞ്ചനക്ഷത്ര ഹോട്ടലിൽ താമസിക്കാൻ ചെലവഴിച്ചത് ലക്ഷങ്ങൾ; കലിംഗ കല്യാൺ ഫൗണ്ടേഷൻ കടലാസ് സംഘടന; വ്യാജ സീൽ നിർമ്മിച്ചു കൊടുത്തത് അമേരിക്കക്കാരനായ ബന്ധു; മോൻസൺ തട്ടിപ്പിന് ഉപയോഗിച്ച പുരാവസ്തുകൾക്ക് 'കായംകുളം കൊച്ചുണ്ണിയുമായും' ബന്ധം
കൊച്ചി: മോൻസൺ മാവുങ്കൽ തട്ടിപ്പിന് മറയാക്കിയ കലിംഗ കല്യാൺ ഫൗണ്ടേഷൻ കടലാസ് സംഘടനയാണെന്ന് കണ്ടെത്തി ക്രൈംബ്രാഞ്ച് അന്വേഷണം. കലിംഗയിലെ പങ്കാളികളെ ചോദ്യംചെയ്യും. ഫൗണ്ടേഷൻ ഡയറക്ടർമാരും പ്രമോട്ടർമാരുമായി ബംഗളൂരു മലയാളികളാണ് പ്രവർത്തിച്ചിരുന്നത്. ഇവരിൽ ഒരാളിൽ നിന്ന് രണ്ട് കോടി രൂപ മോൻസൺ തട്ടിയതായാണ് വിവരം.
പ്രവാസി വനിതയ്ക്കടക്കം പഞ്ചനക്ഷത്ര ഹോട്ടലിൽ താമസമൊരുക്കാൻ മോൻസൺ ലക്ഷങ്ങൾ ചെലവഴിച്ചിട്ടുണ്ട്. ഇടപാടുകാരെ കബളിപ്പിക്കാൻ ഉപയോഗിച്ച എച്ച്.എസ്.ബി.സി ബാങ്കിന്റെ സീൽ പതിച്ച വ്യാജരേഖ അമേരിക്കയിലെ ബന്ധു മോൻസണ് നിർമ്മിച്ചു നൽകിയതാണെന്നാണ് ഡ്രൈവർ അജിയുടെ മൊഴിയും അന്വേഷണ സംഘം ഗൗരവത്തോടെ എടുത്തിട്ടുണ്ട്. വ്യാജരേഖ നിർമ്മാണത്തെക്കുറിച്ചോ സഹായം നൽകിയവരെക്കുറിച്ചോ മോൻസൺ ഒന്നും പറഞ്ഞിട്ടില്ല. ഇത് കണ്ടെത്താനാണ് ഇനിയുള്ള ശ്രമം.
മോൻസൺന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. തട്ടിപ്പുകൾ ക്രൈംബ്രാഞ്ച് വിവിധ സംഘങ്ങളായിഅന്വേഷിക്കും. സാമ്പത്തിക ഇടപാടുകൾ കണ്ടെത്താൻ ഇയാളുടെ സമൂഹ മാധ്യമ അക്കൗണ്ടുകളും ഫോൺകോൾ രേഖകളും (സി.ഡി.ആർ.) സമഗ്രമായി പരിശോധിക്കും. അഞ്ചു വർഷത്തെ സി.ഡി.ആർ. ശേഖരിക്കാനാണ് അന്വേഷണ സംഘത്തിന്റെ പദ്ധതി. കലൂരിലെ വീട്ടിൽ നിരന്തരമായി സന്ദർശിച്ചവരെയും സമൂഹ മാധ്യമങ്ങളിലൂടെ പുരാവസ്തു വിഷയത്തിൽ ആശയവിനിമയം നടത്തിയവരെയും ചോദ്യം ചെയ്യും. ഇവിടെ സ്ഥാപിച്ച സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിക്കും.
മോൻസൺന്റെ തട്ടിപ്പിനെക്കുറിച്ചു വിശദമായി പരിശോധിക്കും. ഏതൊക്കെ അക്കൗണ്ട് വഴിയാണു കോടികളുടെ പണമിടപാടു നടന്നതെന്നു കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി സിറ്റിയിലെയും സൈബർ പൊലീസിലെയും പത്ത് ഉദ്യോഗസ്ഥരെ ഉൾപ്പടെുത്തി അന്വേഷണ സംഘം വിപുലീകരിച്ചു. അന്വേഷണ സംഘത്തിന്റെ യോഗം തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഓഫീസിൽ ചേർന്നു. ക്രൈം ബ്രാഞ്ച് മേധാവി എസ്. ശ്രീജിത് ഓൺലൈനിലൂടെ യോഗത്തിൽ പങ്കെടുത്തു.
അതേസമയം തന്നെ, മോൻസൺ തട്ടിപ്പിന് ഉപോയഗിച്ച പല വസ്തുക്കളും സിനിമ ചിത്രീകരണത്തിന് വേണ്ടി തയ്യാറാക്കിയതാണെന്ന വിവരങ്ങളും പുറത്ത് വന്നിട്ടുണ്ട്. താൻ കൈമാറിയ പല വസ്തുക്കളും മോൻസൺ ചരിത്രാതീത കാലത്തെ അപൂർവ ശേഖയാക്കി തട്ടിപ്പ് നടത്തുകയായിരുന്നുവെന്നാണ് മോൻസണെതിരേ പുതിയ പരാതിയുമായി രംഗത്തെത്തിയ തിരുവനന്തപുരം കിളിമാനൂർ പോങ്ങനാട് സ്വദേശി സന്തോഷ് വെളിപ്പെടുത്തിയത്. സന്തോഷിൽ നിന്നും വാങ്ങിയ പല വസ്തുക്കളും 'എന്ന് നിന്റെ മൊയ്തീൻ', 'കായംകുളം കൊച്ചുണ്ണി' തുടങ്ങി പല സിനിമകളിലും പുരാവസ്തുവായി ഉപയോഗിച്ചതാണ്. 30 ലക്ഷം രൂപയും മൂന്നുകോടിയുടെ പുരാശേഖരവും വാങ്ങിയശേഷം മോൻസൺ തന്നെ കബളിപ്പിക്കുകയായിരുന്നെന്നും സന്തോഷ് പരാതിയിൽ പറയുന്നു. ശബരിമലയിലെ ആചാരങ്ങളുമായി ബന്ധപ്പെട്ട രേഖ എന്ന പേരിൽ മോൻസൺ മാവുങ്കൽ പ്രചരിപ്പിച്ച ചെമ്പോലയുടെ ഉറവിടം ഇതുവരെ വ്യക്തമായിട്ടില്ല.
ചെമ്പോല കൈമാറിയത് താനാണെന്ന് അവകാശപ്പെട്ട് പുരാവസ്തു കച്ചവടക്കാരനായ പി.എൻ. ഗോപാലകൃഷ്ണമേനോൻ രംഗത്ത് എത്തിയിട്ടുണ്ട്. ഇടനിലക്കാരനായ സന്തോഷിന് താനാണ് ചെമ്പോല കൈമാറിയതെന്നാണ് ഇദ്ദേഹത്തിന്റെ അവകാശവാദം. സിനിമയ്ക്കുവേണ്ടിയെന്ന് പറഞ്ഞാണ് സന്തോഷ് ചെമ്പോല വാങ്ങിയത്. ശബരിമലയിലെ വെടിവഴിപാടിനെക്കുറിച്ചായിരുന്നു ചെമ്പോലയിൽ എഴുതിയിരുന്നതെന്നും ഗോപാലകൃഷ്ണൻ പറയുന്നു.
അതേസമയം, മോൻസൺ മാവുങ്കലിന്റെ ശേഖരത്തിൽനിന്നു വ്യാജചെമ്പോല കണ്ടെത്തിയ സംഭവത്തിൽ നിയമനടപടി ആവശ്യപ്പെട്ട് ബിജെപി നേതാക്കൾ രംഗത്ത് എത്തി. ശബരിമലയെ തകർക്കാൻ പിണറായി സർക്കാരിന് വേണ്ടി പുരാവസ്തു വിൽപ്പനയുടെ പേരിൽ തട്ടിപ്പ് നടത്തിയ കേസിലെ പ്രതി മോൻസൻ മാവുങ്കൽ പ്രവർത്തിച്ചുവെന്നയിരുന്നു ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ ആരോപിച്ചത്. ഒരു വിഭാഗത്തിന്റെ വിശ്വാസം തകർക്കാൻ ഉണ്ടാക്കിയ വ്യാജനിർമ്മിതി സർക്കാരിന് വേണ്ടിയാണെന്നത് ഗൗരവതരമാണെന്നും സുരേന്ദ്രൻ അഭിപ്രായപ്പെട്ടിരുന്നു.
മറുനാടന് മലയാളി ബ്യൂറോ